വത്തിക്കാൻ സിറ്റി: പെറു, അർജന്റീന, ഉറുഗ്വേ എന്നീ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്റെ ഓർമകളും അനുഭവങ്ങളും പങ്കുവച്ച് ലെയോ പതിനാലാമൻ മാർപാപ്പ.
കഴിഞ്ഞ ആറുമുതൽ 17 വരെ നീണ്ടുനിന്ന യാത്ര ദൈവത്തിന്റെ പ്രത്യേക സമ്മാനമായിരുന്നുവെന്ന് വത്തിക്കാനിൽ ഇന്നലെ നടന്ന പ്രതിവാര പൊതുകൂടിക്കാഴ്ചയിൽ മാർപാപ്പ അനുസ്മരിച്ചു. യാത്രയിലുടനീളം പരിശുദ്ധ കന്യകമറിയത്തിന്റെ സാന്നിധ്യവും സംരക്ഷണവും തനിക്കൊപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സാഹചര്യങ്ങളും ചരിത്രപരമായ വെല്ലുവിളികളും നിലനിൽക്കുമ്പോഴും പ്രാദേശികസഭകളിലെ വിശ്വാസികളുടെ വിശ്വാസതീക്ഷ്ണത നേരിൽ കാണാൻ ഈ യാത്രയിലൂടെ സാധിച്ചു. ദൈവവചനം ശ്രവിക്കുന്നതിലൂടെയും വിശുദ്ധ കൂദാശകളിലൂടെയും ഉപവിപ്രവർത്തനങ്ങളിലൂടെയും സഭയെ ഐക്യത്തിന്റെ അടയാളവും ഉപകരണവുമാക്കി മാറ്റാൻ പരിശുദ്ധാത്മാവ് എങ്ങനെയാണു സഹായിക്കുന്നതെന്ന് എല്ലായിടത്തും കാണാൻ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉറുഗ്വേയിലെ ജനങ്ങൾക്കു രക്ഷയുടെ സന്ദേശമാണു താൻ നൽകിയതെന്ന് മാർപാപ്പ ഓർമിച്ചു. സന്ദർശനത്തിന്റെ രണ്ടാംഘട്ടമായ അർജന്റീനയിൽ, ഫ്രാൻസിസ് മാർപാപ്പയുടെ ജന്മനാട്ടിലെ വിശ്വാസികൾ വലിയ ആവേശത്തോടെയാണു തന്നെ വരവേറ്റത്.
താൻ മിഷനറിയായും ബിഷപ്പായും സേവനമനുഷ്ഠിച്ച പെറുവിലെ ജനങ്ങളുടെ സ്നേഹവും വിശ്വാസവും നിറഞ്ഞ ആലിംഗനം തനിക്ക് അനുഭവിക്കാൻ കഴിഞ്ഞുവെന്ന് മാർപാപ്പ പറഞ്ഞു.
പെറുവിലെ ജനങ്ങളോട് തനിക്കു വലിയ കടപ്പാടുള്ളതുകൊണ്ടാണ് അവിടെ കുറച്ചുകൂടി കൂടുതൽ ദിവസം ചെലവഴിച്ചത്. 2015 മുതൽ 2023 വരെ താൻ ബിഷപ്പായിരുന്ന ചിക്ലായോയിൽ എത്തിയപ്പോൾ സ്വന്തം വീട്ടിലെത്തിയ പ്രതീതിയായിരുന്നു. ലളിതവും ആത്മാർഥവുമായ വിശ്വാസമാണ് അവിടെ കാണാൻ കഴിഞ്ഞതെന്നും മാർപാപ്പ അനുസ്മരിച്ചു.