പ്രതീകാത്മക ചിത്രം
ഇന്ന് ഇന്ത്യയിലെ ക്രൈസ്തവ ജനവിഭാഗങ്ങളെ സംബന്ധിച്ച് വിശിഷ്യാ പട്ടിക ജാതിയിൽനിന്നു ക്രിസ്തുമതം സ്വീകരിച്ച അംഗങ്ങൾ കരിദിനമായി രാജ്യവ്യാപകമായി പ്രതിഷേധദിനമായി ആചരിക്കുന്നു.
ഈ രാജ്യത്ത് നൂറ്റാണ്ടുകളായി നിലനിന്ന അയിത്തവും അടിമത്തവും മൂലം രാജ്യത്തിന്റെ പുറന്പോക്കിലേക്ക് ചവിട്ടി എറിയപ്പെട്ട വലിയൊരു ജനവിഭാഗത്തെ രാജ്യപുരോഗതിയിൽ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടുകൂടി ഭരണഘടനയിൽ അവർക്ക് പ്രത്യേക പരിഗണന നൽകാൻ ഭരണഘടനാ സമിതി തീരുമാനിച്ചു. അതിൻപ്രകാരം ഈ പട്ടികയിൽ ഉൾപ്പെടേണ്ട ജനവിഭാഗങ്ങളുടെ ലിസ്റ്റ് തയാറാക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു.
എന്നാൽ, ഈ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന മറ്റ് വിഭാഗങ്ങളെ ഒഴിവാക്കിക്കൊണ്ട് ഹിന്ദുമത വിശ്വാസികളായ ദളിതർക്ക് പട്ടികജാതി സംവരണം ഉറപ്പാക്കി. 1950 ഓഗസ്റ്റ് പത്തിന് ഇറക്കിയ പ്രസിഡന്റിന്റെ ഉത്തരവിന്റെ മൂന്നാം ഖണ്ഡികയിൽ ഇത് വ്യക്തമാക്കുന്നു. ഭരണഘടനയുടെ 341-ാം വകുപ്പായി അംഗീകരിക്കുകയും ചെയ്തു. പിന്നീട് 1956ൽ സിക്ക് മതവിശ്വാസികളായ ദളിതർക്കും 1990ൽ ബുദ്ധമത വിശ്വാസികളായ ദളിതർക്കുംപട്ടികജാതി പദവി നൽകി.
ഒരേ സമൂഹത്തിൽപ്പെട്ട ജനവിഭാഗങ്ങളെ മത വിശ്വാസത്തിന്റെ പേരിൽ വേർതിരിക്കുകയും അവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്നത് ഭരണഘടന പൗരന് ഉറപ്പുനൽക്കുന്ന മൗലിക അവകാശങ്ങളുടെ ലംഘനമാണ്. മതേതരത്വത്തിൽ അടിസ്ഥാനമാക്കി ഭരണം നടത്തുന്ന ലോകത്തിലെ ലിഖിതമായ ഭരണഘടനയുള്ള വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഈ രാജ്യത്ത് ഏതൊരു പൗരനും ഏതൊരു മതത്തിൽ വിശ്വസിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഭരണഘടന അവകാശം നൽകുന്നു. ജാതിയുടെ മതത്തിന്റെയോ ലിംഗത്തിന്റെയോ പേരിൽ ഒരു പൗരന്റെയും അവകാശങ്ങൾ നിഷേധിക്കില്ലെന്ന് വ്യക്തമാക്കുന്നു. എന്നാൽ കഴിഞ്ഞ 76 വർഷമായി ഈ രാജ്യത്തെ പട്ടികജാതികളിൽനിന്നു ക്രൈസ്തവ മതം സ്വീകരിച്ച അംഗങ്ങളുടെ അവകാശങ്ങൾ ക്രൈസ്തവമത വിശ്വാസത്തിന്റെ പേരിൽ നിഷേധിക്കുകയാണ്.
ദളിത് ക്രൈസ്തവ സംവരണത്തെ സംബന്ധിച്ച് പറയുന്പോൾ ക്രിസ്തുമതത്തിൽ ജാതിയും അസ്പൃശ്യതയും ഇല്ലാത്തതിനാൽ ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്യപ്പെട്ടവർക്കു പട്ടികജാതി സംവരണത്തിന് അവകാശം കൊടുക്കേണ്ട എന്ന വാദമാണ് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ഉന്നയിക്കുന്നത്. എന്നാൽ 1956ൽ സിക്കുമത വിശ്വാസികളെയും 1990ൽ ബുദ്ധമത വിശ്വാസികളെയും പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തിയപ്പോൾ ഈ വാദം ഉയർത്തിയില്ല.
