വിഴിഞ്ഞം: ചരിത്രം കുറിച്ച് എംഎസ്സി യുടെ ലൊറോട്ട വിഴിഞ്ഞത്തെത്തി, ഒറ്റത്തവണ 17,400 കണ്ടെയ്നറുകൾ കൈകാര്യം ചെയ്തു മടങ്ങി. ഇന്ത്യയിലെ എല്ലാ തുറമുഖങ്ങളെയും കടത്തി വെട്ടിയ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ലോകത്തിലെ ഏതു തരം കപ്പലുകളെയും നിഷ്പ്രയാസം കൈകാര്യം ചെയ്യാമെന്ന് തെളിയിച്ചു.
വിഴിഞ്ഞത്തിന്റെ ചരിത്രത്തിലെ ശ്രദ്ധേയമായ നാഴികക്കല്ലിന് നാന്ദികുറിച്ചാണ് സിംഗപ്പൂരിൽനിന്ന് കൊളംബോയിലേക്കുള്ള യാത്രാമധ്യേയുള്ള ലൊറോട്ടയുടെ വരവ്. എംഎസ്സി ഐറീന ശ്രേണിയിലെ ആറ് അൾട്രാ ലാർജ് കണ്ടെയ്നർ വെസലുകളിൽ ഒന്നായ ലൊറോട്ടക്ക് 399.99 മീറ്റർ നീളവും 61.33 മീറ്റർ വീതിയും 11.6 മീറ്റർ ആഴവുമുണ്ട്. 2023 നിർമിച്ച ലൈബീരിയൻ രജിസ്ട്രേഷനുള്ള കപ്പലിനെ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിൽ ഒന്നായി അംഗീകരിക്കപ്പെട്ടതാണ്.
ഒരു ആഗോള ട്രാൻസ്ഷിപ്മെന്റ് ഹബ്ബ് എന്ന നിലയിൽ വളർന്നുവരുന്ന വിഴിഞ്ഞത്തിന്റെ കഴിവിന്റെ മറ്റൊരു തെളിവാണിതെന്ന് അധികൃതർ പറയുന്നു. രണ്ടു വർഷത്തിനുള്ളിൽ ഇന്നലെ വരെ 1141 കപ്പലുകൾ അടുത്ത വകയിൽ 24.2 ലക്ഷം കണ്ടെയ്നറുകളും കൈകാര്യം ചെയ്തു. എന്നാൽ ഇവയിൽ ഒന്നുപോലും കരവഴി കയറ്റി അയക്കാനായിട്ടില്ലെന്ന വസ്തുതയുമുണ്ട്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 29ന് എംഎസ്സിയുടെ ചരക്ക് കപ്പലായ ബെറിനിൽ രണ്ട് കണ്ടെയ്നറുകൾ കയറ്റി അയച്ച് ഉദ്ഘാടനം കഴിഞ്ഞശേഷം വിവിധ ഏജൻസികൾ വഴി കേരളത്തിൽനിന്നു കടൽ കടന്നതു വെറും പത്തോളം കണ്ടെയ്നറുകൾ മാത്രം. ആദ്യദിനം ചിപ്സും വറ്റലും മറയൂർ ശർക്കരയും ഉൾപ്പെടെയുള്ള വസ്തുക്കൾ കയറ്റി അയച്ച ആസ്പിൻ വാളിന്റെ വകയായ സംസ്കരിച്ച ചോറും കറിയും സാമ്പാറുമെല്ലാം കൊച്ചി വഴി കപ്പൽ കയറിയപ്പോൾ കാൽഷ്യന്റെ ക്ലേ കയറ്റി വിട്ട ചാക്യാട്ട് എക്സ്പോർട്ട് അധികൃതർ ഇങ്ങോട്ടു തിരിഞ്ഞുനോക്കിയില്ല. രണ്ടു വർഷത്തിനുള്ളിൽ ഇരുപത്തിനാല് ലക്ഷത്തിൽപ്പരം കണ്ടെയ്നർ കടൽമാർഗം വന്നു കടൽമാർഗം പോയപ്പോഴാണ് കേരളത്തുകാർക്ക് അവകാശപ്പെടാൻ പത്തിൽപ്പരം കണ്ടെയ്നറുകളിൽ ഒതുങ്ങിയത്.