Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Machine Gun

യു​ക്രെ​യ്നി​ലെ യ​ന്ത്ര​യു​ദ്ധം

റ​ഷ്യ​ൻ അ​ധി​നി​വേ​ശ​ത്തി​നെ​തി​രേ അ​ഞ്ചു വ​ർ​ഷ​മാ​യി പോ​ര​ടി​ക്കു​ന്ന യു​ക്രെ​യ്ന്‍റെ യു​ദ്ധ​മു​ന്ന​ണി അ​ന്പ​ര​പ്പി​ക്കു​ന്ന മാ​റ്റ​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ആ​ദ്യം ത​ങ്ങ​ളു​ടെ ഡ്രോ​ൺ നി​ർ​മാ​ണ വൈ​ദ​ഗ്ധ്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി റ​ഷ്യ​യി​ൽ വ​ൻ നാ​ശ​ന​ഷ്‌​ടം വ​രു​ത്തി​യ യു​ക്രെ​യ്ൻ ഇ​പ്പോ​ൾ റോ​ബോ​ട്ടു​ക​ളും റി​മോ​ട്ട് ക​ൺ​ട്രോ​ൾ ടാ​ങ്കു​ക​ളും രം​ഗ​ത്തി​റ​ക്കി​യാ​ണ് റ​ഷ്യ​ൻ മു​ന്നേ​റ്റം ത​ട​യു​ന്ന​ത്. മാ​ത്ര​മ​ല്ല, റ​ഷ്യ കീ​ഴ​ട​ക്കി​യ ഖാ​ർ​കീ​വ് മേ​ഖ​ല​യി​ലെ കു​പി​യാ​ൻ​സ്കും സ്പോ​ർ​ജി​യ മേ​ഖ​ല​യി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളും തി​രി​ച്ചു​പി​ടി​ച്ചും യു​ക്രെ​യ്ൻ ശ​ക്തി തെ​ളി​യി​ച്ചു​ക​ഴി​ഞ്ഞു. ചു​രു​ക്ക​ത്തി​ൽ ടാ​ങ്കു​ക​ളും പീരങ്കികളും കാ​ലാ​ൾ​പ്പ​ട​യും നേ​ർ​ക്കു​നേ​ർ പോ​രാ​ടി​യി​രു​ന്ന പ​ര​മ്പ​രാ​ഗ​ത യു​ദ്ധ​ശൈ​ലി​യി​ൽ​നി​ന്നു മാ​റി യു​ദ്ധ​ക്ക​ളം ഇ​പ്പോ​ൾ പൂ​ർ​ണ​മാ​യും യ​ന്ത്ര​ങ്ങ​ൾ കൈ​ക്ക​ലാ​ക്കു​ക​യാ​ണ്.

മു​ന്പ് ആ​യി​ര​ക്ക​ണ​ക്കി​നു സൈ​നി​ക​ർ ചെ​യ്തി​രു​ന്ന അ​തീ​വ അ​പ​ക​ട​ക​ര​മാ​യ ദൗ​ത്യ​ങ്ങ​ൾ‌ റോ​ബോ​ട്ടു​ക​ളും ഡ്രോ​ണു​ക​ളും റി​മോ​ട്ട് ക​ൺ​ട്രോ​ൾ വാ​ഹ​ന​ങ്ങ​ളു​മാ​ണു നി​ർ​വ​ഹി​ക്കു​ന്ന​ത്. ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക​പ്പു​റം യു​ദ്ധ​മു​ഖ​ത്തു​ള്ള സൈ​നി​ക​ർ​ക്കാ​വ​ശ്യ​മാ​യ ആ​യു​ധ​ങ്ങ​ൾ, ഭ​ക്ഷ​ണം, വെ​ള്ളം എ​ന്നി​വ എ​ത്തി​ക്കു​ന്ന​തി​നും പ​രി​ക്കേ​റ്റ​വ​രെ സു​ര​ക്ഷി​ത​മാ​യി മാ​റ്റു​ന്ന​തി​നും യു​ക്രെ​യ്ൻ റോ​ബോ​ട്ടു​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്നു. ചി​ല റോ​ബോ​ട്ടു​ക​ളി​ൽ ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള ഹെ​വി മെ​ഷീ​ൻ ഗ​ണ്ണു​ക​ൾ ദി​വ​സ​ങ്ങ​ളോ​ളം ഒ​ളി​ച്ചി​രു​ന്ന് ശ​ത്രു​ക്ക​ളെ ആ​ക്ര​മി​ക്കാ​ൻ ശേ​ഷി​യു​ള്ള​വ​യാ​ണ്.

