പ്രതീകാത്മക ചിത്രം
ഡൽഹിയിൽ വിദ്യാർഥി-യുവജന പ്രക്ഷോഭങ്ങളെ പിന്തുണച്ചുകൊണ്ട് ജസ്യൂട്ട് വൈദികനും പ്രമുഖ സാമൂഹിക നിരീക്ഷകനുമായ ഫാ. എം.കെ. ജോർജ് എഴുതിയ ലേഖനവും അതിനെത്തുടർന്ന് ബിജെപി നേതാവായ ഡോ. കെ.എസ്. രാധാകൃഷ്ണൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പിന്നിലുള്ള രാഷ്ട്രീയ താത്പര്യങ്ങളും ജനാധിപത്യപരമായ വെല്ലുവിളികളും ഗൗരവമായി ചർച്ചചെയ്യപ്പെടേണ്ട വിഷയമാണ്.
കോക്രോച്ച് ജനതാ പാർട്ടി നടത്തിയ പ്രക്ഷോഭങ്ങൾ കേവലമൊരു യുവജന മുന്നേറ്റമല്ലെന്നും സഭയുടെ ഗൂഢമായ, മതപരമായ അജൻഡയും വിദേശ ധനസഹായവുമാണെന്നുമായിരുന്നു രാധാകൃഷ്ണന്റെ പ്രധാന ആരോപണം. എന്നാൽ, ഈ വാദങ്ങൾ പൂർണമായും വ്യാജവും ദുരൂഹവുമാണെന്ന് ജസ്യൂട്ട് സഭ പ്രതികരിച്ചു. വിദ്യാർഥികളുടെ ന്യായമായ ജനാധിപത്യ പ്രക്ഷോഭങ്ങളെ വർഗീയവത്കരിക്കുന്നതും ഗൂഢാലോചനയായി ചിത്രീകരിക്കുന്നതും അടിസ്ഥാനരഹിതമാണ്. സാമൂഹ്യനീതിക്കും ഭരണഘടനാ മൂല്യങ്ങൾക്കുംവേണ്ടി ശബ്ദമുയർത്തുന്നത് കത്തോലിക്കാ സഭയുടെയും ജനാധിപത്യത്തിൽ വിശ്വാസമുള്ള പൊതുസമൂഹത്തിന്റെയും സവിശേഷമായ ഉത്തരവാദിത്വമാണെന്നും സഭ ചൂണ്ടിക്കാട്ടി.
എന്നാൽ, കെ.എസ്. രാധാകൃഷ്ണൻ ഉയർത്തിയ ആരോപണങ്ങളെ കേവലം രണ്ടു വ്യക്തികൾ തമ്മിലോ സഭയും ഒരു രാഷ്ട്രീയ സംഘടനയും തമ്മിലോ ഉള്ള പ്രാദേശിക വിവാദമായി കാണാനാകില്ല. മറിച്ച്, ആധുനിക ഇന്ത്യയുടെ ആത്മാവിനെയും ജനാധിപത്യ സങ്കല്പത്തിന്റെ നിർമിതിയെയും സംബന്ധിച്ചുള്ള രണ്ട് വിരുദ്ധ ചിന്താധാരകളുടെ ആഴത്തിലുള്ള ആശയസംഘർഷമാണിത്. ഇന്ത്യയിൽ ഇന്ന് ദേശീയതയെക്കുറിച്ചുള്ള ചർച്ചകൾ കേവലം രാഷ്ട്രീയ തർക്കങ്ങളല്ല; ഇന്ത്യയെന്ന രാഷ്ട്രസങ്കല്പത്തിന്റെ നിലനിൽപ്പിനെക്കുറിച്ചുള്ള ചോദ്യങ്ങളാണ്. നമ്മുടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സർവകലാശാലകളിലെയും തർക്കങ്ങൾ, ചരിത്ര പാഠപുസ്തകങ്ങളുടെ തിരുത്തിയെഴുത്തുകൾ, മതപരിവർത്തന നിരോധന നിയമങ്ങൾ, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ, മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റങ്ങൾ തുടങ്ങിയ സമകാലിക വിഷയങ്ങളിലെല്ലാം ഈ അടിസ്ഥാന ആശയസംഘർഷം പ്രകടമായി പ്രതിഫലിക്കുന്നുണ്ട്.
