റഷ്യൻ അധിനിവേശത്തിനെതിരേ അഞ്ചു വർഷമായി പോരടിക്കുന്ന യുക്രെയ്ന്റെ യുദ്ധമുന്നണി അന്പരപ്പിക്കുന്ന മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്നു. ആദ്യം തങ്ങളുടെ ഡ്രോൺ നിർമാണ വൈദഗ്ധ്യം ഉപയോഗപ്പെടുത്തി റഷ്യയിൽ വൻ നാശനഷ്ടം വരുത്തിയ യുക്രെയ്ൻ ഇപ്പോൾ റോബോട്ടുകളും റിമോട്ട് കൺട്രോൾ ടാങ്കുകളും രംഗത്തിറക്കിയാണ് റഷ്യൻ മുന്നേറ്റം തടയുന്നത്. മാത്രമല്ല, റഷ്യ കീഴടക്കിയ ഖാർകീവ് മേഖലയിലെ കുപിയാൻസ്കും സ്പോർജിയ മേഖലയിലെ ചില പ്രദേശങ്ങളും തിരിച്ചുപിടിച്ചും യുക്രെയ്ൻ ശക്തി തെളിയിച്ചുകഴിഞ്ഞു. ചുരുക്കത്തിൽ ടാങ്കുകളും പീരങ്കികളും കാലാൾപ്പടയും നേർക്കുനേർ പോരാടിയിരുന്ന പരമ്പരാഗത യുദ്ധശൈലിയിൽനിന്നു മാറി യുദ്ധക്കളം ഇപ്പോൾ പൂർണമായും യന്ത്രങ്ങൾ കൈക്കലാക്കുകയാണ്.
മുന്പ് ആയിരക്കണക്കിനു സൈനികർ ചെയ്തിരുന്ന അതീവ അപകടകരമായ ദൗത്യങ്ങൾ റോബോട്ടുകളും ഡ്രോണുകളും റിമോട്ട് കൺട്രോൾ വാഹനങ്ങളുമാണു നിർവഹിക്കുന്നത്. ആക്രമണങ്ങൾക്കപ്പുറം യുദ്ധമുഖത്തുള്ള സൈനികർക്കാവശ്യമായ ആയുധങ്ങൾ, ഭക്ഷണം, വെള്ളം എന്നിവ എത്തിക്കുന്നതിനും പരിക്കേറ്റവരെ സുരക്ഷിതമായി മാറ്റുന്നതിനും യുക്രെയ്ൻ റോബോട്ടുകളെ ഉപയോഗിക്കുന്നു. ചില റോബോട്ടുകളിൽ ഘടിപ്പിച്ചിട്ടുള്ള ഹെവി മെഷീൻ ഗണ്ണുകൾ ദിവസങ്ങളോളം ഒളിച്ചിരുന്ന് ശത്രുക്കളെ ആക്രമിക്കാൻ ശേഷിയുള്ളവയാണ്.
യുക്രെയ്നിലെ യുദ്ധതന്ത്രജ്ഞരുടെ നീക്കങ്ങൾക്കുമുന്നിൽ വൻ രാജ്യമായ റഷ്യ പതറുകയാണെന്നാണു പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതിനാൽതന്നെ ഈ യുദ്ധത്തിൽ “റഷ്യ വിജയിക്കുന്നുമില്ല യുക്രെയ്ൻ പരാജയപ്പെടുന്നുമില്ലെ”ന്നാണ് പാശ്ചാത്യ പ്രതിരോധവിദഗ്ധർ വിലയിരുത്തുന്നത്. ഡ്രോണുകളുടെയും ആളില്ലാ ഗ്രൗണ്ട് വെഹിക്കിളുകളുടെയും സഹായത്തോടെ ഈ വർഷം 600 ചതുരശ്ര കിലോമീറ്റർ പ്രദേശം തിരിച്ചുപിടിക്കാൻ യുക്രെയ്നായി. ഡ്രോൺ പ്രതിരോധ സംവിധാനവും യുക്രെയ്ൻ വികസിപ്പിച്ചുകഴിഞ്ഞു.
റഷ്യയിൽനിന്നുള്ള 90 ശതമാനം ഡ്രോൺ ആക്രമണങ്ങളും ഇതുവഴി പ്രതിരോധിക്കാൻ സാധിക്കുന്നു. ആധുനിക യുദ്ധത്തിൽ ഡ്രോൺ നിർണായക ആയുധമായി മാറിയിരിക്കെ ഡ്രോൺ പ്രതിരോധ സാങ്കേതികവിദ്യ സ്വായത്തമാക്കാൻ അമേരിക്കവരെ യുക്രെയ്ന്റെ സഹായം തേടിക്കഴിഞ്ഞു. യുക്രെയ്ൻ അടുത്തിടെ ഗൾഫ്രാജ്യങ്ങളിൽ ഡ്രോൺ പ്രതിരോധസംവിധാനം സജ്ജമാക്കി നൽകിയിരുന്നു. ഈ സാങ്കേതികവിദ്യകൾ നേരത്തേ ലഭ്യമായിരുന്നെങ്കിൽ ആയിരക്കണക്കിനു സൈനികരുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നാണ് യുക്രെയ്ൻ പ്രതിരോധവിദഗ്ധർ പറയുന്നത്.
