ബ്രസീലിയ: ബ്രസീലിയൻ പൊതുതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പ്രസിഡന്റ് ലുലാ ഡാ സിൽവയ്ക്ക് എതിർ സ്ഥാനാർഥി ഫ്ലാവിയോ ബോൾസൊനാരോയേക്കാൾ നേരിയ മുൻതൂക്കമുണ്ടെങ്കിലും ജയിക്കാനാവശ്യമായ 50 ശതമാനം വോട്ടുകൾ അദ്ദേഹം നേടില്ലെന്നു സൂചന. പ്രസിഡന്റ് സ്ഥാനത്തിലായി ലുലായും ഫ്ലാവിയോയും തമ്മിൽ രണ്ടാംഘട്ട വോട്ടെടുപ്പ് വേണ്ടിവന്നേക്കും.
ലുലായും ഫ്ലാവിയോയും നാല്പതു ശതമാനത്തിനു മുകളിൽ വോട്ട് നേടുമെന്നാണ് അഭിപ്രായ സർവേകൾ പ്രവചിച്ചത്. ഇതര സ്ഥാനാർഥികളാരും പത്തു ശതമാനത്തിനു മുകളിൽ വോട്ട് നേടില്ല. ഈ മാസം 25നായിരിക്കും രണ്ടാം ഘട്ട വോട്ടെടുപ്പ്.
പാർലമെന്റ്, സംസ്ഥാന നിയമസഭകൾ, ഗവർണർ പദവികൾ തുടങ്ങിയവയിലേക്കും ഇന്നലെ തെരഞ്ഞെടുപ്പ് നടന്നു.
തെരഞ്ഞെടുപ്പു പരാജയം അട്ടിമറിക്കാൻ കലാപം നടത്തിയതിനു ജയിലിൽ കഴിയുന്ന മുൻ പ്രസിഡന്റ് ജയിർ ബോൾസൊനാരോയുടെ മകനാണ് ഫ്ലാവിയോ. ജയിച്ചാൽ പിതാവിനു മാപ്പുനല്കി മോചിപ്പിക്കുമെന്ന് അദ്ദേഹം പ്രചാരണത്തിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ലുലാ ഭരണം തുടരുന്നത് അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിനു തലവേദനയാകും. ബ്രസീലിൽ ഇടപെടാനുള്ള ട്രംപിന്റെ നീക്കങ്ങളെ ലുലാ ശക്തമായി എതിർത്തിരുന്നു.