സായംസന്ധ്യയുടെ ചുവപ്പിനു കീഴിൽ വള്ളത്തിൽ കരിമീനും കൊഞ്ചും പിടിച്ച് പാട്ടുംപാടി തുഴഞ്ഞുപോയൊരു കാലമുണ്ടായിരുന്നു വേന്പനാടിന്. വാരിയെടുത്ത കക്കയുമായി നിരനിരയായി നീങ്ങിയ വള്ളങ്ങൾ, കായലിലെ ചെളി കുത്തിയെടുത്ത സ്ഥലത്തെ അരിയും തേങ്ങയുമായി മാർക്കറ്റുകളിലേക്ക് യാത്രയായ പത്തേമാരികൾ, മീൻ വിൽക്കാനും താറാവുമുട്ട വാങ്ങാനുമായി കടവുകൾതോറും അടുക്കുന്ന ചെറുവള്ളങ്ങൾ, ഓലപ്പന്തലുകൾ, കണ്ടൽക്കാടുകളുടെ തണൽപറ്റി നീന്തിയ അപൂർവ മത്സ്യങ്ങൾ... വേന്പനാട് ഒരു കായൽ മാത്രമല്ലായിരുന്നു; ആയിരക്കണക്കിന് മനുഷ്യരുടെയും ജീവജാലങ്ങളുടെയും ഉതിർന്നുപോകാത്ത ജീവതാളമായിരുന്നു.
കേരളം അമൂല്യവും ജൈവശാസ്ത്രപരമായി സന്പന്നവുമായി നിരവധി തണ്ണീർത്തടങ്ങളാൽ അനുഗൃഹീതമാണ്. മൂന്നു റാംസർ സൈറ്റുകളുള്ള കേരളത്തിൽ 4,354 തണ്ണീർത്തടമുണ്ട്. വേന്പനാട് കോൾ തണ്ണീർത്തടം ഇന്ത്യയിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ റാംസർ സൈറ്റുകളിൽ ഒന്നാണ്. വേന്പനാട് കായൽ, കുട്ടനാട് ചതുപ്പ് പ്രദേശങ്ങൾ, കോൾ തണ്ണീർത്തടങ്ങൾ എന്നിവ ഈ തണ്ണീർത്തടസമുച്ചയത്തിന്റെ ഭാഗമാണ്. 1100 കിലോമീറ്റർ ചതുരശ്ര വിസ്തൃതിയിൽ സമുദ്രനിരപ്പിൽനിന്ന് 1.5 മുതൽ രണ്ടു മീറ്റർ വരെ താഴെയായി കരപ്പാടം, കായൽ, കരി എന്നിങ്ങനെ പരന്നുകിടക്കുന്ന തണ്ണീർത്തടത്തിലെ കുട്ടനാട് പ്രദേശം കേരളത്തിന്റെ നെല്ലറ എന്നും പുഞ്ചവയൽ എന്നും അറിയപ്പെട്ടിരുന്നു.
അറബിക്കടലിനെ തൊട്ടുരുമ്മുന്ന ജലാശയം
കേരളത്തിന്റെ പടിഞ്ഞാറൻ തീരത്ത് അറബിക്കടലിനെ തൊട്ടുരുമ്മി കിടക്കുന്ന വേന്പനാട്, സംസ്ഥാനത്തെ ഏറ്റവും വലിയ കായലും രാജ്യത്തെ ഏറ്റവും നീളം കൂടിയ തണ്ണീർത്തടവുമാണ്. ആലപ്പുഴ മുതൽ വടക്ക് അഴീക്കോട് വരെ 96 കിലോമീറ്റർ നീളം, 500 മീറ്റർ മുതൽ 14 കിലോമീറ്റർ വരെ വീതി (ശരാശരി നാലു കിലോമീറ്റർ), 216 ചതുരശ്ര കിലോമീറ്റർ വിസ്തൃതി. പല നാട്ടിൽ പല പേരിലാണ് വേന്പനാട് കായൽ അറിയപ്പെടുന്നത്. വീരൻപുഴ, കൊച്ചി കായൽ, കൈതപ്പുഴ, പുന്നമട, വൈക്കം കായൽ എന്നീ പേരുകളിൽ അറിയപ്പെടുന്നു.
