പശ്ചിമേഷ്യൻ യുദ്ധം അവസാനിക്കുന്നതിനു തുടക്കമായി. വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിലെ ജനീവയിലാണ് കരാറിന്റെ ഒപ്പുവയ്ക്കൽ. അതിനു ദിവസങ്ങൾ പലതുണ്ട്. അതിനു ശേഷമേ യുദ്ധാവസാനം ഉറപ്പായി എന്നു പറയാൻ പറ്റൂ. കാരണം, ഏതവസരത്തിലും നിർദിഷ്ട കരാറിൽനിന്നു കക്ഷികൾ പിന്മാറാം. അത്ര സങ്കീർണമാണു പ്രശ്നം. അത്ര കണ്ടു ദുർബലമാണു ധാരണ. കരാർ വ്യവസ്ഥകളും വെള്ളിയാഴ്ചയേ അറിയാൻ പറ്റൂ. ഇറാൻ പുറത്തുവിടുന്ന ധാരണാപത്രങ്ങൾ ആഭ്യന്തര എതിർപ്പ് ശമിപ്പിക്കാൻ ഉദ്ദേശിച്ചുള്ളവയാകാം. (ട്രംപിന്റെ പല പ്രസ്താവനകളുംപോലെ).
കരാറിനെതിരേ ഇവർ
അമേരിക്ക - ഇറാൻ കരാർ തകർക്കാൻ താത്പര്യമുള്ള രണ്ടു വലിയ ശക്തികളുണ്ട്. ഇസ്രയേലും ഇറാനിലെ ഇസ്ലാമിക് റെവലൂഷണറി ഗാർഡ്സ് കോറും (ഐആർജിസി). വെള്ളിയാഴ്ചയ്ക്കു മുൻപോ അതിനു ശേഷമോ ഒക്കെ ഈ രണ്ടു ശക്തികളും കരാറിനെതിരേ നീങ്ങിയേക്കാം എന്ന ആശങ്ക എങ്ങുമുണ്ട്. ഇസ്രേലി പ്രധാനമന്ത്രിയും ഐആർജിസി സേനാധിപനും സാഹസിക നീക്കങ്ങൾക്കു മടിയില്ലാത്തവരാണ്.
ലബനനിൽ അടക്കം യുദ്ധം അവസാനിപ്പിക്കണം എന്നാണു കരാറിൽ പറയുന്നത്. ഇറാന്റെ കൂലിപ്പടയായി കരുതപ്പെടുന്ന ഹിസ്ബുള്ള ലബനന്റെ പല മേഖലകളിലും സ്വന്തം ഭരണം നടപ്പാക്കിയിട്ടുണ്ട്. ലബനീസ് സൈന്യത്തേക്കാൾ ശക്തവും വലുതുമാണ് ഹിസ്ബുള്ളയുടെ ഷിയാ സേന. ലബനനിൽനിന്ന് അവർ ഇസ്രയേലിനെതിരേ വർഷങ്ങളായി ആക്രമണം നടത്തുന്നു. അവരെ തുരത്താനാണ് ഇസ്രേലി സേന ലബനന്റെ തെക്കുഭാഗം ഈയിടെ കൈവശപ്പെടുത്തിയതും തലസ്ഥാനമായ ബെയ്റൂട്ടിൽ ആക്രമണം നടത്തിയതും.
ലബനനിലെ യുദ്ധം നിർത്തുക എന്നു വച്ചാൽ ഹിസ്ബുള്ളയുടെ സ്വതന്ത്ര പ്രവർത്തനം അനുവദിക്കുക എന്നാണർഥം. ഇസ്രയേലിന് അസ്വീകാര്യമാണിത്. മെഡിറ്ററേനിയൻ തീരത്തെ ഗാസയിലും ജോർദാൻ നദിയുടെ പടിഞ്ഞാറുള്ള വെസ്റ്റ് ബാങ്കിലും (പലസ്തീൻ പ്രദേശങ്ങൾ) ഹമാസ് സേനയും വടക്കു കിഴക്ക് ലബനനിൽ ഹിസ്ബുള്ള സേനയും ചേർന്നു തങ്ങളെ തകർക്കുമെന്ന് ഇസ്രയേൽ ഭയപ്പെടുന്നു. ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു, പ്രസിഡന്റ് ട്രംപുമായി തെറ്റിയതും ലബനൻ വിഷയത്തിലാണ്.
ഐആർജിസിയും തലവൻ ബ്രിഗേഡിയർ ജനറൽ അഹമ്മദ് വഹീദിയും തുടക്കം മുതലേ അമേരിക്കയുമായുള്ള സമാധാന ചർച്ചയ്ക്ക് എതിരായിരുന്നു. ചർച്ച പലവട്ടം ധാരണയിൽ എത്തിയപ്പോഴെല്ലാം അതു തകർത്തത് ഇവരാണ്. ഇസ്ലാമാബാദിലെ യുഎസ് - ഇറാൻ ചർച്ച ഇടയ്ക്കു വച്ച് നിർത്തിയത് വഹീദി പരമോന്നത നേതാവിനെ സ്വാധീനിച്ചാണ്. പിന്നീടും ധാരണാപത്രങ്ങൾ പലതും ഐആർജിസിയുടെ എതിർപ്പ് മൂലം തള്ളി.
ഇപ്പോഴും അമേരിക്കയെ യുദ്ധത്തിൽ തോൽപിക്കാം എന്നു വാദിക്കുന്ന ഇവരാണ് കഴിഞ്ഞ ആഴ്ച ബെയ്റൂട്ടിലെ ആക്രമണത്തിനു പകരമായി ഇസ്രയേലിലേക്ക് 24 മിസൈലുകൾ പായിച്ചത്. ആ ആക്രമണം കരാർ വേഗം പൂർത്തിയാക്കാൻ പ്രസിഡന്റ് പെസെഷ്കിയാനെയും സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫിനെയും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയെയും നിർബന്ധിതരാക്കി എന്നു വ്യാഖ്യാനമുണ്ട്. ഇപ്പോൾ ഭരിക്കുന്ന മിതവാദികൾ എന്നു കരുതപ്പെടുന്ന വിഭാഗത്തിനെതിരേ അട്ടിമറിക്കു തീവ്രവാദി വിഭാഗം ശ്രമിക്കുമോ എന്നും സന്ദേഹം ഉയരുന്നുണ്ട്.
1. ഡോണൾഡ് ട്രംപ്
കരാർ ഉണ്ടാവുകയും തുടർചർച്ച മുന്നോട്ടു പോകുകയും ചെയ്താൽ അമേരിക്കൻ പ്രസിഡന്റിന് വലിയ നേട്ടം അവകാശപ്പെടാം. രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള സൈനിക ഇടപെടലുകൾ എല്ലാം വർഷങ്ങൾ നീണ്ടുനിന്നു. നാലഞ്ച് ആഴ്ച കൊണ്ടു തീർക്കും എന്നവകാശപ്പെട്ടു തുടങ്ങിയ ട്രംപ് മൂന്നര മാസത്തിനു ശേഷം യുദ്ധം തീർക്കുന്നു. ഇറാൻ ആണവശക്തിയാകില്ലെന്ന് ഉറപ്പാക്കാൻ പറ്റുന്ന കരാറിനായി ചർച്ച തുടങ്ങും എന്നു ട്രംപ് അവകാശപ്പെടുന്നു. അതു നടന്നാൽ വലിയ വിജയമാകും. ഹോർമുസ് കപ്പൽപാത പഴയതുപോലെ സ്വതന്ത്രമാക്കി എടുക്കുകയും എണ്ണവില 70 ഡോളറിനു താഴെ എത്തിക്കുകയും ചെയ്താൽ നവംബറിലെ തെരഞ്ഞെടുപ്പിൽ ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും പരിക്കേൽക്കാതെ രക്ഷപ്പെടാം. വലിയ വിമർശനങ്ങൾക്കിടയിലും പാരമ്പര്യേതര മാർഗങ്ങളിലൂടെ നടത്തിയ നയതന്ത്രവും യുദ്ധവും ഒരു കടവിൽ എത്തിക്കാൻ കഴിഞ്ഞതും അദ്ദേഹത്തിന് പ്രതിഛായ കൂട്ടുന്ന കാര്യമാണ്.
