ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ ഉന്നയിച്ച കടുത്ത ആരോപണങ്ങളും 'ഇഡിയറ്റ്' എന്ന പരാമർശവും ഉൾപ്പെടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിവാദ പ്രയോഗങ്ങൾ ലോക്സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തു. ഭരണകക്ഷി എംപിമാരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്നാണ് സ്പീക്കറുടെ നടപടി.
ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തിന് നേരെ നടന്ന പോലീസ് നടപടിയിൽ അമിത് ഷായ്ക്കെതിരെ രാഹുൽ ഗാന്ധി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. വിദ്യാർഥികൾക്ക് നേരെ വെടിവെക്കാൻ നിർദേശം നൽകിയത് അമിത് ഷായാണെന്നും, അല്ലെങ്കിൽ സംഭവം അദ്ദേഹം അറിഞ്ഞിട്ടില്ലെന്നും അത് അദ്ദേഹത്തിന്റെ കഴിവുകേടിനെയാണ് സൂചിപ്പിക്കുന്നതെന്നുമാണ് രാഹുൽ ഗാന്ധി പറഞ്ഞത്.
കൂടാതെ അമിത് ഷാ സഭയിലെത്താൻ ഭയപ്പെടുന്നുവെന്നും, വിദ്യാഭ്യാസ മേഖലയെ ആർഎസ്എസ് അട്ടിമറിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വിദ്യാർഥിയുമായുള്ള സംഭാഷണം ഉദ്ധരിച്ച് രാഹുൽ നടത്തിയ 'ഇഡിയറ്റ്' പരാമർശത്തിനെതിരെ കേന്ദ്രമന്ത്രി കിരൺ റിജിജു അടക്കമുള്ളവർ രംഗത്തെത്തുകയും സഭയിൽ വലിയ ബഹളം ഉണ്ടാവുകയും ചെയ്തു. തുടർന്നാണ് വിവാദ ഭാഷാ പ്രയോഗങ്ങൾ സഭാ രേഖകളിൽ നിന്ന് ഒഴിവാക്കാൻ സ്പീക്കർ തീരുമാനിച്ചത്.