ചങ്ങനാശേരി: പാറേല്‍ മര്‍ത്ത്മറിയം പള്ളിയുടെ കൂദാശ കര്‍മങ്ങള്‍ ഭക്തിനിര്‍ഭരം. പുതിയ പള്ളിയിലെ അമലോത്ഭവ കപ്പേളയുടെ മുമ്പില്‍നിന്നു വൈദികരുടെ പ്രദക്ഷിണത്തോടെയാണ് കൂദാശ ചടങ്ങുകള്‍ ആരംഭിച്ചത്.
പ്രദക്ഷിണത്തിന്റെ മുന്‍വശത്ത് ശ്മംശാനമാരുടെ പിന്നില്‍ 2020 മുതല്‍ തിരുപ്പട്ടം സ്വീകരിച്ച അതിരൂപതയിലെ യുവവൈദികർ അണിനിരുന്നു. തുടര്‍ന്ന് ഫൊറോന വികാരിമാരും കൂരിയാ അംഗങ്ങളും ചേര്‍ന്നു. പ്രദക്ഷിണ വീഥിയുടെ ഇരുവശങ്ങളിലും വെള്ളവസ്ത്രം ധരിച്ച വോളണ്ടിയേഴ്സ് മുത്തുക്കുടകളുമായി നിന്നു.
പ്രദക്ഷിണം അമല തിയോളജിക്കല്‍ സെന്ററിനു മുന്നിലെത്തിയപ്പോള്‍ കൂദാശകര്മത്തിലെ മുഖ്യകാര്‍മികരായ ബിഷപ്പുമാര്‍ വൈദികര്‍ക്കൊപ്പം പള്ളിയുടെ പ്രധാന കവാടത്തിങ്കലെത്തി. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ആനവാതിൽക്കലെ നാട മുറിച്ചു. തുടര്‍ന്ന് ബിഷപ്പുമാരും വൈദികരും ദേവാലയത്തിനുള്ളില്‍ പ്രവേശിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ എല്ലാവര്ക്കും സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് തിരുക്കര്‍മങ്ങള്‍ ആരംഭിച്ചു. തിരുവചന വായനകള്‍ക്കുശേഷം മാര്‍ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നല്കി.
തൈല കൂദാശയ്ക്കു ശേഷം ബലിപീഠത്തിന്റെയും ചുവരുകളുടെയും തിരുവസ്ത്രങ്ങളുടെയും അഭിഷേകം നടന്നു. ബലിപീഠം കൂദാശയ്ക്കുശേഷം തീര്‍ഥാടന കേന്ദ്രം റെക്ടര്‍ മോൺ. മാത്യു ചങ്ങങ്കരിയുടെ നേതൃത്വത്തില്‍ ബൈബിള്‍ പ്രദക്ഷിണവും ബൈബിള്‍ പ്രതിഷ്ഠയും നടത്തി.
പള്ളിയുടെ അകവും മോണ്ടളവും പ്രധാന കാര്‍മികനായ മാര്‍ ജോസഫ് പെരുന്തോട്ടവും ആർച്ച്ബിഷപ് മാർ തോമസ് തറയിലും ചേർന്നു വെഞ്ചരിച്ചു. പള്ളിയുടെ ഇരുവശങ്ങളില്‍ ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോയും ആർച്ച്ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസുമാണ് വിശുദ്ധ ജലം തളിച്ചത്. മദ്ബഹയിലെ വിശുദ്ധ സ്ലീവായും ഐക്കണുകളും ബാല്‍ക്കണിയും പ്രത്യേകം വെഞ്ചരിച്ചു. തുടര്‍ന്നാണ് ബസലിക്ക പ്രഖ്യാപനം നടന്നത്.