തൊടുപുഴ: തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓള് കേരള ലീഗല്‍ മെട്രോളജി ലൈസന്‍സീസ് ആൻഡ് ടെക്നീഷ്യന്‍സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പും ചട്ടലംഘനങ്ങളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ മന്ത്രി എം. ലിജുവിന് നിവേദനം നല്കി.
ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ചാര്‍ലി ആന്റണി, ജാഫര്‍ ഖാന് മുഹമ്മദ്, കരിണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാജു ഓടയ്ക്കല്‍, തൊടുപുഴ മുനിസിപ്പല്‍ ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം.എച്ച്. സജീവ് എന്നിവരാണ് പരാതി സമര്‍പ്പിച്ചത്.
2012ല്‍ സംസ്ഥാനതലത്തില്‍ രജിസ്റ്റര്‍ ചെയ്ത സൊസൈറ്റി 13 കോടിയോളം രൂപയുടെ നിക്ഷേപവും 236 എ, ബി ക്ലാസ് അംഗങ്ങളുമായി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. എന്നാല്‍ മുന്‍ സര്‍ക്കാരിന്റെ കാലയളവില്‍ പ്രാദേശിക സിപിഎം നേതാക്കളുടെ പിന്തുണയോടെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയോഗിച്ചതോടെ കഴിഞ്ഞ ആറു വര്‍ഷമായി സംഘത്തിന്റെ ഭരണം സിപിഎം നിയന്ത്രണത്തിലാണെന്ന് നേതാക്കള്‍ ആരോപിച്ചു. ലീഗല്‍ മെട്രോളജി ലൈസന്‍സികള്‍ക്കും ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് അംഗീകൃത ടെക്നീഷ്യന്മാര്ക്കും മാത്രമാണ് വോട്ടവകാശമുള്ള അംഗത്വത്തിന് അര്‍ഹതയുള്ളത്.
എന്നാല്‍ ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി ഡിവൈഎഫ്ഐ, എസ്എഫ്ഐ, സിപിഎം പ്രവര്‍ത്തകരെ നിയമവിരുദ്ധമായി ബി ക്ലാസ് അംഗങ്ങളാക്കി ചേര്‍ത്തു. തുടര്‍ന്ന് ഇവര്‍ക്ക് പരസ്പര ജാമ്യത്തില്‍ കോടിക്കണക്കിന് രൂപയുടെ വായ്പകള്‍ അനുവദിച്ചാണ് ഫണ്ട് തട്ടിയെടുത്തത്. ഒരാള്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വായ്പ നല്കാന് മാത്രമാണ് നിയമമുളളത്. എന്നാല്‍ സംഘത്തിന്റെ മുഴുവന്‍ ഫണ്ടും ചോര്‍ത്തുന്ന രീതിയില്‍ വന്‍തുകകള്‍ വായ്പയായി നല്‍കുകയായിരുന്നു.
അയോഗ്യരായ അംഗങ്ങള്‍ക്കെതിരേ യഥാര്‍ഥ സഹകാരികള്‍ നല്കിയ പരാതിയില്‍ തൊടുപുഴയില്‍ നടന്ന ഹിയറിംഗില്‍ രേഖകള്‍ ഹാജരാക്കാന്‍ കഴിയാതെ വന്നതോടെ സിപിഎം നേതാക്കള്‍ സ്വമേധയാ പുറത്തായിരുന്നു. എന്നാല്‍ ഇവര്‍ കൈപ്പറ്റിയ ലക്ഷക്കണക്കിന് രൂപയുടെ വായ്പകള്‍ ഇപ്പോഴും കുടിശികയായി തുടരുകയാണ്.അഴിമതി സംബന്ധിച്ച് ഓഡിറ്റ് വിഭാഗം സഹകരണ വകുപ്പിന് രേഖാമൂലം റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും ഉന്നത ഉദ്യോഗസ്ഥര്‍ ഇത് പൂഴ്ത്തിവച്ചതായി നേതാക്കള്‍ ആരോപിച്ചു.
സംസ്ഥാനതല സംഘമായതിനാല്‍ നടപടിയെടുക്കേണ്ടത് കേരള സഹകരണ രജിസ്ട്രാറാണെന്ന് ചൂണ്ടിക്കാട്ടി ജില്ലാ രജിസ്ട്രാര്‍ക്കും അസിസ്റ്റന്റ് രജിസ്ട്രാര്‍ക്കും നല്കിയ പരാതികളിലും തുടര്‍നടപടിയുണ്ടായില്ല. നിലവിലെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ പുറത്താക്കി തട്ടിപ്പിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും സഹകാരികളുടെ നിക്ഷേപവും സ്ഥാപനവും സംരക്ഷിക്കാന്‍ അടിയന്തര നിയമനടപടികള്‍ സ്വീകരിക്കണമെന്നുമാണ് നിവേദനത്തില്‍ ആവശ്യപ്പെടുന്നത്.