ചിലന്തിയുടെ രൂപത്തിലുള്ള പടുകൂറ്റൻ ഗർത്തം! നാസ പുറത്തുവിട്ട ചിത്രങ്ങൾ കണ്ട് എല്ലാവരും അന്പരന്നു! ഇതെങ്ങനെ സംഭവിച്ചു? പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ കിംബെർലിയിലാണു വിചിത്ര ഗർത്തം സ്ഥിതി ചെയ്യുന്നത്. യുഎസ് ബഹിരാകാശ ഏജൻസി നാസയും യുഎസ്ജിഎസും ചേർന്നു വികസിപ്പിച്ച ലാൻഡ്സാറ്റ് 9 - ഉപഗ്രഹത്തിലെ 'ഓപ്പറേഷണൽ ലാൻഡ് ഇമേജർ' ആണ് ഗർത്തത്തിന്റെ വിസ്മയചിത്രങ്ങൾ പകർത്തിയത്.
ദീർഘവൃത്താകൃതിയിൽ സ്ഥിതി ചെയ്യുന്ന 'സ്പൈഡർ ക്രേറ്ററി'ന് ഏകദേശം 13 കിലോമീറ്റർ നീളവും 11 കിലോമീറ്റർ വീതിയുമാണുള്ളത്. കേന്ദ്രഭാഗത്തിനുമാത്രം ഏകദേശം നാലു കിലോമീറ്റർ വിസ്തൃതിയുണ്ട്. അതിശക്തമായ ഉൽക്കാപതനത്തെത്തുടർന്ന് താഴ്ന്നുപോയ ഭാഗം ചിലന്തിരൂപത്തിലുള്ള ഗർത്തമായി മാറുകയായിരുന്നുവെന്ന് ഭൗതികശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ചുറ്റുമുള്ള പാറകൾ കാലക്രമേണ മണ്ണൊലിപ്പിലൂടെ നശിച്ചുപോയപ്പോൾ, തിളക്കമുള്ളതും ചിലന്തിപോലെയുള്ള മണൽക്കല്ലുകളുടെ അവശിഷ്ടങ്ങൾ മാത്രം ബാക്കിയാവുകയായിരുന്നു.
'സ്പൈഡർ ക്രേറ്റർ' അഗ്നിപർവത സ്ഫോടനത്തിലൂടെ ഉണ്ടായതെന്നാണു ഗവേഷകർ വിശ്വസിച്ചിരുന്നത്. പിന്നീടു നടന്ന പഠനത്തിലാണ് ഇത് ഉൽക്കാപതനത്തിന്റെ ഫലമായി സംഭവിച്ചതാണെന്നു മനസിലായത്. എങ്കിലും ഉൽക്കാപതനം കൃത്യമായി എപ്പോഴാണു സംഭവിച്ചതെന്ന് ഇനിയും വ്യക്തതവരുത്താൻ കഴിഞ്ഞിട്ടില്ല.