ന്യൂഡൽഹി: മദ്യനയക്കേസിൽ ആം ആദ്മി പാർട്ടി (എഎപി) ദേശീയ കണ്‍വീനർ അരവിന്ദ് കേജരിവാളിന് പുതിയ നോട്ടീസയച്ച് ഡൽഹി ഹൈക്കോടതി.
മദ്യനയക്കേസിൽ സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതുമായി ബന്ധപ്പെട്ട രണ്ടു വ്യത്യസ്ത കേസുകളിൽ കേജരിവാളിനെ വെറുതേവിട്ടതിനെതിരേ ഇഡി നൽകിയ ഹർജികളിലാണു നോട്ടീസ്.
കേസിൽ നേരത്തേ കേജരിവാളിനയച്ച നോട്ടീസ് കൈമാറിയിട്ടില്ലെന്ന് കോടതി പരാമർശിച്ചു. കേജരിവാളിന് ഏപ്രിൽ ഒന്നിന് ഒരു നോട്ടീസ് നൽകിയിരുന്നുവെന്നും എന്നാൽ അദ്ദേഹത്തെ പ്രതിനിധാനം ചെയ്ത് ആരും ഹാജരായില്ലെന്നും ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്.
അന്വേഷണവുമായി സഹകരിക്കാതെ കേജരിവാൾ മനഃപൂർവം സമൻസുകൾ നിരാകരിക്കുകയാണെന്ന ഇഡിയുടെ വിചാരണക്കോടതിയിലെ പരാതിയാണ് കേസിന്റെ ആധാരം. എന്നാൽ, സമൻസിന്റെ മനഃപൂർവമുള്ള ലംഘനം കേജരിവാൾ നടത്തിയെന്നു സ്ഥാപിക്കാൻ കഴിയാത്തതിനാൽ വിചാരണക്കോടതി കേജരിവാളിനെ വെറുതെ വിട്ടിരുന്നു. ഇതിനെതിരേയാണ് ഇഡിയുടെ ഹർജി.