ദശലക്ഷക്കണക്കിന് വർഷങ്ങൾ നീണ്ട ഭൗമഫലകങ്ങളുടെ ചലനം മൂലം ഇന്ത്യൻ ഉപഭൂഖണ്ഡം രൂപപ്പെട്ടപ്പോൾ വേന്പനാട്ടുകായൽ ഉണ്ടായിരുന്നില്ല. പശ്ചിമഘട്ട മലനിരകൾ കഴിഞ്ഞാൽ കടലാണ് ഉണ്ടായിരുന്നത്. പതിനായിരിക്കണക്കിനു വർഷങ്ങളുടെ പരിണാമത്തിനു വിധേയമായാണ് ഇന്നു കാണുന്ന മലനാട്, ഇടനാട്, തീരപ്രദേശം ഉൾപ്പെടുന്ന കേരളം രൂപപ്പെടുന്നത്. വേന്പനാട് കായൽ രൂപപ്പെട്ടത് ലക്ഷക്കണക്കിന് വർഷങ്ങൾകൊണ്ട് സംഭവിച്ച ഭൂമിശാസ്ത്രപരമായ മാറ്റങ്ങൾ, സമുദ്രനിരപ്പിലെ വ്യതിയാനങ്ങൾ, നദികളുടെ അവശിഷ്ട നിക്ഷേപം എന്നിവയുടെ ഫലമായാണ്.
പതിനായിരക്കണക്കിനു വർഷം മുന്പ് ഹിമയുഗത്തിനുശേഷം ഭൂമയിൽ താപനില ഉയരുകയും സമുദ്രനിരപ്പിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുകയും ചെയ്തു. കടൽ കരയിലേക്ക് കയറുകയും പിന്നീട് സാവധാനം തിരിച്ചുപോവുകയും ചെയ്തു. പ്രാചീന കേരളത്തിൽ അനുഭവപ്പെട്ട തുലാവർഷം, ഇടവപ്പാതി, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവ മൂലം തോട്ടപ്പള്ളി മുതൽ കൊച്ചി അഴി വരെയുള്ള പ്രദേശത്ത് മണൽതിട്ട രൂപപ്പെട്ടു. ഇതിന്റെ ഫലമായി മണൽതിട്ടയ്ക്കുള്ളിലുള്ള ഭാഗം ആദ്യം ഉൾക്കടലായും പിന്നീട്, സമുദ്രത്തിൽനിന്ന് വേർപെട്ട് തടാകമായും മാറി. മലന്പ്രദേശത്തുനിന്ന് തടാകത്തിലേക്ക് ഒഴികിയെത്തിയ നദികൾ കൊണ്ടുവന്ന എക്കൽ അടിഞ്ഞ് ഉയർന്ന പ്രദേശങ്ങൾ രൂപപ്പെട്ടു.
സഹ്യപർവതത്തിൽനിന്ന് ഉത്ഭവിക്കുന്ന പെരിയാർ, മൂവാറ്റുപുഴ, മീനച്ചിൽ, മണിമല, അച്ചൻകോവിൽ, പന്പ എന്നീ ആറു പ്രധാന നദികൾ വേന്പനാട്ടുകായലിൽ വന്നുചേർന്നു. കായലിന്റെ തെക്കൻ ഭാഗത്ത് നിരന്തരം മണ്ണും എക്കലും അടിഞ്ഞുകൂടിയാണ് കുട്ടനാട് എന്ന താഴ്ന്ന ഭൂപരിധി രൂപപ്പെട്ടത്. പണ്ട് വേന്പനാട്ടു കായലിന്റെ ഭാഗമായിരുന്ന പല പ്രദേശങ്ങളും നദികളുടെ എക്കൽ നിക്ഷേപം മൂലം കരഭൂമിയായും പാടശേഖരങ്ങളായും മാറി. ആറു നദികളിൽനിന്നുള്ള ശുദ്ധജലവും കടലിൽനിന്നുള്ള ഉപ്പുരസമുള്ള വെള്ളവും ചേരുന്ന സവിശേഷമായ ഒരു അഴിമുഖമായാണ് വേന്പനാട് കായൽ ഇന്ന് നിലനിൽക്കുന്നത്.
പ്രകൃതി ഒരുക്കിയ അതിവിശിഷ്ടമായ ഒരു ശുദ്ധീകരണ പ്രക്രിയയാണ് വേന്പനാട്ടിൽ നടക്കുന്നത്. മഴക്കാലത്ത് കരകവിഞ്ഞൊഴുകുന്ന പുഴവെള്ളത്തെ സംഭരിച്ചുനിർത്താനും സാവധാനം കടലിലേക്ക് ഒഴുക്കാനും ഇടുക്കി അണക്കെട്ടിനോളം വെള്ളം ഉൾക്കൊള്ളാനും ഈ തണ്ണീർത്തടത്തിന് ശേഷിയുണ്ട്. പാതിരാമണൽ, പെരുന്പളം, പള്ളിപ്പുറം, വൈപ്പിൻ, വില്ലിംഗ്ടണ് ഉൾപ്പടെ നിരവധി ദ്വീപികൾ വേന്പനാട് കായലിലുണ്ട്.
അപൂർവ പ്രതിഭാസവും ജൈവവൈവിധ്യവും
ആറുമാസം ശുദ്ധവെള്ളവും ആറുമാസം ഉപ്പുവെള്ളവും മാറിമാറി നിലനിൽക്കുന്ന അപൂർവം തണ്ണീർത്തടങ്ങളിൽ ഒന്നാണിത്. മഴക്കാലത്ത് നദികളിൽനിന്നുള്ള ശുദ്ധജലവും വേനൽക്കാലത്ത് കടലിൽനിന്നുള്ള ഉപ്പുവെള്ളവും തള്ളിക്കയറി കായലിനെ ജീവസുറ്റതാക്കുന്നു.
