കോട്ടയം: ദീപികയുടെ 140 വർഷത്തെ യാത്ര പ്രതിബദ്ധത, ധൈര്യം, വിശ്വാസ്യത, പൊതുസേവനം എന്നിവയുടെ ശ്രദ്ധേയമായ പൈതൃകമാണെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, വിദ്യാഭ്യാസത്തിനും ആശയവിനിമയത്തിനുമുള്ള പ്രവേശനം പരിമിതമായിരുന്ന ഒരു സമയത്ത് ഒരു പത്രം സ്ഥാപിക്കുന്നതിന് അസാധാരണമായ ദൃഢനിശ്ചയവും കാഴ്ചപ്പാടും ആവശ്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ദീപികയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതോത്തര റൂബി ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നിർവ ഹിച്ചു പ്രസംഗിക്കുകയായിരുന്നു സി.പി. രാധാകൃഷ്ണന്.
തലമുറകളായി സാമൂഹിക ഐക്യം, വിദ്യാഭ്യാസം, സംസ്കാരം, ക്രിയാത്മകമായ പൊതുസംവാദം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തിന്റെ സാഹിത്യ-സാംസ്കാരിക മേഖലയെ സമ്പന്നമാക്കുന്നതിനും ദീപിക നൽകുന്ന സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു. സത്യസന്ധതയുടെയും പ്രഫഷണലിസത്തിന്റെയും ഉയർന്ന നിലവാരം ഉയർത്തിപ്പിടിച്ചുകൊണ്ട് ദീപിക യുവ പത്രപ്രവർത്തകരെ പ്രചോദിപ്പിക്കുന്നത് തുടരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ജാതി-മത-വര്‍ഗ ഭേദമെന്യേ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും നന്മയും വികസനവും പുലരാന്‍ ദീപിക ശ്രദ്ധവയ്ക്കുന്നു. സത്യം പറയുകയും നേരിന്റെ പക്ഷം ചേരുകയും ചെയ്യുന്ന ദീപികയുടെ നിലപാട് ശ്ലാഘനീയമാണ്. വികസിത ഭാരതത്തെ മുന്നില്‍ക്കണ്ട് ജനമനസില്‍ ശുഭചിന്തയും പ്രത്യാശയും ജനിപ്പിക്കുന്നതില്‍ ദീപിക പ്രതിജ്ഞാബദ്ധമാണ്.
പണ്ഡിതനും സാമൂഹിക പരിഷ്കര്‍ത്താവുമായിരുന്ന നിധീരിക്കല്‍ മാണിക്കത്തനാര്‍ 1887ല്‍ ദീപിക സ്ഥാപിച്ചത് കുലീന ദര്‍ശനങ്ങളെ മുന്നില്‍ക്കണ്ടാണ്. സ്വാതന്ത്ര്യസമരത്തിന് ഉണര്‍വും ആവേശവും പകരുന്നതില്‍ ദീപിക ചെയ്ത സേവനം എക്കാലവും സ്മരിക്കപ്പെടും.
കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ദീപികയുടെ സംഭാവനകള്‍ ചെറുതല്ല. ദേശീയ വികസനം സാധ്യമാക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്കും ഇടപെടലുകളും ഏറെ പ്രധാനമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ദീപികയുടെ മാനേജ്മെന്റ്, ജീവനക്കാർ, ലേഖകർ, പരസ്യദാതാക്കൾ, വിതരണക്കാർ, വായനക്കാർ എന്നിവരെ അഭിനന്ദിച്ച ഉപരാഷ്ട്രപതി, സമൂഹത്തിനും രാഷ്ട്രത്തിനും വേണ്ടിയുള്ള സേവനത്തിൽ ദീപികയ്ക്ക് ഇനിയും നിരവധി വർഷത്തെ വിജയവും പ്രസക്തിയും മികവും ആശംസിച്ചു.
രാജ്യത്തിനും ജനങ്ങള്‍ക്കും 140 വര്‍ഷമായി ദീപിക സ്തുത്യര്‍ഹമായ സേവനമാണ് അര്പ്പിച്ചുവരുന്നതെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പറഞ്ഞു. ഇക്കാലമത്രയും ഈ പത്രത്തില്‍ സേവനം അനുഷ്ഠിച്ച മാധ്യമപ്രവര്‍ത്തകരുടെ ഔന്നത്യത്തെയും കഠിനാധ്വാനത്തെയും അഭിനന്ദിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂനപക്ഷങ്ങള്‍ക്കും കര്‍ഷകര്‍ക്കുമായി അതിമനോഹര മുഖപ്രസംഗങ്ങള്‍ എഴുതി ശക്തമായി നിലപാട് സ്വീകരിക്കുന്ന പത്രമാണ് ദീപികയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് പറഞ്ഞു.
കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഏറ്റവും ഭംഗിയായി ജനങ്ങളുടെ മുന്നിലെത്തിക്കുന്ന പത്രമാണ് ദീപിക. ദീപിക ചൂണ്ടിക്കാട്ടുന്ന കര്‍ഷകരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് ദീപികയുടെ ഉപഹാരം കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് സമ്മാനിച്ചു. രാഷ്ട്രദീപിക ലിമിറ്റഡ് ചെയര്മാന് ഡോ. ഫ്രാന്‍സിസ് ക്ലീറ്റസ് സ്വാഗതം പറഞ്ഞു. മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടും ചീഫ് എഡിറ്റര്‍ ഫാ. ഡോ. ജോര്‍ജ് കുടിലിലും ചേര്‍ന്ന് ഉപരാഷ്ട്രപതിയെ പൊന്നാട അണിയിച്ചു.
നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മന്ത്രി മോന്‍സ് ജോസഫ്, കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, പശ്ചിമ ബംഗാള്‍ മുന്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് എന്നിവരും പങ്കെടുത്തു. ദീപിക എക്സലന്‍സ് അവാര്‍ഡുകളും ഉപരാഷ്ട്രപതി സമ്മാനിച്ചു.