റോബോട്ടിക് യുദ്ധം
യുക്രെയ്ൻ സൈനികർ കിലോമീറ്ററുകൾക്കപ്പുറമിരുന്നു നിയന്ത്രിക്കുന്ന, സ്ഫോടകവസ്തുക്കൾ വഹിച്ച റോബോട്ടിക് ഗ്രൗണ്ട് ഡ്രോണുകളുടെ ഒരു വലിയ നിരയാണ് ഇപ്പോൾ ആക്രമണങ്ങൾക്കു നേതൃത്വം നൽകുന്നത്. കിടങ്ങുകളും കാട്ടുപ്രദേശങ്ങളും റഷ്യൻ പ്രതിരോധക്കോട്ടകളും മറികടന്നു ലക്ഷ്യസ്ഥാനത്തെത്തി ഇവ സ്വയം പൊട്ടിത്തെറിക്കുന്നു. ഈവർഷം ആദ്യമാസങ്ങളിൽ മാത്രം ഇത്തരം യന്ത്രസംവിധാനങ്ങൾ ഉപയോഗിച്ച് 22,000ലധികം ദൗത്യങ്ങൾ യുക്രെയ്ൻ നടത്തിയതായി പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറയുന്നു. പൊട്ടിത്തെറിക്കുന്നതിനു തൊട്ടുമുന്പ് മാത്രം ശബ്ദം കേൾപ്പിക്കുന്ന ഈ റോബോട്ടുകളെ റഷ്യൻ സൈനികർ ‘സൈലന്റ് ഡെത്ത്’ (നിശബ്ദ മരണം) എന്നാണു വിശേഷിപ്പിക്കുന്നത്.
യുദ്ധരംഗത്ത് റഷ്യൻ സൈന്യം കിലോമീറ്ററുകളോളം വരുന്ന വലിയ മൺകോട്ടകളും ബങ്കറുകളും നിർമിച്ച് അതിനുള്ളിൽ ഒളിച്ചിരിക്കാൻ തുടങ്ങിയതോടെ ആകാശത്തുനിന്നുള്ള ഡ്രോൺ ആക്രമണങ്ങളിൽനിന്നും മിസൈലുകളിൽനിന്നുമുള്ള പ്രതിരോധം എളുപ്പമായിരുന്നു. ഇതോടെ, ശത്രുവിന്റെ ഒളിത്താവളങ്ങൾക്കരികിലേക്കു നേരിട്ടുചെന്ന് ബോംബുകൾ സ്ഥാപിക്കുന്നത് യുക്രെയ്ൻ സൈനികരുടെ ജീവനു വലിയ ഭീഷണിയാകുകയും ചെയ്തു. ഈ കടുത്ത പ്രതിസന്ധി മറികടക്കാനും സ്വന്തം സൈനികരുടെ ജീവൻ പൂർണമായി സംരക്ഷിച്ചുകൊണ്ട് റഷ്യൻ ഒളിത്താവളങ്ങൾക്കുള്ളിലേക്കു നേരിട്ടെത്തി ആക്രമണം നടത്താനുമാണ് യുക്രെയ്ൻ റോബോട്ടുകളെ ഉപയോഗപ്പെടുത്തിത്തുടങ്ങിയത്. അതു വിജയത്തിലെത്തുകയും ചെയ്തു.
ഒരു കോട്ടപോലെ റഷ്യൻ സൈന്യം തീർത്ത ശക്തമായ പ്രതിരോധത്തെ തങ്ങളുടെ ഭാഗത്തു ജീവഹാനി വരാതെതന്നെ പൂർണമായി തകർക്കാൻ പുതിയ തന്ത്രങ്ങളിലൂടെ യുക്രെയ്നു കഴിയുന്നു. മാത്രമല്ല, വളരെ കുറഞ്ഞ ചെലവിൽ നിർമിക്കാവുന്ന ഇത്തരം റോബോട്ടുകൾക്ക് റഷ്യയുടെ വലിയ ആയുധങ്ങളെപ്പോലും നശിപ്പിക്കാൻ സാധിക്കുന്നുവെന്നതും പ്രധാനമാണ്.
