കാക്കനാട്: ഫ്ലാറ്റുകളിൽ മിന്നൽ രക്ഷാചാലകമായി സ്ഥാപിച്ചിട്ടുള്ള ചെന്പ് പട്ടകൾ മോഷ്ടിച്ച സംഘത്തെ തൃക്കാക്കര പൊലിസ് പിടികൂടി. മൂന്ന് ഫ്ലാറ്റ് സമുച്ചയങ്ങളുടെ ഇലക്ട്രിക് റൂമുകളിൽ സ്ഥാപിച്ചിരുന്ന ലക്ഷക്കണക്കിന് രൂപ വിലവരുന്ന ചെമ്പു പട്ടകൾ കടത്തിക്കൊണ്ടുപോയ ആസാം സ്വദേശികളായ ഇജാജുൽ ഇസ്ലാം(24), ദോർജഹാൻ അലി (26) എന്നിവരാണ് പിടിയിലായത്.
ചെമ്പുകമ്പികൾക്കും പാളികൾക്കും ഇരുമ്പിന്റെ പതിന്മടങ്ങ് വില ലഭിക്കുമെന്നതിനാലാണ് പ്രതികൾ മോഷണം നടത്തിയതെന്ന് പൊലിസ് പറഞ്ഞു. കാക്കനാടും പരിസരപ്രദേശങ്ങളിലും മോഷണം ന ടത്തിയ ശേഷം മോഷണമുതലുമായി ഇവർ ആലുവയിലെ താമസസ്ഥലത്തേക്ക് മടങ്ങും. മോഷണത്തിനായി പദ്ധതി തയാറാക്കിയാൽ ഫ്ലാറ്റിന്റെ പരിസരങ്ങളിൽ ദിവസങ്ങളോളം പ്രതികൾ കാത്തിരിക്കും.
സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. ഇവരിൽനിന്നും തുച്ചമായ തുകയ്ക്ക് ചെന്പ് പട്ടകൾ വാങ്ങിയിരുന്ന മറ്റു രണ്ടു പേരെയും പൊലിസ് പിടികൂടി. ചുണങ്ങം വേലിയിൽ ആക്രിക്കട നടത്തുന്ന പെരുമ്പാവൂർ, മുടിക്കൽ സ്വദേശികളായ ബിലാൽ (26), താജുദ്ദീൻ (54) എന്നിവരാണ് മോഷണ മുതൽ വാങ്ങി മറിച്ചുവിറ്റിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.