പയ്യന്നൂര്‍: ലാപ്ടോപ്പ് പൊട്ടിത്തെറിച്ച് വീടിനു തീപിടിച്ച് വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു. ആളപായമില്ല. അന്നൂര്‍ ശാന്തിഗ്രാം - കിസാന്‍ കൊവ്വല്‍ റോഡില്‍ താമസിക്കുന്ന വി.പി. പ്രസന്നകുമാറിന്റെ ഉഷസ് എന്ന വീടിനാണു തീ പിടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം.
ചാര്‍ജ് ചെയ്യാനായി വച്ചിരുന്ന ലാപ്ടോപ്പ് പൊട്ടിത്തെറിച്ചാണ് തീപിടിത്തം. ഹാളിലെ സോഫയില്‍ ലാപ്ടോപ്പ് ചാര്‍ജ് ചെയ്യാന്‍ വച്ചശേഷം പ്രസന്നകുമാറും ഭാര്യയും വീട് പൂട്ടി പുറത്തേക്ക് പോയതായിരുന്നതിനാല് സംഭവസമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. അരമണിക്കൂറിനു ശേഷം ഇവര്‍ തിരിച്ചെത്തിയപ്പോള്‍ വീട്ടിനുള്ളില്‍നിന്നു തീയും പുകയും ഉയരുന്നതാണ് കണ്ടത്.
ഉടന്‍തന്നെ ഫയർഫോഴ്സിൽ വിവരമറിയിച്ചതിനെത്തുടര്‍ന്നെത്തിയ സ്റ്റേഷന് ഓഫിസര്‍ സി.പി. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം തീ അണയ്ക്കുകയായിരുന്നു.
തീപിടിത്തത്തില്‍ വീടിനുള്ളിലെ സോഫ സെറ്റ്, കസേരകള്‍, വാച്ച്, ചുവരിലെ ഫോട്ടോകള്‍ എന്നിവ കത്തിനശിച്ചു. വീടിന്റെ ചുമരുകള്‍ക്കു വിള്ളലുണ്ടായി.
സംഭവസമയത്ത് കുടുംബാംഗങ്ങള്‍ പുറത്തായിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ലാപ്ടോപ് അമിതമായി ചൂടായതാണ് തീപിടിത്തത്തിനു കാരണമെന്നാണ് അഗ്നിരക്ഷാസേനയുടെ പ്രാഥമിക നിഗമനം.