ഉളിക്കൽ: ജൽ ജീവൻ മിഷൻ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളെ തുടർന്ന് വിവിധ സ്ഥലങ്ങളിൽ അപകടങ്ങൾ വർധിക്കുകയും പൈസക്കരിയിൽ വിദ്യാർഥി മരണമടയുകയും ചെയ്ത സാഹചര്യത്തിൽ എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടേയും, പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സാന്നിധ്യത്തിൽ ചേർന്ന അവലോകന യോഗത്തിൽ മഴക്കാലം അവസാനിക്കുന്നതുവരെ റോഡ് പൊളിക്കൽ പ്രവൃത്തികൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചിരുന്നു.
ഇതിനു വിരുദ്ധമായി ഉളിക്കൽ ടൗണിൽ രാത്രിയിൽ പുതിയ നിർമാണ പ്രവൃത്തി നടത്താനുള്ള ശ്രമം സജീവ് ജോസഫ് എംഎൽഎ കഴിഞ്ഞദിവസം രാത്രി നേരിട്ടെത്തി തടഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എംഎൽഎ പ്രവൃത്തി ഉടൻ നിർത്തിവയ്പ്പിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നടപടി ചോദ്യം ചെയ്യുകയും ചെയ്തു.
നിർമാണം നടന്ന സ്ഥലങ്ങളിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടും അപകടസാധ്യതയും ഉണ്ടാകാത്ത വിധത്തിൽ അടിയന്തര സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും അദ്ദേഹം നിർദേശം നൽകി.