ഇന്ത്യയെ നിർവചിക്കേണ്ടത് ഒരു മതത്തിന്റെയോ സംസ്കാരത്തിന്റെയോ ആധിപത്യത്തിലൂടെയാണോ, അതോ ഭരണഘടന ഉറപ്പുനൽകുന്ന തുല്യ പൗരത്വത്തിലൂടെയാണോ എന്ന അടിസ്ഥാനചോദ്യമാണ് നമ്മുടെ പൊതുജീവിതത്തിൽ വീണ്ടും വീണ്ടും ഉയർന്നുവരുന്നത്. മതനിരപേക്ഷ രാജ്യമായ ഇന്ത്യയെ ഒരു പ്രത്യേക മതാധിഷ്ഠിത പ്രത്യയശാസ്ത്രമായ ‘സാംസ്കാരിക ദേശീയത’യുടെ വാർപ്പുമാതൃകകളിലൂടെയാണോ അതോ ഭരണഘടന ഉറപ്പുനൽകുന്ന ബഹുസ്വര പൗരത്വത്തിന്റെയും സാർവത്രിക സമത്വത്തിന്റെയും വെളിച്ചത്തിലാണോ നിർവചിക്കേണ്ടത്?
ദേശീയതയുടെ നാനാത്വവും ഭരണഘടനാ പാരമ്പര്യവും
ഇന്ത്യൻ ആത്മീയ-രാഷ്ട്രീയ ചരിത്രം ഏതെങ്കിലുമൊരു ചിന്താപദ്ധതിയുടെയോ മതവിശ്വാസത്തിന്റെയോ ആധിപത്യചരിത്രമല്ല; മറിച്ച്, നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ട വിഭിന്നവും വിശാലവുമായ ആശയങ്ങളുടെ നിരന്തര സംവാദമാണ്. മഹാത്മാഗാന്ധി ഇന്ത്യയെ ഒരു കേവല രാഷ്ട്രീയ അധികാരകേന്ദ്രമായല്ല, സത്യത്തിലും അഹിംസയിലും അധിഷ്ഠിതമായ നൈതിക സമൂഹമായാണ് വീക്ഷിച്ചത്. സ്വന്തം വേരുകളിൽ ഉറച്ചുനിൽക്കുമ്പോൾതന്നെ ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നുമുള്ള നല്ല ആശയങ്ങളെ സ്വാഗതം ചെയ്യുന്ന ‘സർവധർമ സമഭാവ’മാണ് ഗാന്ധിജിയുടെ ‘ഹിന്ദ് സ്വരാജ്’ മുന്നോട്ടുവച്ചത്. “എന്റെ വീടിന്റെ ജനാലകൾ ലോകത്തിലെ എല്ലാ സംസ്കാരങ്ങളുടെയും കാറ്റിനായി തുറന്നിരിക്കട്ടെ; പക്ഷേ അവ എന്നെ പറത്തിക്കൊണ്ടുപോകരുത്’’ എന്ന വാക്കുകൾ ഗാന്ധിജി മുന്നോട്ടുവച്ച നൈതിക ദേശീയതയുടെ വിശ്വമാനവിക സാക്ഷ്യമാണ്.
ദേശീയതയെന്നത് മനുഷ്യത്വത്തെ തല്ലിക്കെടുത്തുന്ന പ്രതിലോമ ശക്തിയാകരുതെന്ന് രവീന്ദ്രനാഥ ടാഗോർ ഓർമിപ്പിച്ചു. വിശക്കുന്ന മനുഷ്യന് അപ്പം നൽകാതെ മതത്തെക്കുറിച്ചു സംസാരിക്കുന്നത് അർഥശൂന്യമാണെന്നായിരുന്നു സ്വാമി വിവേകാനന്ദന്റെ നിലപാട്. സ്വതന്ത്ര ഇന്ത്യയെ ശാസ്ത്രീയ മനോഭാവവും ശക്തമായ ജനാധിപത്യ സ്ഥാപനങ്ങളുമുള്ള റിപ്പബ്ലിക്കായി വിഭാവനം ചെയ്ത ജവാഹർലാൽ നെഹ്റു, ഇന്ത്യയെ വിശേഷിപ്പിച്ചത് ഒരു ‘ബഹുതല സംസ്കാരരേഖ’ (Palimpsest) എന്നാണ്. ആയിരക്കണക്കിന് വർഷങ്ങളിലൂടെ വൈവിധ്യമാർന്ന സംസ്കാരങ്ങളും ചിന്തകളും കൂട്ടിച്ചേർക്കപ്പെട്ടിട്ടും പൈതൃക സാംസ്കാരിക ധാരകളെ കൈവിടാതെ സംരക്ഷിക്കുന്ന ഒരു ജീവിക്കുന്ന ചരിത്രരേഖയാണത്.
