ന്യൂഡൽഹി: പ്രമുഖ ഭക്ഷ്യോത്പന്ന നിർമാണ കമ്പനിയായ നെസ്ലെയുടെ ‘ലോ ഫാറ്റ് ഡെയറി വൈറ്റ്നർ’’ സുരക്ഷിതമല്ലെന്നും ഗുണനിലവാരമില്ലാത്തതാണെന്നും ഭക്ഷ്യസുരക്ഷാ ഗുണനിലവാര അഥോറിറ്റി.
ഡൽഹി കോണാട്ട് പ്ലേസിലെ ഭാരത് ഹോട്ടൽസിന്റെ (ദ് ലളിത്) വളപ്പിൽനിന്നു ശേഖരിച്ച സാമ്പിൾ ലാബ് പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് ഭക്ഷ്യസുരക്ഷ നിയമപ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നു കണ്ടെത്തിയത്.
പരിശോധനാറിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്ന് ഇതിന്റെ വിൽപന ഉടനടി നിർത്തിവയ്ക്കാൻ ഭാരത് ഹോട്ടൽസിന് എഫ്എസ്എസ്എഐ നിർദേശം നൽകി. റിപ്പോർട്ടിനെതിരേ അപ്പീൽ നൽകാൻ കമ്പനിക്ക് സമയപരിധി അനുവദിച്ചിട്ടുണ്ട്.
പൊതുജനങ്ങൾ ഇത്തരം ബാച്ചുകളിലെ ഉത്പന്നങ്ങൾ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും മുന്പ് വിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിർദിഷ്ട ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്ത പായ്ക്ക് ചെയ്ത ഭക്ഷ്യോത്പന്നങ്ങൾക്കെതിരേ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.