കൊച്ചി: മാക്ടയും രാജഗിരി കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് അപ്ലൈഡ് സയൻസസും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് രാജഗിരി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിനു തുടക്കമായി.
കോളജ് ഓഡിറ്റോറിയത്തിൽ സംവിധായകൻ ജൂഡ് ആന്റണി ഉദ്ഘാടനം ചെയ്തു.
രാജഗിരി കോളജ് ഡയറക്ടർ ഫാ. അജീഷ് പുതുശേരി അധ്യക്ഷത വഹിച്ചു. സംവിധായകനും നടനുമായ മധുപാൽ, മാക്ട ചെയർമാൻ ജോഷി മാത്യു, മാക്ട ജനറൽ സെക്രട്ടറി ശ്രീകുമാർ അരൂക്കുറ്റി, പ്രിൻസിപ്പൽ ഡോ. ലാലി മാത്യു, ഫെസ്റ്റിവൽ കൺവീനർ എ.സി. രഞ്ജു, ബാബു പള്ളാശേരി എന്നിവർ പങ്കെടുത്തു. അന്തരിച്ച ചലച്ചിത്ര പ്രവർത്തകൻ ജോൺ പോളിന്റെ അനുസ്മരണവും നടന്നു.
ജോൺ പോൾ രചിച്ച പുസ്തകങ്ങളുടെ ശേഖരം മകൾ ജിഷ ജോൺ മാക്ടയ്ക്കും രാജഗിരി കോളജിനുമായി കൈമാറി. ഒക്ടോബർ 15 വരെ നീളുന്ന മേളയുടെ ആദ്യദിനം തിയറ്റർ: മിത്ത് ഓഫ് റിയാലിറ്റി, ആദി സ്നേഹത്തിന്റെ വിരുന്നുമേശ, ഭൂതലം എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. ഇന്ന് നിഴലാഴം, ചാവുകല്യാണം, അനന്തതയിലേക്ക് (ഡോക്യുമെന്ററി), ശേഷിപ്പുകൾ, ഖിഡ്കി ഗാവ് (ഹിന്ദി), കോലാഹലം എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും.