നെടുങ്കണ്ടം: കുമളി-മൂന്നാർ സംസ്ഥാനപാതയിൽ ലോറി വഴിയിൽ കുടുങ്ങിയതോടെ രണ്ടു മണിക്കൂർ ഗതാഗതം സ്തംഭിച്ചു. കൽകൂന്തലിലെ സ്വകാര്യ ജൈവവള ഫാക്ടറിയിലേക്ക് അസംസ്കൃത വസ്തുക്കളുമായി എത്തിയ ലോറിയാണ് ഫാക്ടറിക്കു സമീപത്തെ വളവിൽ കുടുങ്ങിയത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. സംസ്ഥാന പാതയിൽ ഗതാഗതം സ്തംഭിച്ചതോടെ നൂറുകണക്കിന് വാഹനങ്ങൾ കുരുക്കിൽപ്പെട്ടു. ചെറിയ വാഹനങ്ങൾക്കു മാത്രമാണ് കടന്നുപോകാൻ കഴിഞ്ഞത്.
ക്രെയിൻ എത്തിച്ച് ലോറി ഉയർത്തിമാറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് ലോറിയിലുണ്ടായിരുന്ന പകുതിയോളം സാധനങ്ങൾ ഇറക്കിയശേഷം ക്രെയിൻ ഉപയോഗിച്ച് വാഹനം മാറ്റുകയായിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.