യുക്രെയ്ൻ സൈനികർക്ക് കിലോമീറ്ററുകൾ ദൂരെ സുരക്ഷിതമായി ഇരുന്നുകൊണ്ടുതന്നെ ശത്രുക്കളെ ലക്ഷ്യം വയ്ക്കാൻ റോബോട്ടിക് ഗ്രൗണ്ട് ഡ്രോൺ മൂലം സാധിക്കുന്നുണ്ട്. അതിനാൽ, രാത്രിയെന്നോ പകലെന്നോ ഇല്ലാതെ റഷ്യൻ സൈനികർ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തുതന്നെ ഇവ ബങ്കറുകളിലേക്ക് ഇരച്ചുകയറി പൊട്ടിത്തെറിക്കുകയും വലിയ ആഘാതം ഉണ്ടാക്കുകയും ചെയ്യുന്നു.
പ്രതിസന്ധിഘട്ടത്തിലെ നേട്ടം
റഷ്യയുമായി തുടരുന്ന യുദ്ധത്തെത്തുടർന്ന് സൈനികരുടെ കടുത്ത ദൗർലഭ്യവും ഡോണൾഡ് ട്രംപ് അധികാരത്തിലേറിയതോടെ അമേരിക്കയിൽനിന്നുള്ള സൈനിക-സാന്പത്തിക സഹായം നിലച്ചതും മൂലം യുക്രെയ്ൻ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. റഷ്യൻ അധീശത്വത്തിനുമുന്നിൽ ഈ കൊച്ചുരാജ്യം കീഴടങ്ങിയേക്കുമെന്ന ഘട്ടംവരെ സംജാതമായി. ഈ സാഹചര്യത്തിലാണ് രാജ്യത്തെ പ്രതിരോധവിദഗ്ധർ പരിഹാരവുമായി എത്തുന്നത്.
യൂറോപ്യൻ സഖ്യകക്ഷികളുടെയും ബ്രിട്ടന്റെയും സാന്പത്തികസഹായംകൂടിയായതോടെ കാര്യങ്ങൾ എളുപ്പമായി. മനുഷ്യർക്കു പകരം ആളില്ലാ യുദ്ധസംവിധാനങ്ങളുടെ (അൺമാൻഡ് സിസ്റ്റംസ്) ഉപയോഗം വൻതോതിൽ വർധിപ്പിച്ചു. സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച ഗ്രൗണ്ട് റോബോട്ടുകൾ, ഡ്രോൺ കൂട്ടങ്ങൾ, റോബോട്ടിക് വിതരണ വാഹനങ്ങൾ, റിമോട്ടിൽ പ്രവർത്തിക്കുന്ന മെഷീൻ ഗണ്ണുകൾ എന്നിവയാണിപ്പോൾ യുക്രെയ്ന്റെ യുദ്ധമുന്നണിയിൽ അണിനിരക്കുന്നത്.
യുക്രെയ്ൻ പ്രതിരോധസ്ഥാപനമായ ഫയർ പോയിന്റ് അടുത്തിടെ വികസിപ്പിച്ച അത്യാധുനിക എഫ്പി-5 ഫ്ലാമിംഗോ മിസൈലും എഫ്പി-7 എക്സ് മിസൈൽ പ്രതിരോധസംവിധാനവും ഏറെ ഫലപ്രദമാണെന്നാണു വിലയിരുത്തൽ. അമേരിക്കയുടെ പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനത്തിനു സമാനമായ ഉയരത്തിലുള്ള ബാലിസ്റ്റിക് മിസൈലുകളെയും ഡ്രോണുകളെയും തടയാൻ ശേഷിയുള്ളതാണ് എഫ്പി-7 എക്സ് മിസൈൽ പ്രതിരോധ സംവിധാനം. ഇതിന്റെ നിർമാണച്ചെലവാകട്ടെ പേട്രിയറ്റിന്റെ നിർമാണച്ചെലവിന്റെ അഞ്ചിലൊന്നു മാത്രവുമാണ്.
കഴിഞ്ഞ മേയിൽ റഷ്യൻ സേന പിടിച്ചെടുത്തതിനേക്കാൾ കൂടുതൽ ഭൂപ്രദേശങ്ങൾ നൂതന യുദ്ധസാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി തിരിച്ചുപിടിക്കാൻ യുക്രെയ്ൻ കമാൻഡോകൾക്കു സാധിച്ചതായാണു റിപ്പോർട്ട്. തുടർച്ചയായ മൂന്നാം മാസമാണ് യുക്രെയ്ൻ സൈന്യം തങ്ങൾക്കു നഷ്ടപ്പെട്ട സ്വന്തം പ്രദേശങ്ങൾ റഷ്യയിൽനിന്നു തന്ത്രപരമായി തിരിച്ചുപിടിക്കുന്നത്. വൻ ആയുധശേഖരമുള്ള റഷ്യൻനിരകളെ അതീവ പ്രതിരോധത്തിലാക്കാൻ യുക്രെയ്ന്റെ ഈ പുതിയ യുദ്ധതന്ത്രങ്ങൾക്കു സാധിച്ചിട്ടുണ്ട്.
(തുടരും)
Tags : Ukraine Machine gun warfare