തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം അവസാനിച്ചു. അടുത്ത സമ്മേളനം മുതൽ നിയമസഭയിൽ സന്ദർശകർക്കു പ്രായോഗികമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു.
പത്തു വർഷത്തിനു ശേഷം 22 യുഡിഎഫ് മന്ത്രിമാരെ നിയമസഭയിൽ കാണുന്നതിലുള്ള സന്തോഷംകൊണ്ടാണ് യുഡിഎഫ് പ്രവർത്തകർ ഈ സമ്മേളന കാലയളവിൽ കൂട്ടത്തോടെ നിയമസഭയിലേക്കു വന്നതെന്നും അതിനെ ആർക്കും തടുക്കാൻ കഴിയുമായിരുന്നില്ലെന്നും സ്പീക്കർ പറഞ്ഞു.
തിരുവനന്തപുരവും കാണാം, എംഎൽഎയും കാണാം, നിയമസഭയും കാണാം എന്ന സന്തോഷത്തോടെയാണ് ഒരു ഉല്ലാസയാത്ര പോലെ യുഡിഎഫ് പ്രവർത്തകർ ഇവിടെ എത്തിയത്. അതിനെ തടയാൻ കഴിയുമായിരുന്നില്ല. എന്നാൽ അടുത്ത സമ്മേളനം മുതൽ സന്ദർശകരുടെ എണ്ണത്തിൽ പ്രായോഗികമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
സന്ദർശകരുടെ തിരക്ക് കാരണം സഭയ്ക്കുള്ളിലേക്കു കടന്നു വരാൻ പോലും കഴിയുന്നില്ലെന്ന് മന്ത്രി ഷിബു ബേബി ജോണ് സഭയിൽ ചൂണ്ടിക്കാട്ടിയതിനു പിന്നാലെയാണു സ്പീക്കർ ഇക്കാര്യം അറിയിച്ചത്.തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെയാണ് പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം ആരംഭിച്ചത്.
2026 മേയ് 21 മുതൽ ജൂലൈ ഒന്നു വരെയുള്ള കാലയളവിൽ ആകെ 13 ദിവസങ്ങളിലാണ് സമ്മേളിച്ചത്. സ്പീക്കർ, ഡപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ്, ഗവർണറുടെ നയപ്രഖ്യാപന സമ്മേളനം, 2026-2027 വർഷത്തെ പുതുക്കിയ ബജറ്റ് അവതരണം എന്നിവ ഈ സമ്മേളന കാലയളവിൽ നടന്നു. സംസ്ഥാനത്തെ സാന്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം മുഖ്യമന്ത്രി സഭയുടെ മേശപ്പുറത്ത് വച്ചു. ധനകാര്യ ബില്ലും ധനവിനിയോഗ ബില്ലും സഭ പാസാക്കി.
നക്ഷത്ര ചിഹ്നമിട്ടതും ഇടാത്തതുമായ ആകെ 1905 ചോദ്യങ്ങൾക്കുള്ള നോട്ടീസുകളാണു ലഭിച്ചത്. 31 എണ്ണം നിരസിക്കുകയും 16 എണ്ണം പിൻവലിക്കുകയും ചെയ്തു.