2. മസൂദ് പെസെഷ്കിയാൻ, മുഹമ്മദ് ഖലിബാഫ്, അബ്ബാസ് അരാഗ്ചി
ഇറാന്റെ ഭരണകൂടത്തിലെ ഈ മിതവാദികൾ വിനാശകരമായ ഒരു യുദ്ധം ഇടയ്ക്കുവച്ച് അവസാനിപ്പിക്കാനും അമേരിക്കയുമായി മുഖാമുഖമല്ലാതെ ചർച്ച നടത്താനുമുള്ള തന്റേടം കാണിച്ചു. ഒപ്പം മെരുക്കമില്ലാത്ത തീവ്രവാദികളായ ഐആർജിസിയെയും യാഥാസ്ഥിതിക ഷിയാ മതമേധാവികളെയും ചെറുത്തുനിന്നു. അട്ടിമറിക്കുള്ള എല്ലാ സാധ്യതയും ഉണ്ടായിട്ടും അവർ ഭരണം നിലനിർത്തി. പരമോന്നത നേതാവിനെ തങ്ങളുടെ നിലപാടിലേക്കു മാറ്റിയെടുത്തു. ഭരണകൂടത്തിനെതിരേ ജനുവരിയിൽ പ്രക്ഷോഭത്തിനിറങ്ങിയവരെ നിർദാക്ഷിണ്യം കൊന്നൊടുക്കുകയും ചെയ്തു.
3. പാക്കിസ്ഥാൻ, ഖത്തർ, ഫീൽഡ് മാർഷൽ അസിം മുനീർ, പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്
ഇറാനെയും അമേരിക്കയെയും ഒരു മേശയ്ക്കു ചുറ്റും അല്ലെങ്കിലും, ചർച്ചാമേശയിലേക്ക് എത്തിച്ചത് പാക്കിസ്ഥാനാണ്. ഇസ്ലാമാബാദ് പ്രഖ്യാപനം എന്നു പേരിട്ടിട്ടുള്ള ധാരണാപത്രം അവസാനരൂപത്തിൽ എത്തിച്ചത് ഖത്തർ പ്രതിനിധി സംഘം ടെഹറാനിൽ നടത്തിയ ചർച്ചയാണ്. പാക്കിസ്ഥാനാണ് ഇതിലെ വലിയ ജേതാക്കൾ. രണ്ടു വള്ളത്തിൽ കാലു ചവിട്ടുന്ന പാക്കിസ്ഥാനെ കുറേക്കാലമായി അമേരിക്കൻ ഭരണകൂടം അകറ്റിനിർത്തിയിരുന്നു. ബലൂചിസ്ഥാനിലെ അപൂർവധാതു നിക്ഷേപവും ക്രൂഡ് ഓയിൽ ശേഖരവും കാണിച്ചും ക്രിപ്റ്റോ കറൻസി വ്യാപാരത്തിനു സൗകര്യം ചെയ്തും പാക്കിസ്ഥാൻ ട്രംപിനെ പാട്ടിലാക്കി. പാക് സേനാമേധാവി അസിം മുനീറിനെ തന്റെ ഇഷ്ട ഫീൽഡ് മാർഷലായി വിശേഷിപ്പിച്ച് പ്രത്യേക വിരുന്നു നൽകാനും ട്രംപ് തയാറായി. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന് നാട്ടിൽ രാഷ്ട്രീയനേട്ടമായി ഇറാൻ - യുഎസ് ചർച്ചയിലെ മധ്യസ്ഥത.