യു​ക്രെ​യ്നി​ലെ യു​ദ്ധ​ത​ന്ത്ര​ജ്ഞ​രു​ടെ നീ​ക്ക​ങ്ങ​ൾ​ക്കു​മു​ന്നി​ൽ വ​ൻ രാ​ജ്യ​മാ​യ റ​ഷ്യ പ​ത​റു​ക​യാ​ണെ​ന്നാ​ണു പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​തി​നാ​ൽ​ത​ന്നെ ഈ ​യു​ദ്ധ​ത്തി​ൽ “റ​ഷ്യ വി​ജ​യി​ക്കു​ന്നു​മി​ല്ല യു​ക്രെ​യ്ൻ പ​രാ​ജ​യ​പ്പെ​ടു​ന്നു​മി​ല്ലെ”ന്നാ​ണ് പാ​ശ്ചാ​ത്യ പ്ര​തി​രോ​ധ​വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്ന​ത്. ഡ്രോ​ണു​ക​ളു​ടെ​യും ആ​ളി​ല്ലാ ഗ്രൗ​ണ്ട് വെ​ഹി​ക്കി​ളു​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ ഈ ​വ​ർ​ഷം 600 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശം തി​രി​ച്ചു​പി​ടി​ക്കാ​ൻ യു​ക്രെ​യ്നാ​യി. ഡ്രോ​ൺ പ്ര​തി​രോ​ധ സം​വി​ധാ​ന​വും യു​ക്രെ​യ്ൻ വി​ക​സി​പ്പി​ച്ചു​ക​ഴി​ഞ്ഞു.

റ​ഷ്യ​യി​ൽ​നി​ന്നു​ള്ള 90 ശ​ത​മാ​നം ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളും ഇ​തു​വ​ഴി പ്ര​തി​രോ​ധി​ക്കാ​ൻ സാ​ധി​ക്കു​ന്നു. ആ​ധു​നി​ക യു​ദ്ധ​ത്തി​ൽ ഡ്രോ​ൺ നി​ർ​ണാ​യ​ക ആ​യു​ധ​മാ​യി മാ​റി​യി​രി​ക്കെ ഡ്രോ​ൺ പ്ര​തി​രോ​ധ സാ​ങ്കേ​തി​ക​വി​ദ്യ സ്വാ​യ​ത്ത​മാ​ക്കാ​ൻ അ​മേ​രി​ക്ക​വ​രെ യു​ക്രെ​യ്ന്‍റെ സ​ഹാ​യം തേ​ടി​ക്ക​ഴി​ഞ്ഞു. യു​ക്രെ​യ്ൻ അ​ടു​ത്തി​ടെ ഗ​ൾ​ഫ്‌​രാ​ജ്യ​ങ്ങ​ളി​ൽ ഡ്രോ​ൺ പ്ര​തി​രോ​ധ​സം​വി​ധാ​നം സ​ജ്ജ​മാ​ക്കി ന​ൽ​കി​യി​രു​ന്നു. ഈ ​സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ നേ​ര​ത്തേ ല​ഭ്യ​മാ​യി​രു​ന്നെ​ങ്കി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു സൈ​നി​ക​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​മാ​യി​രു​ന്നു​വെ​ന്നാ​ണ് യു​ക്രെ​യ്ൻ പ്ര​തി​രോ​ധ​വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്.

റോ​ബോ​ട്ടി​ക് യു​ദ്ധം

യു​ക്രെ​യ്ൻ സൈ​നി​ക​ർ കി​ലോ​മീ​റ്റ​റു​ക​ൾ​ക്ക​പ്പു​റ​മി​രു​ന്നു നി​യ​ന്ത്രി​ക്കു​ന്ന, സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ വ​ഹി​ച്ച റോ​ബോ​ട്ടി​ക് ഗ്രൗ​ണ്ട് ഡ്രോ​ണു​ക​ളു​ടെ ഒ​രു വ​ലി​യ നി​ര​യാ​ണ് ഇ​പ്പോ​ൾ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. കി​ട​ങ്ങു​ക​ളും കാ​ട്ടു​പ്ര​ദേ​ശ​ങ്ങ​ളും റ​ഷ്യ​ൻ പ്ര​തി​രോ​ധ​ക്കോ​ട്ട​ക​ളും മ​റി​ക​ട​ന്നു ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി ഇ​വ സ്വ​യം പൊ​ട്ടി​ത്തെ​റി​ക്കു​ന്നു. ഈ​വ​ർ​ഷം ആ​ദ്യ​മാ​സ​ങ്ങ​ളി​ൽ മാ​ത്രം ഇ​ത്ത​രം യ​ന്ത്ര​സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് 22,000ല​ധി​കം ദൗ​ത്യ​ങ്ങ​ൾ യു​ക്രെ​യ്ൻ ന​ട​ത്തി​യ​താ​യി പ്ര​സി​ഡ​ന്‍റ് വൊ​ളോ​ദി​മി​ർ സെ​ല​ൻ​സ്കി പ​റ​യു​ന്നു. പൊ​ട്ടി​ത്തെ​റി​ക്കു​ന്ന​തി​നു തൊ​ട്ടു​മു​ന്പ് മാ​ത്രം ശ​ബ്‌​ദം കേ​ൾ​പ്പി​ക്കു​ന്ന ഈ ​റോ​ബോ​ട്ടു​ക​ളെ റ​ഷ്യ​ൻ സൈ​നി​ക​ർ ‘സൈ​ല​ന്‍റ് ഡെ​ത്ത്’ (​നി​ശ​ബ്‌​ദ മ​ര​ണം) എ​ന്നാ​ണു വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

