നഗോയ: ഏഷ്യൻ ഗെയിംസിൽ ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നതിനിടെ ബോധരഹിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച എംഎംഎ താരം മത്സരത്തിൽ നിന്ന് പിൻമാറി. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം സഞ്ജീവ് സന്യാലിന്റെ മകൻ വരുൺ സന്യാൽ ആണ് പിൻമാറിയത്.
ഏഷ്യൻ ഗെയിംസിൽ ആദ്യമായി ഉൾപ്പെടുത്തിയ മിക്സഡ് മാർഷ്യൽ ആർട്സിലായിരുന്നു വരുൺ മത്സരിക്കേണ്ടിയിരുന്നത്. ഞായറാഴ്ച നടന്ന പുരുഷൻമാരുടെ ട്രഡീഷണൽ എംഎംഎ 77 കിലോഗ്രാം വിഭാഗത്തിലാണ് വരുൺ മത്സരിക്കേണ്ടിയിരുന്നത്.
മത്സരത്തിന് മുമ്പായി ഭാരം 77 കിലോഗ്രാമിലെത്തിക്കാൻ 'സോന' ഉപയോഗിക്കുന്നതിനിടെയായിരുന്നു വരുൺ ബോധരഹിതനായത്. ഉടൻതന്നെ വരുണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ വരുൺ അപകടനില തരണം ചെയ്തെങ്കിലും മത്സരത്തിൽ നിന്ന് പിൻമാറിയതായി എംഎംഎ സ്പോർട്സ് ഫെഡറേഷൻ പ്രസിഡന്റ് നിഖിൽ കുന്ദേര പ്രതികരിച്ചു.