വിഭജനവാദത്തെയും ദ്വിരാഷ്ട്ര സിദ്ധാന്തത്തെയും ശക്തമായി എതിർത്ത മൗലാനാ അബുൽ കലാം ആസാദ്, ഇന്ത്യ എന്നത് എല്ലാ ജനവിഭാഗങ്ങളും പങ്കുചേരുന്ന വലിയൊരു ചരിത്രത്തിന്റെ സാംസ്കാരിക കൂട്ടായ്മയാണെന്ന് സമർഥിച്ചു. അതുപോലെ, ശ്രീനാരായണ ഗുരുവിന്റെ “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’’ എന്ന ആഹ്വാനം കേവലം മതപരമായ ഏകീകരണമല്ല, മറിച്ച് മനുഷ്യന്റെ അന്തഃസിനും പൗരത്വത്തിനും വേണ്ടിയുള്ള സാമൂഹിക വിപ്ലവമായിരുന്നു. ഗുരു ദേശീയതയെ നിർവചിച്ചത് മനുഷ്യന്റെ ആത്മാഭിമാനത്തിലൂടെയാണ്. ശ്രീനാരായണ ഗുരുവിന്റെ ദേശീയബോധം മനുഷ്യന്റെ അന്തസ്സിലും ആത്മാഭിമാനത്തിലുമായിരുന്നു അധിഷ്ഠിതമായിരുന്നത്. അദ്ദേഹത്തിന് ക്ഷേത്രപ്രവേശനം മതാചാരവുമായി ബന്ധപ്പെട്ട ഒരു പ്രശ്നമല്ല, മനുഷ്യന്റെ തുല്യ പൗരാവകാശങ്ങളുടെ പ്രഖ്യാപനമായിരുന്നു. വിദ്യാഭ്യാസം തൊഴിൽ നേടാനുള്ള മാർഗം മാത്രമല്ല, വ്യക്തിയുടെയും സമൂഹത്തിന്റെയും വിമോചനത്തിനുള്ള ശക്തമായ ഉപാധിയാണെന്ന് അദ്ദേഹം വിശ്വസിച്ചു. ഈ അർഥത്തിൽ അംബേദ്കറുടെ മുൻഗാമിയായിരുന്നു ഗുരു എന്ന് പല സമൂഹശാസ്ത്രജ്ഞരും വിലയിരുത്തിയിട്ടുണ്ട്.
ഈ മതേതര ബഹുസ്വര ദർശനങ്ങൾക്കാണ് ഡോ. ബി.ആർ. അംബേദ്കറുടെ നേതൃത്വത്തിൽ ഭരണഘടനയിലൂടെ രാഷ്ട്രീയവും നിയമപരവുമായ രൂപം നൽകിയത്. എന്നാൽ, ഭരണഘടന ഒരു വ്യക്തിയുടെ മാത്രം കൃതിയായിരുന്നില്ല; മറിച്ച്, ഗാന്ധിജിയുടെ നൈതികതയും നെഹ്റുവിന്റെ ആധുനികതയും പട്ടേലിന്റെ ദേശീയ ഐക്യബോധവും ആസാദിന്റെ ബഹുസ്വരതയും സമ്മേളിച്ച സ്വാതന്ത്ര്യസമരത്തിന്റെ സംയുക്ത രാഷ്ട്രീയരേഖയായിരുന്നു.
അംബേദ്കർ മുന്നോട്ടുവച്ച പ്രധാന തത്വം ‘ഭരണഘടനാപരമായ ധാർമികത’യാണ്. ഭൂരിപക്ഷത്തിന് അധികാരമുണ്ടെന്നതുകൊണ്ട് എന്തും ചെയ്യാമെന്നതല്ല ജനാധിപത്യം; മറിച്ച്, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും ഭിന്നവിശ്വാസങ്ങൾക്കും കാഴ്ചപ്പാടുകൾക്കും ആശയപരമായ വിയോജിപ്പുകൾക്കും ഭരണഘടനാ സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യുമ്പോഴാണ് ജനാധിപത്യം അർഥവത്താകുന്നത്.
സാംസ്കാരിക ദേശീയതയുടെ ഭീഷണി
എന്നാൽ, ബഹുസ്വരതയിൽ അധിഷ്ഠിതമായ ഈ ഭരണഘടനാ സങ്കൽപത്തിന് നേർവിപരീതമായാണ് സാംസ്കാരിക ദേശീയതയുടെ പ്രത്യയശാസ്ത്രം പ്രവർത്തിക്കുന്നത്. വി.ഡി. സവർക്കർ, എം.എസ്. ഗോൾവൽക്കർ, ദീൻദയാൽ ഉപാധ്യായ തുടങ്ങിയവർ വികസിപ്പിച്ചെടുത്ത ഈ കാഴ്ചപ്പാട്, രാജ്യത്തിന്റെ ദേശീയ ഐക്യത്തെ ഒരു പ്രത്യേക മത സാംസ്കാരിക പാരമ്പര്യവുമായി മാത്രം കൂട്ടിക്കെട്ടാൻ ശ്രമിക്കുന്നു. ഇത്തരം ഒരു ഭൂരിപക്ഷ സാംസ്കാരിക സ്വത്വത്തിന് രാഷ്ട്രീയ മുൻഗണനയും മേൽക്കൈയും ലഭിക്കുമ്പോൾ, അത് ഭരണഘടന ഉറപ്പുനൽകുന്ന തുല്യപൗരത്വത്തിനും ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തിനും നിലനിൽപിനും കടുത്ത ഭീഷണിയായി മാറുന്നു.
ക്രൈസ്തവ സഭയെയും അതിന്റെ സ്ഥാപനങ്ങളെയും സാമൂഹിക ദൗത്യങ്ങളെയും സംശയത്തിന്റെ നിഴലിൽ നിർത്താനും അവയെ രാജ്യവിരുദ്ധ ഗൂഢാലോചനകളായി ചിത്രീകരിക്കാനുമുള്ള ശ്രമങ്ങൾ ഇത്തരം സാംസ്കാരിക ആധിപത്യ അജൻഡയുടെ ഭാഗമാണ്. ഡോ. കെ.എസ്. രാധാകൃഷ്ണന്റെ പ്രസ്താവനകളെയും ദുർവ്യാഖ്യാനങ്ങളെയും ഈ വർഗീയ ധ്രുവീകരണ ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ വേണം മനസിലാക്കാൻ. സഭയെ സംബന്ധിച്ചിടത്തോളം, വിമോചനവും സാമൂഹ്യനീതിയും കേവലം ഒരു രാഷ്ട്രീയ പ്രവർത്തനമല്ല; അത് സുവിശേഷ മൂല്യങ്ങളുടെ ആവിഷ്കാരവും ക്രിസ്തീയ സാക്ഷ്യവുമാണ്. ദരിദ്രരുടെയും അവഗണിക്കപ്പെട്ടവരുടെയും പക്ഷത്ത് നിൽക്കുക, അനീതിയെ ചോദ്യം ചെയ്യുക, മനുഷ്യന്റെ അന്തസ്സിനെ സംരക്ഷിക്കുക, സമാധാനവും നീതിയും പ്രഘോഷിക്കുക എന്നിവ സുവിശേഷത്തിന്റെ കേന്ദ്രസന്ദേശങ്ങളാണ്.
സഭയുടെ സാമൂഹിക പ്രബോധനവും ഈ സുവിശേഷമൂല്യങ്ങൾ തന്നെയാണ് പഠിപ്പിക്കുന്നതും. മനുഷ്യന്റെ അന്തസ്സാണ് എല്ലാ സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥകളുടെയും കേന്ദ്രബിന്ദു എന്നതാണ് സഭയുടെ അചഞ്ചലമായ നിലപാട്. രാഷ്ട്രവും ഭരണകൂടവും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മനുഷ്യനെ സേവിക്കാനുള്ള ഉപാധികളാണ്; മറിച്ച്, മനുഷ്യൻ അവയുടെ കേവല ഉപകരണങ്ങളല്ല.
ഇന്ത്യൻ ഭരണഘടനയും ഇതേ അടിസ്ഥാനധാർമികതയാണ് ഉയർത്തിപ്പിടിക്കുന്നത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി എന്നീ മൂല്യങ്ങൾ നിയമപരമായ ആശയങ്ങൾ മാത്രമല്ല; വൈവിധ്യങ്ങളെ ആദരിച്ചുകൊണ്ട് ഒരുമിച്ച് ജീവിക്കാൻ പഠിച്ച ഒരു ജനതയുടെ ധാർമിക ഉടമ്പടിയാണ്. വിവിധ മതങ്ങളും ഭാഷകളും സംസ്കാരങ്ങളും സഹവർത്തിത്വത്തോടെ ജീവിക്കണമെന്ന പ്രതിജ്ഞയാണ് ഇന്ത്യൻ ഭരണഘടന. അതുകൊണ്ടുതന്നെ, ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കപ്പെടാൻവേണ്ടി നിലകൊള്ളുന്നത് സഭയുടെ പ്രഥമവും പ്രധാനവുമായ സഭാത്മകത്വത്തിന്റെ കടമകൂടിയാണ്.