കൈത, മരോട്ടി, കായൽ കണ്ടൽ, കരക്കണ്ടൽ തുടങ്ങി 300ലധികം സസ്യവർഗങ്ങൾ വെള്ളപ്പൊക്കത്തെ തടയാൻ പ്രകൃതിയൊരുക്കിയ സംരക്ഷണ ഭിത്തിയായി ഇവിടെ നിലകൊള്ളുന്നു. കായലിന്റെ അടിത്തട്ടിൽ, പ്രത്യേകിച്ച് കണ്ണമംഗലം, കുമരകം ഭാഗങ്ങളിൽ അപൂർവമായ കറുത്ത കക്കയുടെ വൻ നിക്ഷേപവുമുണ്ട്.
വിദൂര ഭൂഖണ്ഡങ്ങളിൽനിന്നുപോലും എത്തുന്ന ദേശാടനപ്പക്ഷികളുടെയും സൂര്യവാലൻ, കൊരിച്ചുണ്ടൻ എരണ്ട തുടങ്ങിയ അപൂർവ ഇനങ്ങളുടെയും താവളമായ കുമരകം പക്ഷിസങ്കേതം ഈ തണ്ണീർത്തടത്തിന്റെ ഭാഗമാണ്. കൃഷി, മത്സ്യബന്ധനം, ടൂറിസം തുടങ്ങി ഒട്ടേറെ മേഖലകളെ തുണയ്ക്കുന്ന, 60,000ത്തോളം കുടുംബങ്ങൾക്ക് ഉപജീവനമേകുന്ന ഈ സങ്കീർണ ആവാസവ്യവസ്ഥയുടെ പ്രാധാന്യം പരിഗണിച്ചാണ് 2002ൽ വേന്പനാടിനെ അന്താരാഷ്ട്രപ്രാധാന്യമുള്ള ‘റാംസർ പ്രദേശമായി’ പ്രഖ്യാപിച്ചത്.
കുപ്പത്തൊട്ടിയാകുന്ന പറുദീസ
എന്നാൽ, ഇന്ന് ഈ പറുദീസയ്ക്കുമേൽ നാശത്തിന്റെ കറുത്ത നിഴൽ വീണിരിക്കുന്നു. ഒഴുക്ക് നിലച്ച് ആറ് നദികളുടെയും മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്ന കുപ്പത്തൊട്ടിയായി കായൽ മാറി. ടൈഫോയ്ഡ് അടക്കമുള്ള ജലജന്യ രോഗങ്ങൾ തീരഗ്രാമങ്ങളിൽ പടരുകയാണ്. ഇ-കോളി അടക്കമുള്ള ബാക്ടീരിയകളുടെയും വൈറസുകളുടെയും ആവാസകേന്ദ്രമായി മാറിയ കായൽവെള്ളത്തിൽ തൊടാൻപോലും ജനങ്ങൾ ഇപ്പോൾ ഭയക്കുന്നു.
അന്തരീക്ഷ വ്യതിയാനവും ആഗോളതാപനവും കായലിന്റെ സ്വാഭാവിക താളത്തെ തെറ്റിച്ചു. പ്രളയവും ഓഖി പോലുള്ള കൊടുങ്കാറ്റുകളും സമുദ്രക്ഷോഭങ്ങളും നാടിനെ ഭീതിയിലാഴ്ത്തുന്പോൾ, അടുത്ത ദുരന്തം കായൽക്കരയിലേക്കാണോ എന്ന ആശങ്കയിലാണ് ജനങ്ങൾ. “ഇങ്ങനെ പോയാൽ വരും ദശകങ്ങൾക്കപ്പുറം വേന്പനാട് എന്നൊരു കായൽ ഉണ്ടാകില്ല.” സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (സെസ്) നൽകുന്ന മുന്നറിയിപ്പ് പ്രകൃതിയെ കീഴടക്കാമെന്ന മനുഷ്യന്റെ അതിമോഹത്തിനേറ്റ തിരിച്ചടിയാണ്. വേന്പനാട് മരിച്ചാൽ ഇല്ലാതാകുന്നത് ഒരു ജലാശയം മാത്രമല്ല, ഒരു സംസ്കാരവും പതിനായിരങ്ങളുടെ ജീവിതവുമാണ്. വേന്പനാടിന്റെ വീണ്ടെടുപ്പ് എങ്ങനെ സാധ്യമാകും? നാളെയുടെ പുലരികളിൽ ഈ കായലിനെ നമുക്ക് എങ്ങനെ തിരികെപ്പിടിക്കാം?