കേളകം: സംസ്ഥാന സർക്കാരിനും കേളകം പഞ്ചായത്ത് ഭരണസമിതിക്കുമെതിരേ ഇടത് മുന്നണി നടത്തുന്ന പ്രക്ഷോഭ സമരങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് പഞ്ചായത്ത് ഭരണസമിതി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
മുൻ സാമ്പത്തിക വർഷങ്ങളിലെയും നിലവിലെയും പ്ലാൻ ഫണ്ട് വിഹിതത്തിലെ വ്യതിയാനങ്ങളും അനുവദിച്ച തുകയും തമ്മിലുള്ള വ്യത്യാസങ്ങൾ കണക്കുകൾ സഹിതം നിരത്തിയാണ് പ്രസിഡന്റ് ലിസി ജോസഫും ഭരണസമിതി അംഗങ്ങളും എതിർപ്പ് പ്രകടിപ്പിച്ചത്. കഴിഞ്ഞ കാലങ്ങളിൽ വൻ തുകകൾ ലഭിക്കാതിരുന്നപ്പോൾ പ്രതിഷേധിക്കാത്തവരാണ് ഇപ്പോൾ ചെറിയൊരു വ്യത്യാസത്തിന്റെ പേരിൽ രാഷ്ട്രീയ നേട്ടത്തിനായി തെറ്റിദ്ധാരണ പരത്തുന്നതെന്നും പഞ്ചായത്ത് അധികൃതർ കുറ്റപ്പെടുത്തി. എംജി റോഡ്സ് ബജറ്റ് അലോക്കേഷനിൽ 4,47,08,000 രൂപ പ്രഖ്യാപിച്ചെങ്കിലും അലോട്ട്മെന്റായി ലഭിച്ചത് 2,61,79,000 രൂപ മാത്രമാണ്. എങ്കിലും തനത് ഫണ്ടും മറ്റും കൂട്ടിച്ചേർത്ത് 3,17,35,000 രൂപ വകയിരുത്തി പഞ്ചായത്തിലെ 14 വാർഡുകളിലെയും റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർണമായി ഏറ്റെടുക്കാൻ ഭരണസമിതിക്ക് സാധിച്ചു.
മഞ്ഞളാംപുറം 12-ാം വാർഡിൽ മാത്രം 25 ലക്ഷത്തിലധികം രൂപയുടെ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. വളയംചാൽ, കോച്ചുകുളം, കരിയംകാപ്പ്, രാമച്ചി മേഖലകളിലെ തകർന്ന ആനമതിലുകളുടെ പുനർനിർമാണത്തിനായി തുക വകയിരുത്തി റീ-ടെൻഡർ നടപടികൾ ആരംഭിച്ചതായും ഭരണസമിതിയംഗങ്ങൾ പറഞ്ഞു. പത്രസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് എ. ബിജു ചാക്കോ, പഞ്ചായത്തംഗങ്ങളായ ജയ്മോൻ കൊച്ചറയ്ക്കൽ, ജോർജുകുട്ടി താന്നുവേലിൽ, അബ്ദുൾ സലാം, ബിനു എടാൻ, ഷിജി സുരേന്ദ്രൻ, സുനിത രാജു വാത്യാട്ട് എന്നിവർ പങ്കെടുത്തു.