റോം: ലാറ്റിനമേരിക്കൻ സന്ദർശനത്തിന് തുടക്കംകുറിച്ച് ലെയോ പതിനാലാമൻ മാർപാപ്പ ഉറുഗ്വെയിലെത്തി.
റോമിൽനിന്നു 14 മണിക്കൂർ നീണ്ട വിമാനയാത്രയ്ക്കുശേഷം പ്രാദേശികസമയം വൈകുന്നേരം 4.30 ഓടെ (ഇന്ത്യൻ സമയം ഇന്നു പുലർച്ചെ രണ്ട്) യാണു മാർപാപ്പ തലസ്ഥാനമായ മോണ്ടെവീദിയോ കാരാസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നത്. പ്രൗഢഗംഭീരമായ വരവേല്പാണു വിമാനത്താവളത്തിൽ ഒരുക്കിയിരുന്നത്.
തുടർന്ന് നഗരത്തിലെ പ്ലാസ ഇൻഡിപെൻഡൻസിയയിൽ ഔദ്യോഗിക സ്വീകരണത്തിനുശേഷം എസ്റ്റെവെസ് കൊട്ടാരത്തിൽ ഉറുഗ്വെ പ്രസിഡന്റ് യമണ്ടു ഓർസിയുമായി കൂടിക്കാഴ്ച നടത്തി. ആദ്യദിന പരിപാടികളുടെ ഭാഗമായി മോണ്ടെവിദിയോ മെട്രോപൊളിറ്റൻ കത്തീഡ്രലിൽ നടന്ന സായാഹ്ന പ്രാർഥനയിലും മാർപാപ്പ പങ്കെടുത്തു.
12 ദിവസം നീണ്ടുനിൽക്കുന്ന യാത്രയിൽ അർജന്റീന, പെറു എന്നീ രാജ്യങ്ങളും മാർപാപ്പ സന്ദർശിക്കും. രണ്ടു പതിറ്റാണ്ടോളം മിഷനറിയായും മെത്രാനായും താൻ സേവനമനുഷ്ഠിച്ച പെറുവിലേക്ക് 11നാണ് മാർപാപ്പ എത്തുക. സന്ദർശനം പൂർത്തിയാക്കി 17ന് മാർപാപ്പ റോമിൽ തിരിച്ചെത്തും.