യു​ദ്ധ​രം​ഗ​ത്ത് റ​ഷ്യ​ൻ സൈ​ന്യം കി​ലോ​മീ​റ്റ​റു​ക​ളോ​ളം വ​രു​ന്ന വ​ലി​യ മ​ൺ​കോ​ട്ട​ക​ളും ബ​ങ്ക​റു​ക​ളും നി​ർ​മി​ച്ച് അ​തി​നു​ള്ളി​ൽ ഒ​ളി​ച്ചി​രി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ആ​കാ​ശ​ത്തു​നി​ന്നു​ള്ള ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ​നി​ന്നും മി​സൈ​ലു​ക​ളി​ൽ​നി​ന്നു​മു​ള്ള പ്ര​തി​രോ​ധം എ​ളു​പ്പ​മാ​യി​രു​ന്നു. ഇ​തോ​ടെ, ശ​ത്രു​വി​ന്‍റെ ഒ​ളി​ത്താ​വ​ള​ങ്ങ​ൾ​ക്ക​രി​കി​ലേ​ക്കു നേ​രി​ട്ടു​ചെ​ന്ന് ബോം​ബു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത് യു​ക്രെ​യ്ൻ സൈ​നി​ക​രു​ടെ ജീ​വ​നു വ​ലി​യ ഭീ​ഷ​ണി​യാ​കു​ക​യും ചെ​യ്തു. ഈ ​ക​ടു​ത്ത പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നും സ്വ​ന്തം സൈ​നി​ക​രു​ടെ ജീ​വ​ൻ പൂ​ർ​ണ​മാ​യി സം​ര​ക്ഷി​ച്ചു​കൊ​ണ്ട് റ​ഷ്യ​ൻ ഒ​ളി​ത്താ​വ​ള​ങ്ങ​ൾ​ക്കു​ള്ളി​ലേ​ക്കു നേ​രി​ട്ടെ​ത്തി ആ​ക്ര​മ​ണം ന​ട​ത്താ​നു​മാ​ണ് യു​ക്രെ​യ്ൻ റോ​ബോ​ട്ടു​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​ത്തു​ട​ങ്ങി​യ​ത്. അ​തു വി​ജ​യ​ത്തി​ലെ​ത്തു​ക​യും ചെ​യ്തു.

ഒ​രു കോ​ട്ട​പോ​ലെ റ​ഷ്യ​ൻ സൈ​ന്യം തീ​ർ​ത്ത ശ​ക്ത​മാ​യ പ്ര​തി​രോ​ധ​ത്തെ ത​ങ്ങ​ളു​ടെ ഭാ​ഗ​ത്തു ജീ​വ​ഹാ​നി വ​രാ​തെ​ത​ന്നെ പൂ​ർ​ണ​മാ​യി ത​ക​ർ​ക്കാ​ൻ പു​തി​യ ത​ന്ത്ര​ങ്ങ​ളി​ലൂ​ടെ യു​ക്രെ​യ്നു ക​ഴി​യു​ന്നു. മാ​ത്ര​മ​ല്ല, വ​ള​രെ കു​റ​ഞ്ഞ ചെ​ല​വി​ൽ നി​ർ​മി​ക്കാ​വു​ന്ന ഇ​ത്ത​രം റോ​ബോ​ട്ടു​ക​ൾ​ക്ക് റ​ഷ്യ​യു​ടെ വ​ലി​യ ആ​യു​ധ​ങ്ങ​ളെ​പ്പോ​ലും ന​ശി​പ്പി​ക്കാ​ൻ സാ​ധി​ക്കു​ന്നു​വെ​ന്നതും പ്ര​ധാ​ന​മാ​ണ്.

യു​ക്രെ​യ്ൻ സൈ​നി​ക​ർ​ക്ക് കി​ലോ​മീ​റ്റ​റു​ക​ൾ ദൂ​രെ സു​ര​ക്ഷി​ത​മാ​യി ഇ​രു​ന്നു​കൊ​ണ്ടു​ത​ന്നെ ശ​ത്രു​ക്ക​ളെ ല​ക്ഷ്യം വ​യ്ക്കാ​ൻ റോ​ബോ​ട്ടി​ക് ഗ്രൗ​ണ്ട് ഡ്രോ​ൺ മൂ​ലം സാ​ധി​ക്കു​ന്നു​ണ്ട്. അ​തി​നാ​ൽ, രാ​ത്രി​യെ​ന്നോ പ​ക​ലെ​ന്നോ ഇ​ല്ലാ​തെ റ​ഷ്യ​ൻ സൈ​നി​ക​ർ ഒ​ട്ടും പ്ര​തീ​ക്ഷി​ക്കാ​ത്ത സ​മ​യ​ത്തു​ത​ന്നെ ഇ​വ ബ​ങ്ക​റു​ക​ളി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി പൊ​ട്ടി​ത്തെ​റി​ക്കു​ക​യും വ​ലി​യ ആ​ഘാ​തം ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്നു. 

Latest News

Corehub Up