കൊച്ചി: ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പില്‍ നഷ്ടപ്പെട്ട 3,73,000 രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അക്കൗണ്ട് ഉടമയ്ക്കു തിരികെ നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്.
പണം നഷ്ടമായ കണ്ണൂര്‍ മട്ടന്നൂര്‍ പഴശിരാജ എന്‍എസ്എസ് കോളജ് റിട്ട. പ്രിന്‍സിപ്പല്‍ ടി.എല്‍. രമാദേവി നല്കിയ ഹര്‍ജിയിലാണു ജസ്റ്റീസ് ഹരിശങ്കര്‍. വി. മേനോന്റെ ഉത്തരവ്. ഹര്‍ജിക്കാരി ബാങ്കിംഗ് ഓംബുഡ്സ്മാന് ആദ്യം പരാതി നല്‍കിയെങ്കിലും തള്ളിയിരുന്നു. ഈ ഉത്തരവും കോടതി റദ്ദാക്കി. നാലാഴ്ചയ്ക്കകം പണം തിരികെ നല്‍കണമെന്നാണു നിര്‍ദേശം.2019 ജൂലൈയില്‍ എടിഎം കാര്‍ഡ് ബ്ലോക്കാകുമെന്ന് കാണിച്ച് രമാദേവിക്ക് വ്യാജ എസ്എംഎസും തുടര്‍ന്ന് ഫോണ്‍കോളും ലഭിച്ചു.
ആപ് രജിസ്റ്റര്‍ ചെയ്യാനെന്ന പേരില്‍ ഒടിപിയും കൈക്കലാക്കി. ഇതിനുപിന്നാലെ ഹര്‍ജിക്കാരിയുടെ അക്കൗണ്ടില്‍നിന്ന് 3,73,000 രൂപ നഷ്ടപ്പെടുകയായിരുന്നു. ഉടൻതന്നെ ബാങ്കിന്റെ കസ്റ്റമര്‍ കെയറിലും മട്ടന്നൂര്‍ പൊലിസിലും പരാതി നല്കി.
ഉപഭോക്താവിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്നു ചൂണ്ടിക്കാട്ടിയാണ് ബാങ്കിംഗ് ഓംബുഡ്സ്മാൻ ഹര്‍ജിക്കാരിയുടെ അപേക്ഷ തള്ളിയത്. എന്നാല്‍ റിസര്‍വ് ബാങ്ക് (ആര്‍ബിഐ) സര്‍ക്കുലര്‍ പ്രകാരം തട്ടിപ്പുവിവരം ഉടനടി ബാങ്കിനെ അറിയിച്ചിരുന്നതിനാല്‍ ഉപഭോക്താവിനു പൂര്‍ണസംരക്ഷണം നല്കാന് ബാങ്ക് ബാധ്യസ്ഥരാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
വ്യാജ സന്ദേശത്തില്‍ വഞ്ചിതയായി ഒടിപി കൈമാറി എന്നതിന്റെ പേരില്‍ ഉപഭോക്താവ് അറിഞ്ഞുകൊണ്ട് പണം നഷ്ടപ്പെടുത്തിയെന്നു പറയാനാകില്ലെന്നും കോടതി വ്യക്തമാക്കി.