നവീന മുഖങ്ങൾ
“രക്തവും മാംസവുമുള്ള ഇതുപോലൊരു മനുഷ്യൻ ഈ ഭൂമിയിലൂടെ കടന്നുപോയി എന്നത് വരുംതലമുറ വിശ്വസിക്കാൻതന്നെ മടിച്ചേക്കാം.” ഗാന്ധിജിയുടെ എഴുപതാം പിറന്നാളിന് (1939) മഹാനായ ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീൻ അദ്ദേഹത്തിനയച്ച ആശംസാസന്ദേശത്തിലെ വാചകമാണിത്. നിസ്വാർഥ സ്നേഹവും സേവനവും വെറും കെട്ടുകഥകൾ മാത്രമാണെന്ന് വിശ്വസിക്കാൻ ഇഷ്ടപ്പെടുകയും വിഭാഗീയതയുടെ മതിൽകെട്ടുകൾ പണിയുന്നവർ വർധിക്കുകയും ചെയ്യുന്ന സത്യാനന്തര കാലത്തിൽനിന്ന് തിരിഞ്ഞുനോക്കുമ്പോൾ ഐൻസ്റ്റീന്റെ വാക്കുകൾക്ക് ഒരു പ്രവചനസ്വഭാവമുണ്ട്.
ഇന്ന് വിഭാഗീയ-വിഭജന ചിന്താഗതികൾ വിഷലിപ്തമായ മേൽക്കോയ്മയ്ക്ക് ശ്രമിക്കുമ്പോൾ നിസ്വാർഥനായകരും പരോപകാരികളും നീതിക്കും സമത്വത്തിനുംവേണ്ടി നിലകൊണ്ടവരുമൊക്കെ കെട്ടുകഥകളായി അവതരിപ്പിക്കപ്പെടാം. നന്മ പ്രവൃത്തികൾ കാപട്യങ്ങളായി വിലയിരുത്തപ്പെടാം. ഈ ഒരു സ്ഥിതിവിശേഷത്തിൽനിന്നാണ് ഐൻസ്റ്റീൻ പറഞ്ഞതിന്റെ ആഴം വ്യക്തമാകുന്നത്.
പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാന സ്വഭാവമെന്നവിധം അപര വിദ്വേഷവും ഇതര മത വിദ്വേഷവും പ്രകടിപ്പിക്കുകയാണ് എല്ലാക്കാലത്തും എല്ലായിടത്തും മത തീവ്രവാദികൾ ചെയ്തുവരുന്നത്. ഇന്ത്യയിലും മതവും ജാതിയും അടിസ്ഥാനമാക്കിയുള്ള വിദ്വേഷവും വിഭാഗീയതയുമാണ് ദേശീയതയുടെയും രാജ്യസ്നേഹത്തിന്റെയും ഉറവിടമെന്ന് പ്രഘോഷിക്കുന്നതിൽനിന്ന് തീവ്രമത സംഘടനകളും അതിന്റെ വക്താക്കളും ഒരിക്കലും വിരമിച്ചിട്ടില്ല.
ഉദാത്തമായ ജീവിത ദർശനങ്ങളും അഹിംസാ സിദ്ധാന്തവുംകൊണ്ട് ഐൻസ്റ്റീനെപോലും ആരാധകനാക്കിയ മഹാത്മാഗാന്ധിജിയെ കൊലപ്പെടുത്താൻ മടികാണിക്കാതിരുന്ന ഇത്തരം വിദ്വേഷ കൂടാരങ്ങളിൽനിന്ന് എക്കാലവും ബഹിർഗമിച്ചിട്ടുള്ളത് വെറുപ്പിന്റെ വിഷപ്പുക തന്നെയാണ്. മാനവികതയുടെയും മനുഷ്യ സ്നേഹത്തിന്റെയും തത്വശാസ്ത്രങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കിയവരെ ഒന്നൊന്നായി അപരവത്കരിക്കാനും അവർക്കെതിരേ അണികളെ ഇളക്കിവിടാനും ഇത്തരം സംഘടനകളുടെ അമരക്കാർ ഒരിക്കലും മടികാണിച്ചിട്ടില്ല.
മതപരിവർത്തനമെന്ന ആരോപണം
നിർബന്ധിത മതപരിവർത്തനമാണ് കാലങ്ങളായി അത്തരക്കാർ ഉന്നയിക്കുന്ന ഏറ്റവും പ്രധാന ആരോപണം. കെ.പി. ശശികലയെയും ആർ.വി. ബാബുവിനെയും പോലുള്ളവർ കേരളത്തിൽ ആവർത്തിക്കുന്നതും ദേശീയതലത്തിൽ സംഘപരിവാർ സംഘടനാ നേതാക്കളും അവരുടെ മാധ്യമങ്ങളും നിരന്തരം ഉന്നയിക്കുന്നതും ഇതേ കാര്യം തന്നെയാണ്.