4. യുക്രെയ്ൻ
ഇറാൻ യുദ്ധം യുക്രെയ്നുള്ള സഹായം കുറയ്ക്കുകയും അവരെ വീഴ്ത്തുകയും ചെയ്യുമെന്നു കരുതിയവർക്കു തെറ്റി. ഡ്രോൺ യുദ്ധത്തിൽ റഷ്യയെ പിടിച്ചുകെട്ടാൻ യുക്രെയ്നു കഴിഞ്ഞു. ആ നേട്ടം ഗൾഫ് രാജ്യങ്ങളുമായി വലിയ കരാർ ഉണ്ടാക്കുന്നതിലേക്കു നയിച്ചു. സൗദി അറേബ്യയും യുഎഇയും ഖത്തറും യുക്രെയ്ന്റെ ഡ്രോണുകൾ വാങ്ങാനും അവ നിർമിക്കാനും പത്തു വർഷത്തേക്കുള്ള കരാർ ഉണ്ടാക്കി. യുക്രെയ്നു സാമ്പത്തികമായും സൈനികമായും വലിയ നേട്ടമാണത്.
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു
ഒക്ടോബറിൽ (ചിലപ്പോൾ അതിനു മുൻപും ആകാം) നടക്കുന്ന ഇസ്രേലി പാർലമെന്റ് തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ പാർട്ടി തോൽക്കുമെന്നു 2023 ഒക്ടോബർ മുതൽ വ്യക്തമായിരുന്നു. ഹമാസിന്റെ ആക്രമണം മനസിലാക്കി തടയാൻ കഴിയാത്തതു നെതന്യാഹുവിന്റെ രാഷ്ട്രീയത്തെ ഇരുളിലാക്കി. പിന്നീടു ഹമാസിനെതിരേ നടത്തിയ പോരാട്ടം രാഷ്ട്രീയ-നയതന്ത്ര തിരിച്ചടിയായി. ഇറാനെതിരായ യുദ്ധത്തിന്റെ അന്ത്യവേളയിൽ ട്രംപുമായി തെറ്റി പരസ്യമായ പുലഭ്യം പറച്ചിൽ കേട്ടതോടെ നെതന്യാഹുവിന്റെ തോൽവി അരക്കിട്ടുറപ്പിച്ചു. ഇപ്പോൾ ലബനനിലെ സൈനിക നടപടി ഇടയ്ക്കുവച്ചു നിർത്തേണ്ടി വരുന്നതും യുഎസ് -ഇറാൻ കരാറിൽ ഇസ്രയേലിനു പങ്കില്ലാതെ വന്നതും നെതന്യാഹുവിന് പ്രതീക്ഷിക്കാത്ത ആഘാതമായി.
2. ഇറാനിലെ ജനാധിപത്യ വാദികളും പഹ്ലവി രാജകുമാരനും
യുദ്ധം ഇറാനിൽ ഭരണമാറ്റത്തിനും ജനാധിപത്യ പുനഃസ്ഥാപനത്തിനും വഴിതെളിക്കും എന്ന് ജനാധിപത്യവാദികളും അവസാനത്തെ ഷായുടെ പുത്രൻ റേസാ പഹ്ലവിയും പ്രതീക്ഷിച്ചു. പക്ഷേ, വെനസ്വെലയിൽ ജനാധിപത്യ വാദികൾക്കും നൊബേൽ ജേതാവ് മരിയ മച്ചാഡോയ്ക്കും ഉണ്ടായ അനുഭവം ഇവിടെ ആവർത്തിച്ചു. ഷിയാ ഇസ്ലാമിക ഭരണകൂടം നിലനിൽക്കുന്നു. അവർ കൂടുതൽ തീവ്രവാദികളായോ എന്നു പലരും സംശയിക്കുന്നു. മുൻകാലത്ത് അട്ടിമറി നടത്തി പുതിയ ആൾക്കാരെ വാഴിച്ചിരുന്ന സിഐഎ തന്ത്രം ട്രംപ് ഉപേക്ഷിച്ചു.
