ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണ കേസിൽ ലഷ്കർ ഇ തൊയ്ബ തലവൻ ഹാഫിസ് സയീദിനെ മുഖ്യപ്രതിയാക്കി ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ പ്രത്യേക കോടതിയിൽ തിങ്കളാഴ്ചയാണ് നിർണായകമായ ഈ കുറ്റപത്രം നൽകിയത്.
26 പേരുടെ ജീവനെടുത്ത ഭീകരാക്രമണം ഹാഫിസ് സയീദ് പാക്കിസ്ഥാനിലിരുന്ന് നേരിട്ട് ആസൂത്രണം ചെയ്തതാണെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
2025 ഏപ്രിൽ 22ന് ഭീകരർ നടത്തിയ വെടിവെപ്പിൽ 25 വിനോദസഞ്ചാരികളും ഒരു പ്രാദേശിക ഗൈഡും ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ടിരുന്നു. ഈ ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന ഡിജിറ്റൽ വിവരങ്ങളും ശാസ്ത്രീയ, ഫോറൻസിക് തെളിവുകളും എൻഐഎ കോടതിയിൽ സമർപ്പിച്ചു.
1,597 പേജുള്ള വിപുലമായ കുറ്റപത്രമാണ് ഇപ്പോൾ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. നേരത്തെ 2025 ഡിസംബറിൽ സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ പാക്കിസ്ഥാനിലെ മറ്റൊരു സൂത്രധാരനായ സാജിദ് ജാട്ടിനെ പ്രതി ചേർത്തിരുന്നു. കൂടാതെ കഴിഞ്ഞ ജൂലൈയിൽ നടന്ന ഓപ്പറേഷൻ മഹാദേവിൽ സൈന്യം വധിച്ച മൂന്ന് ഭീകരരെക്കുറിച്ചുള്ള വിവരങ്ങളും പുതിയ കുറ്റപത്രത്തിലുണ്ട്.