ന്യൂഡൽഹി: വോട്ടർ പട്ടികയിൽനിന്നു പേരുകൾ നീക്കം ചെയ്യുന്നതിനായി വ്യാജ ഫോം 7 അപേക്ഷകൾ സമർപ്പിക്കുന്ന ബൂത്ത് ലെവൽ ഏജന്റുമാർക്കെതിരേ നടപടിയെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന് പരിമിതമായ അധികാരങ്ങൾ മാത്രമേയുള്ളൂവെന്ന് സുപ്രീംകോടതി.
ഇത്തരം തട്ടിപ്പുകൾ നടത്തുന്ന ഏജന്റുമാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ മാത്രമേ കമ്മിഷനു സാധിക്കുകയുള്ളൂവെന്നും അതിനപ്പുറം അവർക്കു നിയന്ത്രണമില്ലെന്നും ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഡൽഹിയിലെ മുസ്തഫാബാദ് മേഖലയിൽ എസ്ഐആർ നടപടിക്കിടെ വ്യാജ ഫോം 7 അപേക്ഷകൾ വ്യാപകമായി സമർപ്പിച്ചുവെന്നും പരാതി നൽകിയിട്ടും കമ്മിഷൻ നടപടിയെടുത്തില്ലെന്നും ആരോപിച്ചു സമർപ്പിച്ച ഹർജി തീർപ്പാക്കിക്കൊണ്ടാണ് കോടതിയുടെ പരാമർശം.