കൊച്ചി: ദേശീയ വാസ്കുലർ ദിനാചരണത്തിന്റെ ഭാഗമായി ലൂർദ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാസ്കുലർ ആൻഡ് എൻഡോവാസ്കുലർ സയൻസസ് , വാസ്കുലർ സൊസൈറ്റി ഓഫ് കേരള എന്നിവയുടെ സഹകരണത്തോടെ സേവ് എവരി എ.വി. ഫിസ്റ്റുല എന്ന പേരിൽ വർഷം നീളുന്ന ബോധവത്കരണ കാമ്പയിന് ലൂർദ് ആശുപത്രിയിൽ തുടക്കമായി. ഡയാലിസിസ് രോഗികളുടെ ജീവരേഖയായ എ.വി. ഫിസ്റ്റുലയുടെ പ്രാധാന്യം പൊതുജനങ്ങളിലേക്കും രോഗികളിലേക്കും ആരോഗ്യ പ്രവർത്തകരിലേക്കും എത്തിക്കുകയാണ് ലക്ഷ്യം.
ലൂർദ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റും അസോസിയേഷൻ ഓഫ് കൊച്ചിൻ നെഫ്രോളജിസ്റ്റ്സ് പ്രസിഡന്റുമായ ഡോ. മാമൻ എം. ജോൺ ബോധവത്കരണ കാമ്പയിൻ ഉദ്ഘാടനം ചെയ്തു.
ലൂർദ് ആശുപത്രിയിലെ നെഫ്രോളജി ആൻഡ് ഡയാലിസിസ് സെന്ററിന്റെ സേവനങ്ങൾ പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററി വീഡിയോ പ്രദർശിപ്പിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഡയാലിസിസ് രോഗികൾക്ക് ഓർത്തോപീഡിക് വിഭാഗം മേധാവിയും റോട്ടറി ക്ലബ് കൊച്ചിൻ ഗ്ലോബലിനന്റെ പ്രസിഡന്റുമായ ഡോ. ജോൺ ടി. ജോൺ, ഡയലൈസർ കിറ്റുകൾ വിതരണം ചെയ്തു. ഡോ. പുന്നൂസ് തോമസ്, ഡോ. രാഹുൽ രാജൻ എന്നിവർ ബോധവത്കരണ ക്ലാസ് നയിച്ചു.
വാസ്കുലർ സർജറി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. വിമൽ ഐപ്പ് , മെഡിക്കൽ സൂപ്രണ്ട് ഡോ. സന്തോഷ് ജോൺ ഏബ്രഹാം, ലൂർദ് ആശുപത്രി നെഫ്രോളജി വിഭാഗം മേധാവി ഡോ. ബിനു ഉപേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ പങ്കെടുത്തവരിൽ അർഹരായവർക് ലൂർദ് ആശുപത്രിയിൽ എ.വി. ഫിസ്റ്റുല ശസ്ത്രക്രിയ സൗജന്യമായി നടത്തി നൽകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.