കണ്ണൂർ: ജീവിതം കരുപ്പിടിപ്പിക്കാൻ കണ്ണൂരിൽ തൊഴിലാളിയായി എത്തി പിന്നീട് വ്യവസായിയായി മാറിയ അനുഭവപാഠമാണ് കഴിഞ്ഞദിവസം അന്തരിച്ച കോട്ടയം സ്വദേശി തോമസ് മാത്യുവിന്റെ ജീവിതം.
ഉപജീവനമാർഗത്തിനായി അഞ്ചു പതിറ്റാണ്ട് മുമ്പാണ് തൊഴിലാളിയായി തോമസ് മാത്യു കണ്ണൂരിലെത്തുന്നത്. ഒടുവിൽ വ്യവസായിയായി ഉയരങ്ങളിലെത്തി നിരവധി വ്യവസായസംരംഭങ്ങളുടെ ഉടമയായി മാറിയ തോമസ് മാത്യു വെസ്റ്റ് കോസ്റ്റ് പോളിമേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായി.
ആരേയും അദ്ഭുതപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ ജീവിതകഥ. കണ്ണൂരിലെ വിവിധ മേഖലകളിലെ ആളുകളുമായി സൗഹൃദം സ്ഥാപിച്ച് ആ സൗഹൃദവലയം ഫലപ്രദമായി ഉപയോഗിച്ചാണ് അദ്ദേഹം വിവിധ സംരംഭങ്ങൾ തുടങ്ങി വിജയക്കൊടി പാറിച്ചത്.
സാമൂഹിക-സാംസ്കാരിക മേഖലകളിലും തോമസ് മാത്യു സജീവമായിരുന്നു. മികച്ച വ്യവസായിയായി തെരഞ്ഞെടുക്കപ്പെട്ട തോമസ് മാത്യുവിനെ ഗവ. ചീഫ് സെക്രട്ടറി ജയകുമാറും മുൻമന്ത്രി ടി.എച്ച്. മുസ്തഫയും അവാർഡ് നൽകി ആദരിച്ചിരുന്നു. റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ, ലയൺസ് ക്ലബ് തുടങ്ങി വിവിധ സംഘടനകളിൽ നേതൃത്വപരമായ പങ്ക് വഹിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.
ചെറുകിട വ്യവസായികളെ സംഘടിപ്പിച്ച് അസോസിയേഷൻ രൂപവത്കരിക്കാനും അവരുടെ പ്രയാസങ്ങളും പ്രശ്നങ്ങളും പരിഹരിച്ച് അവരെ ഉയർത്തിക്കൊണ്ടുവരാനും തോമസ് മാത്യു എന്നും മുന്നിലുണ്ടായിരുന്നു.
മുൻ മന്ത്രി പി.ജെ. ജോസഫിന്റെ ബന്ധുകൂടിയാണ് തോമസ് മാത്യു. ജീവിതാനുഭവങ്ങളിലൂടെ വ്യവസായലോകത്ത് പുതിയ പരീക്ഷണങ്ങൾ നടത്തി താഴെത്തട്ടിൽനിന്നു വളർന്ന് ഉന്നതങ്ങളിൽ എത്തിയ തോമസ് മാത്യുവിന്റെ വിയോഗം വ്യവസായമേഖലയ്ക്കു തീരാനഷ്ടമാണ്.