District News
കൊട്ടിയൂർ: കൊട്ടിയൂർ- ബോയ്സ് ടൗൺ ചുരം പാതയിലെ പാൽച്ചുരം ആശ്രമം ജംഗ്ഷന് സമീപം ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. തമിഴ്നാട് സ്വദേശി സെന്തിൽകുമാറാറാണ് (54) മരിച്ചത്. സഹായി സെന്തിൽ (44) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഞായറാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. ഛത്തീസ്ഗഡിൽ നിന്ന് കമ്പിയുമായി കണ്ണൂരിലേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.റോഡിൽ നിന്നും കൊക്കയിലേക്ക് മറിഞ്ഞ ലോറി മരത്തിൽ തങ്ങിനിൽക്കുകയായിരുന്നു.
പേരാവൂർ, മാനന്തവാടി എന്നിവിടങ്ങളിൽ നിന്നുമെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും കേളകം പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ സെന്തിൽകുമാറിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
District News
കണ്ണൂർ: കണ്ണൂർ നഗരമധ്യത്തിൽ ലോറിയിടിച്ച് ഇതര സംസ്ഥാന തൊഴിലാളി തത്ക്ഷണം മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
തമിഴ്നാട് സ്വദേശിയാണെന്ന് സംശയിക്കുന്നു. ഇന്നലെ രാവിലെ 9.45 ഓടെ കാൾടെക്സ് ജംഗ്ഷനു സമീപത്തെ വൈദ്യുത ഭവനു മുന്നിലായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ നിലത്തുവീണയാളുടെ തലയിലൂടെ ലോറി കയറിയിറങ്ങി. പോലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. റോഡിൽ പരന്നൊഴുകിയ രക്തം അഗ്നിരക്ഷാ സേനയെത്തി വെള്ളം ചീറ്റി വൃത്തിയാക്കിയശേഷമാണ് വാഹനങ്ങൾ കടത്തിവിട്ടത്.