അമൂല്യമായ കത്തുകള്‍ എബിയുടെ കൈകളിൽ ഭദ്രം
നെയ്യാറ്റിന്‍കര : അപ്പൂപ്പനും വല്യപ്പൂപ്പനും അടക്കം പലരും എഴുതിയ കത്തുകളുടെ ശേഖരം... പരസ്യങ്ങള്‍ അച്ചടിച്ച മേഘദൂത് പോസ്റ്റല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള വിവിധയിനം കാര്‍ഡുകള്‍...ഇവയെക്കാളൊക്കെ വി.ജെ. എബി നിധി പോലെ കാത്തു സൂക്ഷിക്കുന്നത് മഹാത്മാഗാന്ധി പലര്‍ക്കായി അയച്ച കത്തുകളുടെ പകര്‍പ്പുകളുടെ സമാഹാരമാണ്....
നെയ്യാറ്റിന്‍കര വ്ളാങ്ങാമുറി സ്വദേശി എബിയും തപാലാപ്പീസും തമ്മിലുള്ള ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പൈതൃക സാമഗ്രികളെയും പുരാവസ്തുക്കളെയും കരുതലോടെ സൂക്ഷിക്കുന്ന ശീലമുള്ളതിനാല്‍ ഇന്നലെകളുടെ അടയാളങ്ങളുടെ കൂട്ടത്തില്‍ കത്തുകളും ഇടം പിടിച്ചു.
കസ്തൂര്‍ബാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, സുഭാഷ് ചന്ദ്രബോസ്, രവീന്ദ്രനാഥ ടാഗോര്‍, ജമനാലാല്‍ ബജാജ്, കാകാസാഹബ് കലേല്‍ക്കര്‍, കിശോരിലാല്‍, സി.എഫ്. ആന്‍ഡ്രൂസ് എന്നിവര്‍ക്കും അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്ളിന് ഡി റൂസ് വെല്‍റ്റ്, ഫ്രഞ്ച് എഴുത്തുകാരന് റൊമെയ്ന്‍ റോളണ്ട്, അഭിഭാഷകനായ എച്ച്.എസ്. പൊളാക്, ബ്രിട്ടീഷ് എഴുത്തുകാരന് റെജിനാള്‍ഡ് റെയ്നോള്‍ഡ്സ് മുതലായവര്‍ക്കും എഴുതിയ കത്തുകളുടെ പകര്‍പ്പുകളാണ് എബിയുടെ പക്കലുള്ളത്. ബിര്‍ലാ ഹൗസ്, യര്‍വാദ സെന്‍ട്രല്‍ ജയില്‍, സേവാഗ്രാം എന്നിങ്ങനെ വ്യത്യസ്ത ഇടങ്ങളില്‍നിന്ന് ഇംഗ്ലീഷ് ഭാഷയില്‍ എഴുതിയിട്ടുള്ളവയാണ് ഈ കത്തുകള്‍.
കത്തുകള്‍ക്കു താഴെ ബാപ്പു, എം.കെ. ഗാന്ധി, മോഹന്‍ദാസ്, മോഹന്‍, ബാപ്പുനാ ആശീര്‍വാദ് (ബാപ്പുവിന്റെ ആശീര്‍വാദം) എന്നിവയിലേതെങ്കിലുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വീട്ടിലെത്തുന്ന സന്ദര്‍ശകരുടെ താത്പര്യാര്‍ഥം ഈ കത്തുകളെക്കുറിച്ചു സംസാരിക്കുന്പോള്‍ എബി വാചാലനാകാറുള്ളതും പതിവാണ്.