കടുത്തുരുത്തി: ചെറുനാരങ്ങാ വില കിലോയ്ക്ക് 280 ഉം പിന്നിട്ട് കുതിക്കുന്നു. ഓണത്തിന് മുമ്പ് 80-90 രൂപയായിരുന്നു നാരങ്ങാ വില. ഇത് ഓണക്കാലത്ത് 120 ലെത്തി. എന്നാല്‍ ഓണത്തിനുശേഷം വില കുറയുമെന്ന് പ്രതീക്ഷിച്ചെങ്കിലും വില കുത്തനെ ഉയരുകയായിരുന്നു.
നാരങ്ങാ വില ഉയര്‍ന്നതോടെ നാരങ്ങാ വെള്ളത്തിന്റെ വിലയും ഉയര്‍ന്നു. ചെറുനാരങ്ങാ ഹോള്‍സെയില്‍ വില 200 മുതല്‍ 280 വരെയാണ്. ലഭ്യതക്കുറവും ചൂട് കൂടിയതും മൂലം വില ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.
ആന്ധ്രയില്‍ നിന്നുമായിരുന്നു വലിയതോതില്‍ നാരങ്ങ എത്തിയിരുന്നത്. അവിടെ ഉത്പാദനം കുറഞ്ഞതോടെ തമിഴ്നാട്ടിലെ പുളിയങ്കുടിയില്‍ നിന്നുമാണ് ഇപ്പോള്‍ നാരങ്ങ എത്തുന്നത്. തമിഴ്നാട്ടിലും വേനല്‍ ശക്തമായതോടെ നാരങ്ങാ ഉത്പാദനം കുറഞ്ഞതും കേരളത്തില്‍ ഉപയോഗം കൂടിയതുമാണു നാരങ്ങാ വില കൂടാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു.
തമിഴ്നാട്ടില്‍ 250 രൂപയ്ക്കു മുകളിലാണ് ഒരു കിലോ നാരങ്ങ ലേലത്തില്‍ വില്ക്കുന്നതെന്നു വ്യാപാരികള്‍ പറയുന്നു. നാരങ്ങാ വില വര്‍ധിച്ചതോടെ നാരങ്ങ കൊണ്ട് ഉണ്ടാക്കുന്ന വിവിധതരം ജ്യൂസുകള്‍ക്ക് അഞ്ച് മുതല്‍ 20 രൂപ വരെ വില വര്‍ധിച്ചിരിക്കുകയാണ്.