മദർ തെരേസ ഉൾപ്പെടെയുള്ള ക്രൈസ്തവ മിഷനറിമാർക്കും എണ്ണമറ്റ വിദ്യാഭ്യാസ- ആതുരശുശ്രൂഷാ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവയ്ക്കും മേല് ഇതേ ആരോപണം നിരന്തരം ഉയർന്നുകൊണ്ടിരിക്കുന്നു. 1995ൽ മധ്യപ്രദേശിലെ ഇൻഡോറിൽ സിസ്റ്റർ റാണി മരിയ കൊല്ലപ്പെട്ടത്, 1999ൽ ഒഡീഷയിൽ ഗ്രഹാം സ്റ്റെയിൻസും മക്കളും കൊല്ലപ്പെട്ടത് തുടങ്ങിയ ദാരുണ സംഭവങ്ങൾ ഇപ്രകാരമുള്ള വ്യാജ ആരോപണങ്ങളുടെ തുടർച്ചയാണ്. നിരാലംബരും രോഗികളുമായ പാവപ്പെട്ട മനുഷ്യർക്കുവേണ്ടി ജീവിതം മാറ്റിവച്ചു എന്നതിനപ്പുറം, സംഘപരിവാർ സംഘടനകൾ അന്നും ഇന്നും ആവർത്തിക്കുന്ന നിർബന്ധിത മതപരിവർത്തന ആരോപണങ്ങൾ ഇവർക്കെതിരേ തെളിയിക്കപ്പെട്ടിട്ടില്ല.
ലോകം നടുങ്ങിയ ദാരുണമായ കൊലപാതകങ്ങൾക്കപ്പുറം, വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എണ്ണമറ്റ ആൾക്കൂട്ട ആക്രമണങ്ങൾക്കും മറ്റു പ്രതികാര നടപടികൾക്കും ഇത്തരം നീക്കങ്ങൾ വഴിയൊരുക്കിയിട്ടുണ്ട്. അപ്രകാരമുള്ള അക്രമസംഭവങ്ങൾ വർഷംപ്രതി വർധിച്ചുകൊണ്ടുമിരിക്കുന്നു. സംഘപരിവാർ-തീവ്ര ഹിന്ദുത്വ സംഘടനകളുടെ വക്താക്കൾ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ആരോപണങ്ങൾ നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന സാധാരണക്കാർക്കിടയിൽ അത് ശരിയെന്ന് കരുതുന്നവരുടെ എണ്ണം ക്രമേണ വർധിച്ചുകൊണ്ടിരിക്കുന്നത് ആക്രമണങ്ങളുടെ എണ്ണവും കാഠിന്യവും വർധിക്കാൻ ഇടയാക്കുന്നുണ്ട്.
സമാന്തരമായി, വിവിധ സംസ്ഥാനങ്ങളിലെ മതപരിവർത്തന നിരോധന നിയമങ്ങൾ, അധികാരികൾക്കിടയിലെ തീവ്ര ഹിന്ദുത്വ അനുഭാവം തുടങ്ങിയവയും ക്രൈസ്തവർക്ക് ഊരാക്കുടുക്കുകൾ ഒരുക്കുന്നു. ഈ കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്രയിലും ബിജെപി നേതൃത്വത്തിലുള്ള ഭരണകൂടം മത പരിവർത്തന നിരോധന നിയമം പാസാക്കിയത്.
വ്യാജ ആരോപണങ്ങൾ കേരളത്തിലും
വാസ്തവമോ അവാസ്തവമോ എന്ന് തിരിച്ചറിയാൻപോലും ശ്രമിക്കാതെ, വ്യാജ ആരോപണങ്ങളെത്തുടർന്ന് കൊലപാതകങ്ങൾക്കും ആക്രമണങ്ങൾക്കും കച്ചകെട്ടിയിറങ്ങുന്ന വർഗീയാന്ധത ബാധിച്ച ആൾക്കൂട്ടങ്ങൾ കൂടുതലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രമായിരുന്നെങ്കിൽ, അത്തരമുള്ള ആൾക്കൂട്ടങ്ങളെ സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണോ ഇപ്പോൾ കേരളത്തിലും നടന്നുവരുന്നത് എന്ന് സംശയിക്കാവുന്നതാണ്.