അതേസമയം, സമീപകാലത്ത് ശക്തിപ്രാപിച്ച സാംസ്കാരിക ദേശീയത ഇന്ത്യയുടെ ദേശീയ ഐക്യത്തെ ഒരു പ്രത്യേക സാംസ്കാരിക പാരമ്പര്യത്തിലൂടെ മാത്രം നിർവചിക്കാൻ ശ്രമിക്കുമ്പോൾ, വ്യത്യസ്ത വിശ്വാസങ്ങളുടെയും സംസ്കാരങ്ങളുടെയും സാധുതയും നിലനിൽപും ചോദ്യം ചെയ്യപ്പെടുന്നു.
രാജ്യത്തോടുള്ള ആത്മാഭിമാനവും ചരിത്രബോധവും വളർത്തേണ്ടതിന്റെ ആവശ്യകത ആരും നിഷേധിക്കുന്നില്ല. സ്വന്തം നാടിന്റെ പൈതൃകത്തെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. എന്നാൽ, ഒരു പ്രത്യേക സാംസ്കാരിക സ്വത്വം രാഷ്ട്രത്തിന്റെ ഏക ഔദ്യോഗിക മാനദണ്ഡമായി മാറുമ്പോൾ, അത് ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരന്മാരാക്കി മാറ്റാൻ ഇടയാക്കും.
വിവിധ ചിന്തകൾ തമ്മിലുള്ള ജനാധിപത്യപരമായ സംവാദത്തിലാണ് ഇന്ത്യയുടെ മഹത്വം കുടികൊള്ളുന്നത്. ഗാന്ധിജിയും അംബേദ്കറും ടാഗോറും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും, അത് ഇന്ത്യയുടെ ബൗദ്ധികമണ്ഡലത്തെ സമ്പന്നമാക്കുകയാണു ചെയ്തത്. വിയോജിപ്പുകളെ കായികമായോ ആരോപണങ്ങൾ ഉന്നയിച്ചോ അടിച്ചമർത്താനല്ല, കേൾക്കാനും സംവദിക്കാനുമുള്ള സഹിഷ്ണുതയാണ് പക്വമായ ഒരു ജനാധിപത്യ സമൂഹത്തിന്റെ അടയാളം. അതുകൊണ്ടുതന്നെ കെ.എസ്. രാധാകൃഷ്ണന്റെ ജല്പനങ്ങൾ അപക്വമായ ജനാധിപത്യ വിശ്വാസത്തിന്റെയും ഭരണഘടനയുടെ അടിസ്ഥാനപ്രമാണമായ ബഹുസ്വരതയുടെ നിഷേധത്തിന്റെയും ദൃഷ്ടാന്തമായി എന്നു പറയാതെവയ്യ.
ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി ഏതെങ്കിലും ഒരു മതത്തിന്റെയോ രാഷ്ട്രീയ പാർട്ടിയുടെയോ ആധിപത്യത്തിലല്ല കുടികൊള്ളുന്നത്. ഭരണഘടനയുടെ ആത്മാവായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി, മതേതരത്വം എന്നീ മഹത്തായ മൂല്യങ്ങളെ ദൈനംദിന ജീവിതത്തിൽ എത്രത്തോളം പ്രാവർത്തികമാക്കി ജീവിക്കുന്നു എന്നതാണ് പ്രധാനം.
സാംസ്കാരിക ദേശീയതയുടെ കടന്നുകയറ്റങ്ങൾക്കെതിരേയും അടിച്ചേൽപ്പിക്കപ്പെടുന്ന ഏകീകരണ ശ്രമങ്ങൾക്കെതിരേയും നിലകൊള്ളുന്നതോടൊപ്പം, ഭരണഘടനാപരമായ ബഹുസ്വരതയും സംവാദ മനോഭാവവും സംരക്ഷിക്കുക എന്നതാണ് ഈ കാലഘട്ടത്തിൽ എല്ലാ ജനാധിപത്യവിശ്വാസികളും ഏറ്റെടുക്കേണ്ട ഉത്തരവാദിത്വവും വെല്ലുവിളിയും.
(ലേഖകൻ കേരള സർവകലാശാലയിൽ സോഷ്യോളജി പ്രഫസറും വകുപ്പ് മേധാവിയുമായിരുന്നു)
Tags : Threat Democracy CulturalNationalism Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash