കൊല്ലം: സ്കൂളുകളിലും കോളജുകളിലും പഠിക്കുന്ന പട്ടികജാതി, വർഗ വിദ്യാർഥികളുടെ ലംപ്സം ഗ്രാന്റും സ്റ്റൈപ്പന്റും കാലോചിതമായി വർധിപ്പിക്കണമെന്ന് കേരള പാണൻ സമാജം സംസ്ഥാന കൺവൻഷൻ ആവശ്യപ്പെട്ടു. അഡ്വ. വിഷ്ണു മോഹൻ ഉദ്ഘാടനം ചെയ്തു. സമാജം സംസ്ഥാന പ്രസിഡന്റ് ബി. അജിനികുമാർ അധ്യക്ഷത വഹിച്ചു. അംഗങ്ങൾക്കുള്ള ചികിത്സാ ധന സഹായ വിതരണവും മുതിർന്ന കലാകാരന്മാരെ ആദരിക്കലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെര ഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ അനുമോദിക്കലും എംഎൽഎ നിർവഹിച്ചു.
ഉന്നത വിജയികളായവരെ സംസ്ഥാന അധ്യപക പുരസ്കാര ജേതാവ് രാജൻ കോസ്മിക്ക് ആദരിച്ചു. വിദ്യാഭ്യാസ അവാർഡുകൾ സാംസ്കാരിക പ്രവർത്തകൻ ബിജുമോൻ പന്തിരുകുലം വിതരണം ചെയ്തു. പട്ടികജാതി വികസന വകുപ്പിന്റെ ക്ഷേമ പദ്ധതികളെക്കുറിച്ച് ഡെപ്യൂട്ടി ഡയറക്ടർ എം.ജെ. അരവിന്ദാക്ഷൻ ചെട്ടിയാർ പ്രസംഗിച്ചു. രക്ഷാധികാരി ആശ്രാമം പി. തങ്കപ്പൻ പതാക ഉയർത്തി.