സിക്കുമതത്തിൽ ഒരാൾ ചേരുന്നത് അവരുടെ മതഗ്രന്ഥത്തിൽ തൊട്ട് താൻ ഈ വിശ്വാസം സ്വീകരിക്കുന്നതിലൂടെ ഈ മതത്തിൽ ഏകോദര സഹോദരന്മാരായി ജീവിച്ചുകൊള്ളാമെന്ന് ഉറപ്പ് നൽകിക്കൊണ്ടാണ്. ഡോ. ഭീമാറാവു അംബേദ്കർ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാന കാലഘട്ടത്തിൽ 1956 ഒക്ടോബർ 14ന് നാഗ്പുരിൽ ലക്ഷക്കണക്കിന് അനുയായികളുമായി പോയത് ബുദ്ധമതത്തിലേക്കാണ്. അദ്ദേഹം ഏറെ പഠനത്തിന് ശേഷമാണ് ഈ തീരുമാനം എടുത്തത്. ഈ രണ്ട് മതവിശ്വാസങ്ങളിലും അയിത്തവും അസ്പർശതയും ഉള്ളതുകൊണ്ടാണോ സംവരണം നൽകിയത്.
ക്രിസ്തുമത വിശ്വാസിയായിരിക്കുന്ന ഒരു വ്യക്തി ഹിന്ദുമത വിശ്വാസത്തിലേക്കു തിരികെ ചെന്നാൽ അയാൾക്ക് പട്ടികജാതിക്കാർ അനുഭവിക്കുന്ന അവകാശങ്ങൾ തിരികെ ലഭിക്കും. സാമൂഹ്യമായി മുന്നാക്കം നിൽക്കുന്ന ഒരു ദളിത് ക്രൈസ്തവൻ ഹിന്ദുമത വിശ്വാസം സ്വീകരിച്ചാൽ ആ വ്യക്തി ആ നിമിഷം മുതൽ പട്ടികജാതിസംവരണത്തിന് അർഹനാകുന്നു. ഇത് വിശ്വാസത്തിന്റെ മേൽ സർക്കാർ നടത്തുന്ന കടന്നുകയറ്റമാണ്. ഒരു പൗരന് നൽകുന്ന ഉറപ്പിന്റെ വ്യക്തമായ ലംഘനമാണ്. ഇതിനെതിരേയാണ് കഴിഞ്ഞ 76 വർഷമായി ക്രൈസ്തവസഭ പോരാടുന്നത്. ഇത് കേവലം ദളിത് ക്രസ്തവരോട് കാട്ടുന്ന വിവേചനമോ അവഗണനയോ അല്ല, മറിച്ച് വിശ്വാസത്തിനുനേരേയുള്ള വെല്ലുവിളിയാണ്.
കേരളത്തിലെ ക്രൈസ്തവ-ക്രിസ്ത്യൻ വിഭാഗങ്ങളിലെ പിന്നാക്കാവസ്ഥ പഠിക്കുന്നതിന് സംസ്ഥാന സർക്കാർ നിയമിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിൽ പട്ടിക ജാതിയിൽനിന്ന് ക്രിസ്തുമതം സ്വീകരിച്ച അംഗങ്ങളുടെ പുരോഗതിക്കായി 33 ശിപാർശകൾ പറയുന്നുണ്ട്. ഈ ശിപാർശകൾ നടപ്പിലാക്കിയാൽ സംസ്ഥാനതലത്തിൽ അനുഭവിക്കുന്ന പല വിവേചനങ്ങൾക്കു പരിഹാരമാകും. തമിഴ്നാട്, കർണാടക, തെലുങ്കാന തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സർക്കാരുകളുടെ പ്രത്യേക പരിഗണനയിൽ പട്ടികജാതിക്കാർക്ക് സമാനമായ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്.
ഇന്ന് ദേശീയതലത്തിൽ ഭാരതകത്തോലിക്കാ മെത്രാൻ സമിതിയും നാഷണൽ ക്രിസ്ത്യൻ കൗണ്സിൽ ഓഫ് ഇന്ത്യയും വിവിധ ദളിത് ക്രൈസ്തവ സംഘടനകളും വിവിധ പരിപാടികളോടെ പ്രതിഷേധസമരങ്ങൾ നടത്തുകയാണ്. ഈ പ്രതിരോധങ്ങളോട് ചേർന്നുകൊണ്ട് കേരളത്തിൽ ദളിത് കത്തോലിക്കാ മഹാജനസഭയും ക്രിസ്ത്യൻ സംഘടനകളും സമരപരിപാടികൾ നടത്തുകയാണ്.
Tags : EqualJustice Denial Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash