തിരുവനന്തപുരം: സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വഞ്ചനയിൽ പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്ത് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്. തിരുവനന്തപുരം സെക്രട്ടറിയറ്റിനു മുന്നിലെ സമരപ്പന്തലിൽ വെച്ചാണ് ഉദ്യോഗാർഥികൾ തല മുണ്ഡനം ചെയ്ത് പ്രതിഷേധം കടുപ്പിച്ചത്. ഇനി മുതൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്നും ഉദ്യോഗാർഥികൾ അറിയിച്ചു.
സർക്കാരിന്റെ ഭാഗത്തുനിന്ന് തങ്ങളുടെ ന്യായമായ ആവശ്യങ്ങളിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ തല മുണ്ഡനം ചെയ്ത് നിരാഹാരം ആരംഭിക്കുമെന്ന് സമരസമിതി കൺവീനർ വളർമതി മുൻപ് വ്യക്തമാക്കിയിരുന്നു. എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു തീരുമാനവും ഉണ്ടാകാഞ്ഞ പശ്ചാത്തലത്തിലാണ് ഉദ്യോഗാർഥികൾ സമരം കൂടുതൽ ശക്തമാക്കിയത്.
സെക്രട്ടറിയേറ്റിന് മുന്നിൽ മാസങ്ങളായി തുടർന്നുപോരുന്ന എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരം തുടർച്ചയായി അവഗണിക്കപ്പെട്ടതിനെ തുടർന്നാണ് തല മുണ്ഡനം ചെയ്യുന്ന ഘട്ടത്തിലേക്ക് എത്തിയത്. മുൻപ് സർക്കാർ ചില ഉറപ്പുകൾ നൽകിയിരുന്നെങ്കിലും പിന്നീട് കച്ചവട മനോഭാവത്തോടെയാണ് സംസാരിക്കുന്നതെന്നും, സമരം അവസാനിപ്പിച്ചാൽ മാത്രമേ ആവശ്യങ്ങൾ പരിഗണിക്കൂ എന്ന് ഭിക്ഷ നൽകുന്നത് പോലെയാണ് അധികാരികൾ പറയുന്നതെന്നും ഉദ്യോഗാർഥികൾ ആരോപിച്ചു.
അധ്യാപക-വിദ്യാർഥി അനുപാതം 1:25 ആയി പുനർനിശ്ചയിച്ച് ഒഴിവുകൾ സൃഷ്ടിക്കുക, നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് കൃത്യമായി നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഉദ്യോഗാർഥികൾ മുന്നോട്ട് വെക്കുന്നത്. തീരുമാനമുണ്ടാകുന്നത് വരെ മരണം വരെ നിരാഹാര സമരവുമായി മുന്നോട്ട് പോകാനാണ് റാങ്ക് ഹോൾഡർമാരുടെ തീരുമാനം.