ലിസ്ബണ്‍: ഫിഫ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ജിയാനി ഇന്‍ഫാന്റീനോ രാജിവയ്ക്കണമെന്ന ആവശ്യക്കാരുടെ പട്ടികയിലേക്ക് പോര്‍ച്ചുഗല്‍ ഇതിഹാസം ലൂയി ഫിഗോയും. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ഫിഗോ, ഇന്‍ഫാന്റീനോയുടെ രാജി ആവശ്യപ്പെട്ടത്.
“ഫുട്ബോള്‍ ലോകത്തിലെ മറ്റു പലര്‍ക്കുമൊപ്പം ഞാനും ജിയാനി ഇന്‍ഫാന്റീനോ ഫിഫ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നു. ഉന്നതമാക്കേണ്ട കസേരയെ അപമതിപ്പിലേക്ക് അദ്ദേഹം തള്ളിവിട്ടു. അദ്ദേഹത്തിന്റെ മുതിര്‍ന്ന സ്റ്റാഫുകളുടെയും ഉപദേശകരുടെയും ആരാധകരുടെയും വിശ്വാസം നഷ്ടപ്പെടുത്തി. ഫുട്ബോളിനെ രക്ഷിക്കാനുള്ള സമയം അതിക്രമിച്ചിട്ടില്ല.''- ഫിഗോ കുറിച്ചു.
പോര്‍ച്ചുഗലിന്റെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളാണ് ലൂയി ഫിഗോ. പോര്‍ച്ചുഗലിനായി 127 മത്സരങ്ങളില്‍നിന്ന് 32 ഗോള്‍ ഈ വിംഗര്‍ സ്വന്തമാക്കി. സ്പോര്‍ട്ടിംഗ്, ബാഴ്സലോണ, റയല്‍ മാഡ്രിഡ്, ഇന്റര്‍ മിലാന് ടീമുകള്‍ക്കായി പന്തുതട്ടി.