തിരുവനന്തപുരം: തൊഴിൽ വകുപ്പിനു കീഴിലുള്ള വിവിധ ക്ഷേമനിധി ബോർഡുകളിൽ വൻ അഴിമതികളും ക്രമക്കേടുകളും നടക്കുന്നതായി വിജിലൻസ് പരിശോധനയിൽ കണ്ടെത്തി.
തൊഴിലാളികൾ, തൊഴിലുടമകൾ എന്നിവരിൽനിന്നു പിരിച്ചെടുക്കുന്ന അംശാദായം ചില ഉദ്യോഗസ്ഥർ ക്ഷേമനിധിയിൽ അടയ്ക്കാതെ വെട്ടിപ്പു നടത്തുന്നു. ക്ഷേമനിധി തുക മൊത്തമായി ചിലർ അപഹരിക്കുന്നതായും കണ്ടെത്തി.
തൊഴിൽ വകുപ്പിനു കീഴിലുള്ള ക്ഷേമനിധി ബോർഡുകളിലെ അഴിമതിയും ക്രമക്കേടുകളും കണ്ടെത്താൻ "ഓപ്പറേഷൻ വെൽഫയർ ഫണ്ട്' എന്ന പേരിൽ വിജിലൻസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലാണ് ഒട്ടേറെ ക്രമക്കേടുകൾ കണ്ടെത്തിയത്.
അനധികൃത പ്രതിഫലം കൈപ്പറ്റി അർഹതയില്ലാത്തവർക്ക് ക്ഷേമനിധി ബോർഡ് പെൻഷനും മറ്റു ക്ഷേമ ആനുകൂല്യങ്ങളും അനുവദിച്ചതുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തതായാണു വിവരം. വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ ആനുകൂല്യങ്ങൾ അനുവദിച്ചിരുന്നു. മരിച്ചവരുടെ പെൻഷൻ അക്കൗണ്ട് വിവരങ്ങളിൽ മാറ്റം വരുത്തി തുടർന്നും പെൻഷൻ നൽകി വരുന്നു. ഒരു വ്യക്തിക്കു തന്നെ ഒന്നിലധികം തവണ ഒരേ ആനുകൂല്യങ്ങൾ അനുവദിക്കുന്നതായും വിജിലൻസ് പരിശോധനയിൽ കണ്ടെത്തി.
അംശാദായ നിരക്കുകൾ സർക്കാർ പരിഷ്കരിച്ചിട്ടും പഴയ നിരക്കിൽ തുക ഈടാക്കുന്ന ബോർഡുകളുമുണ്ട്. തൊഴിലുടമാ വിഹിതം തിരികെ നൽകുന്പോൾ വരുത്തേണ്ട കുറവുകൾ വരുത്താതിരിക്കുക, അംഗങ്ങളുടെ വായ്പാ ബാധ്യതകൾ ഈടാക്കാതെ ക്ഷേമനിധി വിഹിതം അനുവദിക്കൽ, എക്സ്ഗ്രേഷ്യാ ആനുകൂല്യങ്ങൾ അനർഹർക്ക് വിതരണം ചെയ്യൽ തുടങ്ങിയ ക്രമക്കേടുകളുടെ വിവരവും ലഭിച്ചതായാണ് അറിയുന്നത്.
വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാമിന്റെ നിർദേശപ്രകാരം തൊഴിൽ വകുപ്പിനു കീഴിലുള്ള 16 ക്ഷേമനിധി ബോർഡുകളുടെ തെരഞ്ഞെടുത്ത 78 ഓഫീസുകളിലായിരുന്നു മിന്നൽ പരിശോധന. ഇന്നലെ രാവിലെ 10.30ന് ആരംഭിച്ച വിജിലൻസ് പരിശോധന രാത്രി വൈകിയും തുടരുകയാണ്.