കോൽക്കത്ത: ശ്വാസകോശത്തിൽ കുടുങ്ങിയ കാന്തം പ്രത്യേക കാന്തംകൊണ്ട് പുറത്തെടുത്തു. ബദുരിയ സ്വദേശി അറഫാത്ത് അലി (ആറ്) എന്ന കുട്ടിയാണ് കോൽക്കത്ത മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരുടെ കൂട്ടായ പരിശ്രമത്തിലൂടെ പുതിയൊരു ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
തുടർച്ചയായ ചുമയും ശ്വാസതടസവും അനുഭവപ്പെട്ടതിനെത്തുടർന്നാണ് അമ്മ കുട്ടിയെ കോൽക്കത്ത മെഡിക്കൽ കോളേജിലെ ഇഎൻടി വിഭാഗത്തിൽ എത്തിച്ചത്. തുടർന്ന് നടത്തിയ എക്സ്റേയിലും സിടി സ്കാനിലും കുട്ടിയുടെ വലത് ശ്വാസകോശത്തിൽ ഒരു ചെറിയ കാന്തം കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.
ബ്രോങ്കോസ്കോപ്പിയിലൂടെ കാന്തം പുറത്തെടുക്കാൻ ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും അതത്ര എളുപ്പമായിരുന്നില്ല. ഫോഴ്സെപ്സ് ഉപയോഗിച്ച് പലതവണ പുറത്തെടുക്കാൻ നോക്കിയെങ്കിലും ലോഹനിർമിതമായ ഉപകരണത്തിൽ കാന്തം പിടി കിട്ടാതെ വഴുതിപ്പോയി. ഒടുവിൽ കുട്ടിക്ക് ശ്വസിക്കാൻ ബദൽ മാർഗമൊരുക്കാൻ ട്രക്കിയോസ്റ്റമി ചെയ്യേണ്ടി വന്നു.
നെഞ്ച് തുറന്നുള്ള ശസ്ത്രക്രിയായ തൊറാക്കോട്ടമി നടത്താൻ ആലോചിച്ചെങ്കിലും പീഡിയാട്രിക് ഐസിയു സൗകര്യമില്ലായിരുന്നു. തുടർന്ന്, ശ്വാസകോശത്തിലുള്ള കാന്തത്തെ മറ്റൊരു ശക്തിയേറിയ കാന്തം ഉപയോഗിച്ച് ആകർഷിച്ച് പുറത്തെടുക്കാമെന്ന ആശയം ഡോക്ടർമാരുടെ മനസിൽ ഉദിക്കുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഡോ. ദിപ്ത്താൻഷു മുഖോപാധ്യായ മാനിക്തലയിലെത്തി പ്രഭാകർ കരാർ എന്ന ലെയ്ത് പണിക്കാരന്റെ സഹായം തേടി. കുട്ടിയുടെ എക്സ്റേ പരിശോധിച്ച പ്രഭാകർ, ഉള്ളിലുള്ളത് കളിപ്പാട്ടങ്ങളിൽ ഉപയോഗിക്കുന്ന സാധാരണ കാന്തമാണെന്നും അതുകൊണ്ടാണ് ഫോഴ്സെപ്സിൽ പിടി കിട്ടാത്തതെന്നും തിരിച്ചറിഞ്ഞു. തുടർന്ന് മെഡിക്കൽ ഉപകരണത്തിന്റെ അഗ്രത്തിൽ ഘടിപ്പിക്കാൻതക്കവണ്ണം പ്രത്യേക ശക്തിയുള്ള ഒരു കാന്തം അദ്ദേഹം നിർമിച്ചുനൽകി.
ഡോ. സൗമേന്ദ്രനാഥ് ബാനർജിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച ഉച്ചയോടെ വീണ്ടും ശസ്ത്രക്രിയ നടത്തി. പ്രത്യേകം നിർമിച്ച കാന്തം ഉപകരണത്തിന്റെ അഗ്രത്തിൽ ഘടിപ്പിച്ച് ശ്വാസകോശത്തിൽ കുടുങ്ങിയ കാന്തത്തിന് സമീപമെത്തിച്ചു. പ്രത്യേക കാന്തത്തിന്റെ ആകർഷണശക്തിയിൽ ചെറിയ കാന്തം ഉപകരണത്തിലേക്ക് ഒട്ടിപ്പിടിക്കുകയായിരുന്നു. അങ്ങനെ മൂന്നുദിവസത്തോളമായി 13 തവണ നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് കുട്ടിയുടെ ശ്വാസകോശത്തിൽ നിന്ന് കാന്തം പുറത്തെടുത്തത്.
ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ കുട്ടി നിലവിൽ നിരീക്ഷണത്തിലാണ്. ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചതിൽ സന്തോഷമുണ്ടെന്ന് പ്രഭാകർ കരാർ പ്രതികരിച്ചു.