“കുട്ടിക്കാലത്തു നടന്നതും മനസിൽ തോന്നിയതുമൊക്കെ വലുതാവുന്പോ പലരും മറക്കും.... മറക്കാറാണ് പതിവ്. പക്ഷേ ചാത്തോത്ത് പറന്പിൽ കളിവീട് വച്ച് കളിച്ചതും ഊഞ്ഞാല് കെട്ടിത്തന്നതും ഒന്നും കുട്ടിശങ്കരൻ മറന്നില്ല. മറക്കാൻ പറ്റിയില്ല.”
കമലിന്റെ അഴകിയ രാവണൻ എന്ന സിനിമയിൽ മമ്മൂട്ടിയുടെ ശങ്കർദാസ് നായിക അനുരാധയോട് (ഭാനുപ്രിയ) പറയുന്ന ഡയലോഗ് ആണിത്. കാലം പിന്നിടുന്തോറും കൗമാരകാലത്തോ യൗവനത്തിലോ തോന്നുന്ന പ്രണയമോ അഭിനിവേശമോ മനുഷ്യർ പൊതുവേ മറക്കുകയാണ് പതിവ്. പ്രകൃതിയുടെതന്നെ ഒരു നിയമമാണത്. എന്നാൽ ചിലപ്പോൾ ചില മനുഷ്യരിൽ സ്വപ്നം അല്ലെങ്കിൽ പ്രണയം വിട്ടുപോകാതെ ഊറിപ്പിടിച്ചങ്ങനെ നില്ക്കും. അഴകിയ രാവണനിലെ കുട്ടിശങ്കരൻ എന്ന വാല്യക്കാരന്‍ അനുക്കുട്ടി എന്ന ചാത്തോത്ത് കുടുംബത്തിലെ കുട്ടിയോട് തോന്നിയ അഭിനിവേശം പോലെ...
മമ്മൂട്ടി എന്ന മെഗാ സ്റ്റാറിനു സിനിമയോടുള്ളതും ഇമ്മാതിരി ഒരു ഇഷ്ടമാണ്, അല്ലെങ്കിൽ പ്രണയമാണ് ! കാലത്തിന് അതിനുമേൽ ഒരു പോറൽപോലും ഏൽപിക്കുവാൻ കഴിയുന്നതെയില്ല. ഈ അടുത്തകാലത്ത് വൈറലായ ഒരു വീഡിയോയിൽ മമ്മൂട്ടി തന്നെ സ്വന്തം ഹൃദയത്തിൽ ചുറ്റിവരിഞ്ഞുപോയ ഈ അഭിനയമോഹത്തെക്കുറിച്ച് പറയുന്നുണ്ട്. ഒരിക്കലും അവസാനിക്കാത്ത തന്റെ അഭിനയദാഹത്തക്കുറിച്ചുതന്നെ!
1971-ൽ റിലീസായ സത്യൻ നായകനായ അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിൽ ’കൂട്ടത്തിൽ ഒരാൾ’ ആയി വെള്ളിത്തിരയിൽ എത്തിയ നടനാണ് മമ്മൂട്ടി. ഏതാനും സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ആ റോൾ കിട്ടാൻ ഏറെ പ്രയാസപ്പെടേണ്ടിവന്നു അന്നത്തെ മെലിഞ്ഞുനീണ്ട എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥിക്ക്.
പിന്നീടുള്ള സിനിമായാത്രയും തീരെ സുഖകരമായിരുന്നില്ല. മമ്മൂട്ടിതന്നെ പറഞ്ഞിട്ടുള്ളതു പോലെ അഭിനയിക്കാൻ അവസരം തേടി സിനിമാ ലൊക്കേഷനുകളിൽ നിന്നും ലൊക്കേഷനുകളിലേക്ക് എത്രയോ തവണ അലഞ്ഞിട്ടുണ്ട്.
വിൽക്കാനുണ്ട് സ്വപ്നങ്ങൾ, മേള തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ അവതരിപ്പിച്ചു. എങ്കിലും 1981 പുറത്തിറങ്ങിയ ഐ.വി. ശശിയുടെ തൃഷ്ണയിലാണ് പ്രധാനപ്പെട്ട കഥാപാത്രമായി (കൃഷ്ണദാസ്) മമ്മൂട്ടി എത്തുന്നത്. ഇവിടം മുതൽ മലയാള സിനിമയിലെ മമ്മൂട്ടി യുഗത്തിനു തുടക്കം കുറിക്കുകയായിരുന്നു എന്നു പറയാം.
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിൽ ഈ നടന്റെ എത്രയധികം വേഷപ്പകർച്ചകളാണ് നമ്മൾ കണ്ടത്...
ചന്ദനക്കാതൽ കടഞ്ഞെടുത്ത മെയ്യഴകുള്ള ചന്തുവായി, "മതിലുകൾ'ക്കുള്ളിൽ പെട്ടുപോയ പാവം വൈക്കം മുഹമ്മദ് ബഷീറായി, ഭാസ്കര പട്ടേലരായി, മന്ത്രി സുകുമാരനായി, നത്ത് നാരായണനായി, പഴശിരാജയായി, പ്രാഞ്ചിയേട്ടനായി, മേലേടത്ത് രാഘവൻ നായരായി, പത്രപ്രവർത്തകൻ രവിശങ്കറായി, വാല്യക്കാരൻ കൃഷ്ണനായി, കുറ്റാന്വേഷകൻ സേതുരാമയ്യരായി, ഇൻസ്പെക്ടർ ബൽറാമായി അങ്ങനെ ഓരോ വേഷവും ഈ നടൻ ആവാഹിച്ചെടുക്കുകയായിരുന്നു. അഭിനയ പാരന്പര്യമില്ലാതെ, ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനമൊന്നുമില്ലാതെ മമ്മൂട്ടിതന്നെ പറഞ്ഞതുപോലെ സ്വയം തേച്ചുതേച്ചു മിനുക്കിയുള്ള അഭിനയ ചുവടുകൾ!
കാമുകിയെ, ഭാര്യയെ ചേർത്തുപിടിക്കുന്ന പ്രണയാർദ്രനായ കാമുകനായും ഭർത്താവായും മമ്മൂട്ടിയെ കാണാൻ ആഗ്രഹിച്ച പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് പല നെഗറ്റീവ് വേഷങ്ങളും മമ്മൂട്ടി കൈയാളി. പ്രണയവും ദാഹവും ഒന്നിച്ചലിയുന്ന കണ്ണുകൾക്കു പകരം വരമീശയും കഴുകൻ കണ്ണുകളുമുള്ള അഹമ്മദ് ഹാജിയെ ജനം കണ്ടു.
കാലിലെ പെരുവിരൽകൊണ്ട് പെണ്ണിന്റെ വസ്ത്രം അഴിക്കുന്ന പലേരി മാണിക്യത്തിലെ മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജിയെ! കഥാപാത്രങ്ങളിൽനിന്നും കഥാപാത്രങ്ങളിലേക്ക് പരകായപ്രവേശം നടത്തുകയാണ് ഈ നടൻ. എത്ര പൊലിസ് വേഷങ്ങൾ മമ്മൂട്ടി അണിഞ്ഞിട്ടുണ്ട് എന്ന് എണ്ണിത്തിട്ടപ്പെടുത്താൻതന്നെ പ്രയാസം! യവനികയിലെ എസ് ഐ ജേക്കബ് ഈരാളിയിൽനിന്നും എത്രയോ അകലെയാണ് കണ്ണൂർ സ്ക്വാഡിലെ ജോർജ് മാർട്ടിൻ! കളങ്കാവലിലെ എഎസ്ഐ സ്റ്റാൻലിദാസ് വേറെ ഏതോ ലെവലിലാണ്!
ഏറ്റവും സുന്ദരനായ നടൻ എന്നു മാത്രമല്ല ഏറ്റവും സുന്ദരനായ പുരുഷൻ എന്ന് മലയാളം ആരാധനയോടെ വിളിച്ച കാലത്തും പുട്ടുറുമീസായും പൊന്തൻമാടയായും വേട്ടക്കാരൻ വാറുണ്ണിയായും എത്തി മമ്മൂട്ടി പ്രേക്ഷകരെ ഞെട്ടിച്ചു.
2024-ൽ രാഹുൽ സദാശിവന്റെ ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റി കറുത്ത പല്ല് കാട്ടി പൈശാചികമായി ചിരിച്ചപ്പോൾ ആരാധകർ വല്ലാതെ നടുങ്ങിപ്പോയിരുന്നു.
നവാഗത സംവിധായകരായ ചെറുപ്പക്കാരുടെ സിനിമകളുടെ പ്രധാന നടനാവുക എന്ന "റിസ്ക്’ ഏറ്റെടുക്കുന്നതിനു ഒരു പ്രധാന കാരണവും തന്നിലെ നടനു വ്യത്യസ്തമായ റോൾ കൊടുക്കുക എന്നതുതന്നെയാണ്. നവാഗത സംവിധായകനായി ആഷിഖ് അബു എത്തിയ "ഡാഡി കൂളിലെ' (2009) പൊലിസ് ഉദ്യോഗസ്ഥൻ സൈമണ്‍ ആയി എത്ര കൂളായാണ് മമ്മൂട്ടി അഭിനയിച്ചത്. അൻവർ റഷീദിന്റെ ആദ്യചിത്രം രാജമാണിക്യത്തിലെ ബെല്ലാരി രാജ ഇന്നും പ്രേക്ഷകഹൃദയത്തിൽനിന്ന് ഇറങ്ങിപ്പോയിട്ടില്ല.