ശശികലയെയും ടി.ജി. മോഹൻദാസിനെയും പോലുള്ളവരുടെ വർഗീയ വാചാടോപങ്ങളെയും വ്യാജ ആരോപണങ്ങളെയും അർഹിക്കുന്ന അവജ്ഞയോടെ കേരളത്തിലെ പൊതുസമൂഹം എക്കാലവും തള്ളിക്കളയുകയാണുണ്ടായിട്ടുളളത്. എന്നാൽ, ഒരുകാലത്ത് സകലരും ആദരിച്ചിരുന്ന വ്യക്തികൾ സമാനമായ ആരോപണങ്ങളും ദുഷ്പ്രചാരണങ്ങളുമായി രംഗപ്രവേശം ചെയ്യുമ്പോൾ അത്തരം നീക്കങ്ങൾക്ക് ഒരുതരം ആസൂത്രിത സ്വഭാവമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സമീപകാലം വരെ കേരളത്തിലെ ക്രൈസ്തവ നേതൃത്വവുമായും പ്രസ്ഥാനങ്ങളുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന ഡോ. കെ.എസ്. രാധാകൃഷ്ണന്റെ നിലപാടുമാറ്റം ഇത്തരത്തിൽ വലിയ ആശയക്കുഴപ്പങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. കാലടി സംസ്കൃത സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ, പബ്ലിക് സർവീസ് കമ്മീഷൻ മുൻ ചെയർമാൻ എന്നിങ്ങനെ സമൂഹത്തിന്റെ മുഖ്യധാരയിൽ സജീവമായിരുന്ന അദ്ദേഹം, റിട്ടയർമെന്റിന് ശേഷവും ക്രൈസ്തവ മാനേജ്മെന്റുകൾക്കു കീഴിലുള്ള കോളജുകളിലും സെമിനാരികളിലും ഉൾപ്പെടെ വിസിറ്റിംഗ് പ്രഫസറായി സേവനം ചെയ്തിരുന്നു.
വിവിധ ക്രൈസ്തവ പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹം പതിവായി എഴുതിയിരുന്നു. എണ്ണമറ്റ സാംസ്കാരിക പരിപാടികളിൽ മെത്രാന്മാർക്കൊപ്പം വേദി പങ്കിട്ടിട്ടുണ്ട്. ഇത്തരമൊരു വ്യക്തി, മുമ്പ് പറഞ്ഞിരുന്നതിൽനിന്നു വിരുദ്ധമായി തികഞ്ഞ വ്യാജപ്രചാരണങ്ങളുമായി സമൂഹമാധ്യമങ്ങളിൽ സജീവമായിരിക്കുന്ന കാഴ്ച ദൗർഭാഗ്യകരമാണ്.
ദേശീയ തലത്തിൽ ഹിന്ദുത്വ സംഘടനകൾ കാലങ്ങളായി ആവർത്തിച്ചുകൊണ്ടിരിക്കുന്നത് എന്തോ അതുമാത്രമാണ് ഡോ. രാധാകൃഷ്ണന്റെ ഇപ്പോഴുള്ള വാദങ്ങൾ. നിർബന്ധിത മതപരിവർത്തന ആരോപണങ്ങൾക്ക് പുറമെ, മാവോയിസ്റ്റ് - നക്സൽ സംഘടനകൾക്ക് ഫണ്ട് നൽകുന്നു, ബിജെപി സർക്കാരിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നു എന്നിങ്ങനെയുള്ള സംഘപരിവാർ ആരോപണങ്ങളും അദ്ദേഹം ഏറ്റുപിടിക്കുന്നുണ്ട്.
കേന്ദ്രസർക്കാരിന്റെതന്നെ നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയിട്ടുള്ള കാരിത്താസ് ഇന്ത്യപോലുള്ള സന്നദ്ധ സംഘടനകൾക്കെതിരേയും ഇന്ത്യയിൽ വിദ്യാഭ്യാസ മേഖലയിൽ അതുല്യമായ ചരിത്രമുള്ള ഈശോസഭയ്ക്കെതിരേയും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ കെ.എസ്. രാധാകൃഷ്ണൻ ഉന്നയിക്കുന്നു. ഹിന്ദുത്വവാദികൾ ഈ രാജ്യത്ത് പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന വ്യാജങ്ങളുടെ കണക്കെടുത്താൽ മേൽപറഞ്ഞവ അവയിൽ ചിലത് മാത്രമാണെങ്കിലും, ഇത്തരം ദുരാരോപണങ്ങൾക്ക് ഇന്ന് കേരളത്തിൽ നേതൃത്വം നൽകുന്നത് കെ.എസ്. രാധാകൃഷ്ണനെ പോലുള്ളവരാണെന്നതാണ് കൂടുതൽ അപകടകരം.
കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുന്നവർ
കേവലം സാമാന്യബുദ്ധികൊണ്ട് വിവേചിച്ചറിയാൻ കഴിയുന്ന കാര്യങ്ങളെപോലും തന്ത്രപരമായി വളച്ചൊടിച്ച് അവതരിപ്പിച്ചുകൊണ്ടുള്ള ആരോപണ ശൈലിയാണ് തീവ്ര ഹിന്ദുത്വ സംഘടനാ നേതാക്കൾ സ്വീകരിച്ചുവരുന്നത്. വെറും ബാലിശമെന്ന് ആർക്കും തോന്നുന്ന അത്തരം ആരോപണങ്ങൾ മുഖവിലയ്ക്കെടുക്കേണ്ടതില്ല എന്നാണ് പൊതുവെ ആരും ചിന്തിക്കുക.
ക്രിസ്തുവത്കരണത്തിനുവേണ്ടി ‘ഏതു മാർഗവും’ സ്വീകരിക്കാമെന്ന് കരുതുന്ന സംഘടനയാണ് ഈശോസഭ എന്ന് കെ.എസ്. രാധാകൃഷ്ണൻ പറയുന്നു. ഇന്ത്യയിലെ നാനാജാതി മതസ്ഥരായ പ്രമുഖർ ഉൾപ്പെടെ അനേകായിരങ്ങൾ ഈശോസഭ നേതൃത്വം നല്കുന്ന മുൻനിര കലാലയങ്ങളുടെ പൂർവ വിദ്യാർഥികളായുണ്ട്. അവരാരും രാധാകൃഷ്ണന്റെ അഭിപ്രായത്തോട് യോജിക്കില്ലെന്നു തീർച്ച.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ പാവപ്പെട്ട ജനങ്ങൾക്കിടയിൽ സേവനമനുഷ്ഠിക്കുന്ന ആയിരക്കണക്കിന് മിഷനറിമാരെക്കുറിച്ച് കെ.എസ്. രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്കുള്ള ആശങ്ക, അവർ ക്രൈസ്തവ മിഷനറിമാരാണ് എന്നുള്ളതാണ്. അവരുടെ പ്രവർത്തനം, ‘ഇവാഞ്ചലൈസേഷൻ അഥവാ മതപരിവർത്തനം’ ആണെന്നാണ് രാധാകൃഷ്ണൻ ആരോപിക്കുന്നത്.
ഇവാഞ്ചലൈസേഷൻ അഥവാ സുവിശേഷവത്കരണം, മതപരിവർത്തനം എന്നിവ തികച്ചും രണ്ട് അർഥങ്ങളുള്ള രണ്ട് വാക്കുകളാണ്. മതപരിവർത്തനം എന്നത് ഇക്കാലത്ത് കത്തോലിക്കാ സഭയുടെ ലക്ഷ്യമോ പ്രവൃത്തിയോ അല്ല. എന്നാൽ, ഇവാഞ്ചലൈസേഷൻ അഥവാ, സുവിശേഷവത്കരണം മിഷനറിമാരുടെ ലക്ഷ്യമാണ്. തങ്ങളുടെ ജീവിതവും പ്രവർത്തനങ്ങളുംകൊണ്ട് ക്രിസ്തുവിന്റെ സ്നേഹത്തെ ലോകത്തിന് നൽകുക എന്ന പ്രവൃത്തിയാണ് ഇവാഞ്ചലൈസേഷൻ.
പാവപ്പെട്ട മനുഷ്യർക്ക് അക്ഷരമാകുന്ന വെളിച്ചം പകർന്നു നൽകുന്നതിലൂടെയും രോഗപീഡയിൽ ആയിരിക്കുന്നവരെ ശുശ്രൂഷിക്കുന്നതിലൂടെയും സാമൂഹിക സമത്വത്തിനും നീതിക്കുംവേണ്ടി മുന്നിട്ടിറങ്ങുന്നതിലൂടെയും മിഷനറിമാർ ചെയ്യുന്നത് അതാണ്.
നൂറ്റാണ്ടുകൾക്കു മുമ്പ് നടന്ന ചില സംഭവവികാസങ്ങളുടെ ഭാഗികമായ വസ്തുതകൾ ഇപ്പോഴത്തെ സാമൂഹിക പശ്ചാത്തലത്തിൽ അവതരിപ്പിച്ച് തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളാണ് മറ്റൊന്ന്. അഞ്ഞൂറും ആയിരവും വർഷങ്ങൾക്ക് മുമ്പ് സംഭവിച്ചതും ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നതുമായ സംഭവവികാസങ്ങൾ അന്നത്തെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലങ്ങളുമായി ബന്ധപ്പെട്ടവയാണ്.
ചരിത്രത്തിൽനിന്ന് പാഠം ഉൾക്കൊണ്ട് തിരുത്തലുകൾ വരുത്തിയും പരിഷ്കരിക്കപ്പെട്ടുമാണ് ഏതൊരു സംസ്കാരവും പക്വതയാർജിക്കുന്നത്. പല കാര്യങ്ങളെക്കുറിച്ചും ഇന്നുള്ളതുപോലെ സമഗ്രമായ കാഴ്ചപ്പാടുകൾ ഇല്ലാതിരുന്ന ഒരു കാലത്ത് ഏതെങ്കിലും വിധത്തിലുള്ള തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ അവ ഏറ്റുപറയുകയും തിരുത്തലുകൾ വരുത്തുകയും ചെയ്തിട്ടുള്ള ചരിത്രമാണ് കത്തോലിക്കാ സഭയ്ക്കുള്ളത്. അതുതന്നെയാണ് എല്ലാ സമൂഹങ്ങളും സ്വീകരിക്കേണ്ട ശൈലി. മറിച്ച്, മുൻകാലങ്ങളിൽ മറ്റുള്ളവർക്ക് സംഭവിച്ചിട്ടുള്ള പിഴവുകളുടെ പേരിൽ ഇക്കാലത്തെ സ്വന്തം തെറ്റുകളെ ന്യായീകരിക്കാൻ ശ്രമിക്കുന്നത് ആരോഗ്യകരമല്ല.
വർഗീയ ധ്രുവീകരണം അനുവദിക്കരുത്
തീവ്ര ഹിന്ദുത്വ സംഘടനാ നേതാക്കളുടെ ശൈലി സ്വീകരിച്ചുകൊണ്ട് കെ.എസ്. രാധാകൃഷ്ണൻ നടത്തിവരുന്ന പ്രചാരണങ്ങൾ വർഗീയ ധ്രുവീകരണത്തിന് കാരണമാകും. അപവാദ പ്രചാരണങ്ങൾകൊണ്ട് സഭാ സംവിധാനങ്ങളെയും നേതൃത്വത്തെയും ദുർബലപ്പെടുത്താനും ഒറ്റപ്പെടുത്താനുമാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.
ക്രൈസ്തവ സഭാ നേതൃത്വങ്ങൾ ‘ഗൂഢ ലക്ഷ്യങ്ങളോടെ’ പ്രവർത്തിക്കുന്നവരാണ് എന്ന് സ്ഥാപിക്കാനുള്ള വ്യഗ്രത വ്യക്തമാണ്. വാസ്തവത്തിൽ, ഇത്തരം വാദങ്ങളോടെ സഭയെ ആക്രമിക്കാൻ ശ്രമിക്കുന്നത് സംഘപരിവാർ സംഘടനകൾ മാത്രമല്ല. കഴിഞ്ഞ ദിവസം തൃശൂരിൽ പരാജയപ്പെട്ട യുഎൻഎ സമരത്തിന്റെ ഒരു ഘട്ടം മുതൽ, അതും സഭാ നേതൃത്വത്തിനെതിരായ ആക്രമണമായിരുന്നു എന്ന് കാണാം.
മൗലികവാദ ശക്തികൾ അത് ഏതുവിഭാഗമായാലും എക്കാലവും ക്രൈസ്തവ നേതൃത്വങ്ങളെ ശത്രുപക്ഷത്തേ നിർത്തിയിട്ടുള്ളൂ. അതിന് കാരണം, സഭയുടെ പ്രവർത്തനങ്ങൾ മത-ജാതി ഭേദമില്ലാതെ എല്ലാ ജനങ്ങൾക്കും അധഃസ്ഥിതർക്കും പാവപ്പെട്ടവർക്കും വേണ്ടിയുള്ളതാണ് എന്നതാണ്. അതേസമയംതന്നെ, സമൂഹത്തിൽ ഐക്യത്തിനും സമാധാനത്തിനും തടസമാകുന്നവർക്കെതിരേ കർശന നടപടികൾ സർക്കാർ സ്വീകരിക്കുകയും പ്രബുദ്ധ പൊതു സമൂഹം അവരുടെ വ്യാജപ്രചാരണങ്ങളെ തിരുത്താൻ മുന്നിട്ടിറങ്ങുകയും വേണം.
Tags : New Faces Communal Polarization Deepika DeepikaNewspaper