3. ഇറാൻ
തങ്ങളാണു ജയിച്ചതെന്ന് ഇറാൻ അവകാശപ്പെടുന്നുണ്ട്. ഹോർമുസിൽ തങ്ങൾക്ക് അവകാശം നിലനിൽക്കുന്നു എന്നും പറയുന്നു. പക്ഷേ, ഈ യുദ്ധം ഇറാനു ഗൾഫ് മേഖലയിൽ ശത്രുക്കളെ കൂട്ടിയതേ ഉള്ളൂ. യുഎസ് താവളങ്ങൾക്കു പുറമേ തങ്ങളുടെ വിമാനത്താവളങ്ങളും ഫാക്ടറികളും പാർപ്പിട സമുച്ചയങ്ങളും ആക്രമിക്കപ്പെട്ടതു ഗൾഫ് രാജ്യങ്ങൾ പ്രതീക്ഷിക്കാത്ത കാര്യമാണ്. മേഖലയിലെ വൻശക്തിയായ ഇറാൻ ഇസ്ലാമിക കൂട്ടായ്മ പാലിച്ചില്ല എന്ന് അവർ കരുതുന്നു. ഹോർമുസ് അടച്ചതും ഗൾഫ് അയൽക്കാരെ ഏറെ ബുദ്ധിമുട്ടിച്ചു. സമീപരാജ്യങ്ങളുമായി പഴയതുപോലെ ബന്ധം നിലനിർത്താൻ ഇറാന് എളുപ്പമായിരിക്കില്ല.
4. ലബനൻ
ഹിസ്ബുള്ള സേനയും ഇസ്രയേലും ചേർന്നു കീറിമുറിച്ച ലബനന് ഇതു പുതിയ അനുഭവമല്ല. 1940കൾ മുതൽ മാറോനൈറ്റ്, സുന്നി, ഷിയാ വിഭാഗങ്ങൾ അധികാരം പങ്കുവയ്ക്കുകയും മറ്റു വിഭാഗങ്ങൾ അവഗണിക്കപ്പെടുകയും ചെയ്യുന്നതാണു രാജ്യം. ഇപ്പോൾ മൂന്ന് അയൽരാജ്യങ്ങളുടെ വടംവലിയിൽ രാജ്യം വീണ്ടും മുറിയുന്നതിന് ഈ യുദ്ധവും വഴിവയ്ക്കുന്നു.
5. യൂറോപ്പ്
ട്രംപ് ഭരണത്തിൽ തിരിച്ചുവന്നതു മുതൽ യൂറോപ്പിനു ക്ഷീണമാണ്. യുക്രെയ്നിലും ഗ്രീൻലാൻഡിലും ട്രംപ് യൂറോപ്യൻ നിലപാടിനെതിരാണ്. യൂറോപ്പിനോടു പറയാതെ തുടങ്ങിയ യുദ്ധത്തിൽ അവർ സഹായിച്ചില്ല എന്നതിൽ ട്രംപ് രോഷാകുലനായി. അമ്മയുടെ രാജ്യമായ ബ്രിട്ടനോടുപോലും ട്രംപിന്റെ മമത നിലനിൽക്കുന്നില്ല. യൂറോപ്യൻ സുരക്ഷാവിഷയം ട്രംപിനു ചിന്താവിഷയമല്ലെന്നും വന്നു. കൂടുതൽ മോശം നാളുകളാകും യൂറോപ്പിനെ കാത്തിരിക്കുന്നത്.