തൃശൂര്‍: ലോട്ടറി ടിക്കറ്റിന്റെ അവസാന നമ്പര്‍ ലെഡ് പെന്‍സില്‍ ഉപയോഗിച്ച് തിരുത്തി സമ്മാനത്തുക തട്ടിയെടുത്ത സംഭവങ്ങളിലെ പ്രതി പിടിയിൽ. കൊല്ലം പുനലൂര്‍ സ്വദേശ് ഷാജ് (56) ആണ് അറസ്റ്റിലായത്.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി സമാന രീതിയില്‍ തട്ടിപ്പ് നടത്തിയതിന് ഇയാള്‍ക്കെതിരെ 13 കേസുകളുണ്ടെന്ന് പൊലിസ് പറഞ്ഞു. ഗുരുവായൂര്‍ മാഞ്ചിറ റോഡില്‍ ലോട്ടറി കച്ചവടം നടത്തുന്ന കോട്ടപ്പടി സ്വദേശി സുന്ദരന്റെ പരാതിയിലാണ് അറസ്റ്റ്. സമാന കേസില്‍ കാലടി പൊലിസാണ് പ്രതിയെ ആദ്യം അറസ്റ്റ് ചെയ്തത്.
വെളുത്ത കാറിലെത്തി ലോട്ടറി ടിക്കറ്റ് തിരുത്തി തട്ടിപ്പ് നടത്തി എന്നായിരുന്നു പൊലിസിന് ലഭിച്ച വിവരം. എന്നാല്‍ പ്രതിയെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക വിവരം ലഭിച്ചത്.
കൊല്ലം ജില്ലയിലെ ഒരു പെട്രോള്‍ പമ്പില്‍ നിന്ന് പ്രതി കാറില്‍ ഇന്ധനം നിറച്ചതായി കണ്ടെത്തി. ഇവിടെ ഇന്ധനത്തിന്റെ പണം ഗൂഗിള്‍ പേ വഴി നല്കിയതും അന്വേഷണത്തില്‍ ശ്രദ്ധയില്‍പ്പെട്ടു. ഈ ഡിജിറ്റല്‍ ഇടപാടിന്റെ വിവരങ്ങള്‍ പിന്തുടര്ന്നാണ് പൊലിസ് പ്രതിയെ പിടികൂടിയത്
ഗുരുവായൂര്‍ എസി പി.എം. സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍, ടെമ്പിള്‍ പൊലീസ് എസ്എച്ച്ഒ കെ.ജി. ജയപ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം കാലടിയില്‍ നിന്നും ഷാജിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.