കൊച്ചി: സംസ്ഥാനത്ത് ലൈഫ് സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ നടക്കുന്ന സൈബര്‍ സാമ്പത്തിക തട്ടിപ്പിനെതിരേ ജാഗ്രത പാലിക്കണമെന്ന് പൊലിസ്. ബാങ്ക് പെന്‍ഷന്‍കാരെ ലക്ഷ്യമാക്കിയാണ് പുതിയ സൈബര്‍ തട്ടിപ്പ് സജീവമാകുന്നത്.
വിരമിച്ച ബാങ്ക് ജീവനക്കാരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന വ്യാജേനയാണു തട്ടിപ്പ്. ഫേസ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങളില്‍ തട്ടിപ്പുകാര്‍ ഇതുസംബന്ധിച്ച് വ്യാജ പരസ്യങ്ങളും ലിങ്കുകളും നല്കുന്നു. ബാങ്കിന്റെ ഔദ്യോഗിക പേരും ചിഹ്നവും ദുരുപയോഗം ചെയ്തു വിശ്വാസം നേടിയെടുക്കുന്ന സംഘം തുടര്‍ന്ന് വ്യാജ മൊബൈല്‍ ആപ്ലിക്കേഷനായ എപികെ ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചാണ് അക്കൗണ്ടുകളില്‍നിന്നു പണം തട്ടിയെടുക്കുന്നത്.
തട്ടിപ്പ് ഇങ്ങനെ...
പെന്‍ഷന്‍കാര്‍ക്ക് ഓണ്‍ലൈനായി ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാമെന്ന വ്യാജ ലിങ്കുകള്‍ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചാണു തട്ടിപ്പിന്റെ തുടക്കം. ഈ ലിങ്കുകളില്‍ പ്രവേശിച്ചു വിവരങ്ങള്‍ നല്‍കുന്നവരെ ബാങ്ക് പ്രതിനിധികളെന്ന വ്യാജേന തട്ടിപ്പുകാര്‍ ഫോണില്‍ ബന്ധപ്പെടും. ബാങ്കിന്റെ ലോഗോയുള്ള വാട്സാപ് പ്രൊഫൈലുകള്‍ ഉപയോഗിച്ചു സന്ദേശങ്ങള്‍ അയയ്ക്കുന്നതിനാല്‍ സാധാരണക്കാര്‍ ഇതു യഥാര്‍ഥ ബാങ്ക് സേവനമാണെന്നു തെറ്റിദ്ധരിക്കും. തുടര്‍ന്ന് ലൈഫ് സര്‍ട്ടിഫിക്കറ്റ് നടപടികള്‍ പൂര്‍ത്തിയാക്കാനെന്ന പേരില്‍ എപികെ ഫയല്‍ അയച്ചുനല്‍കുകയും ഇത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഫോണിലെ വിവരങ്ങളും സാമ്പത്തിക ഇടപാടുകളും തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാകുകയും ചെയ്യും.
കരുതിയിരിക്കണം...
പെന്‍ഷന്‍കാര്‍ ഫേസ്ബുക്കിലോ വാട്സാപ്പിലോ ലഭിക്കുന്ന ലിങ്കുകള്‍ വഴി ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കരുത്. ബന്ധപ്പെട്ട ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റോ അംഗീകൃത സംവിധാനങ്ങളോ മാത്രം ഉപയോഗിക്കണം. അപരിചിതര്‍ അയയ്ക്കുന്ന എപികെ ഫയലുകള്‍ യാതൊരുകാരണവശാലും ഇന്‍സ്റ്റാള്‍ ചെയ്യരുത്. ബാങ്കിന്റെ ലോഗോ കണ്ടതുകൊണ്ടുമാത്രം വാട്സാപ് സന്ദേശങ്ങള്‍ വിശ്വസിക്കരുത്. ഒടിപി, പിന് നമ്പറുകള്‍, പാസ്വേഡുകള്, കാര്‍ഡ് വിവരങ്ങള്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ് വിവരങ്ങള്‍ എന്നിവ ആരുമായും പങ്കുവയ്ക്കരുത്.
സംശയകരമായ ഫോണ്‍വിളികളോ സന്ദേശങ്ങളോ ലഭിച്ചാൽ ബാങ്കിന്റെ ഔദ്യോഗിക നമ്പറില്‍ നേരിട്ടു ബന്ധപ്പെട്ട് സ്ഥിരീകരിക്കണം. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഉടന്‍തന്നെ 1930 എന്ന നമ്പറിലോ www.cybercrime. gov.in എന്ന വെബ്സൈറ്റ് വഴിയോ പരാതി നല്‍കണം.