ലണ്ടൻ: 2026-ലെ ബലോണ്‍ ദോര്‍ പുരസ്കാര വേദിയിൽ ആഡംബര വാച്ചുമായി ശ്രദ്ധാകേന്ദ്രമായി ഇംഗ്ലണ്ട് ഫുട്ബോൾ താരം ഹാരി കെയ്ൻ. ഏകദേശം 1.3 ദശലക്ഷം യൂറോ (13 കോടിയിലേറെ ഇന്ത്യൻ രൂപ) വിലമതിക്കുന്ന റോളക്സ് വാച്ചാണ് താരം ധരിച്ചതെന്നാണ് റിപ്പോർട്ടുകൾ.
റോളക്സിന്റെ "ഡേടോണ വൈറ്റ് ഗോൾഡ് ബ്ലൂ സഫയർ' മോഡലാണ് കെയ്ൻ അണിഞ്ഞതെന്നാണ് വിവരം. 18 കാരറ്റ് വൈറ്റ് ഗോൾഡിൽ നിർമിച്ച ഈ വാച്ചിൽ 36 നീല സഫയറുകൾ പതിച്ചിട്ടുണ്ട്.
കമ്പനിയുടെ സാധാരണ വിലപ്പട്ടികയിൽ ഉൾപ്പെടാത്ത അപൂർവ മോഡലാണിതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടെന്നീസ് ഇതിഹാസം റോജർ ഫെഡററുടെ കൈവശവും സമാനമായ മോഡലുണ്ടെന്നാണ് വിവരം.
മറ്റ് താരങ്ങളുടെ ആഡംബര വാച്ചുകളും ശ്രദ്ധേയമായി
ചടങ്ങിൽ പങ്കെടുത്ത മറ്റു താരങ്ങളും വിലകൂടിയ വാച്ചുകൾ ധരിച്ചിരുന്നു. ഉസ്മാൻ ഡെംബെലെ ഏകദേശം 7.65 ലക്ഷം യൂറോ വിലമതിക്കുന്ന റിച്ചാർഡ് മില്ലെ വാച്ച് അണിഞ്ഞപ്പോൾ, ലാമിൻ യമാൽ ഏകദേശം 2.4 ലക്ഷം യൂറോ വിലയുള്ള വാച്ചാണ് ധരിച്ചതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, സൂപ്പർതാരം കിലിയൻ എംബാപ്പെ താരതമ്യേന കുറഞ്ഞ വിലയുള്ള ഹുബ്ലോട്ട് വാച്ചാണ് തെരഞ്ഞെടുത്തത്. ഏകദേശം 22,000 യൂറോയാണ് ഇതിന്റെ വിലയെന്നും റിപ്പോർട്ടിൽ പറയുന്നു.