പ്രതീകാത്മക ചിത്രം
യാത്രക്കാരെ കുത്തിനിറച്ച് ശ്വാസംമുട്ടി കിതച്ചോടുന്ന കെഎസ്ആര്‍ടിസി ബസുകള്‍ കാണുമ്പോള്‍ നികുതിദായകരുടെ ഉള്ളിലുയരുന്ന ചില ചോദ്യങ്ങളുണ്ട്. ഇത്രയധികം യാത്രക്കാരുണ്ടായിട്ടും ഈ പ്രസ്ഥാനമെങ്ങനെ നഷ്ടത്തിലായി? കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാന്‍ കഴിയില്ലേ? അതിനുള്ള ഉത്തരം പല അവസരങ്ങളിലും കെഎസ്ആര്‍ടിസി മുന്‍ സിഎംഡിമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. “തൊട്ടതിനും പിടിച്ചതിനുമെല്ലാം കമ്മീഷന്. കോര്‍പറേഷന്റെ പൈസ കക്കുന്നവര്ക്കെതിരേ നടപടിയെടുത്താല്‍ പോലും അതിലും ഇടപെടുന്ന രാഷ്ട്രീയാതിപ്രസരം. കംപ്യൂട്ടറൈസേഷന് പൂര്‍ണമായി നടപ്പാക്കാത്തതിനാല്‍ ഇപ്പോഴുമുള്ള വരുമാനച്ചോര്‍ച്ച, പ്രഫഷണലിസമില്ലായ്മ.”
കെഎസ്ആര്‍ടിസി ബസുകള്‍ അലഞ്ഞോടുമ്പോഴും വരുമാനച്ചോര്‍ച്ച പലവിധത്തിലാണ്. 2024-25 സാമ്പത്തികവര്‍ഷത്തെ പ്രൊവിഷണല്‍ അക്കൗണ്ട്സ് പ്രകാരം കെഎസ്ആര്‍ടിസിയുടെ പ്രതിദിന നഷ്ടം ശരാശരി 4.33 കോടി രൂപയാണ്. കെഎസ്ആര്‍ടിസിയുടെ ആസ്തി 6000 കോടിയും ബാധ്യത 17,000 കോടിയിലുമേറെയാണ്.
കെഎസ്ആര്‍ടിസിക്ക് ലഭ്യമാകുന്ന പ്രതിമാസ ശരാശരി ടിക്കറ്റ്, ടിക്കറ്റിതര വരുമാനത്തിന്റെ 85 ശതമാനത്തിലധികം തുകയും ഡീസല്‍, കണ്‍സോര്‍ഷ്യം വായ്പ, ഓവര്‍ഡ്രാഫ്റ്റ് വായ്പ തിരിച്ചടവുകള്‍, സ്പെയര്‍ പാര്‍ട്സ്, ജീവനക്കാരുടെ പ്രതിദിന അലവന്‍സുകള്‍, എംപാനല്‍ ജീവനക്കാരുടെ ശമ്പളം തുടങ്ങിയ ചെലവുകള്‍ക്കായി മാത്രമാണ് വിനിയോഗിക്കേണ്ടിവരുന്നത്.
പ്രതിദിന വരുമാനത്തില്‍നിന്നു 1.19 കോടി രൂപ കണ്‍സോര്‍ഷ്യം തിരിച്ചടവിലേക്കും ഏകദേശം 4.50 കോടി രൂപയോളം ഡീസല്‍ ചെലവിനുമായി നീക്കിവയ്ക്കേണ്ടതിനാല്‍ ജീവനക്കാരുടെ നെറ്റ് ശമ്പളത്തിനും സ്പെയര്‍ പാര്‍ട്സിനും എംഎസിടി നഷ്ടപരിഹാരത്തിനും തുക കണ്ടെത്താന്‍ കഴിയാത്ത കോര്പറേഷന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങി. ഇതോടെ ഓരോ വര്‍ഷവും സര്‍ക്കാര്‍ ഖജനാവില്‍നിന്ന് കെഎസ്ആര്‍ടിസിയെ തീറ്റിപ്പോറ്റാനായി ചെലവഴിക്കുന്ന തുകയും വര്‍ധിച്ചു.
വരുമാനം പോകുന്ന വഴി
2026 ഏപ്രിലില്‍ ടിക്കറ്റ് ഇനത്തില്‍ കോര്പറേഷന് ലഭിച്ച വരുമാനം 227.63 കോടി രൂപയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ പരസ്യ ഇനത്തില്‍ 3,87,66,151 രൂപ കോര്പറേഷന് നല്‍കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി നേരിട്ട് ബസുകളില്‍ പരസ്യം ചെയ്തു തുടങ്ങിയതിലൂടെ വലിയൊരു തുക വരുമാനമായി ലഭിക്കുന്നുണ്ട്. 2021ല്‍ 1.31 കോടിയായിരുന്ന പരസ്യവരുമാനം 2022ല്‍ 8.53 കോടിയായും 2024ല്‍ അത് 8.77 കോടിയായും ഉയര്‍ന്നു. 2025ല്‍ 7.51 കോടി രൂപയാണ് പരസ്യ ഇനത്തില്‍ നേരിട്ട് സമാഹരിച്ചത്.
ഒരു വശത്ത് വരുമാനം കൂടുമ്പോള്‍ മറുവശത്ത് അതിലും വലിയ തുകയാണ് കെഎസ്ആര്‍ടിസിയുടെ ബാധ്യതകള്‍. ഇന്ധനം, വായ്പാ തിരിച്ചടവ്, സ്പെയര്‍ പാര്‍ട്സ് എന്നീ ഇനങ്ങളില്‍ ഓരോ മാസവും ചെലവഴിക്കേണ്ടിവരുന്ന കോടികള്‍ക്ക് കണക്കില്ല.
2026 ജൂണ്‍ 15 മുതല്‍ 19 വരെയുള്ള കാലയളവില്‍ കെഎസ്ആര്‍ടിസിക്ക് ഇന്ധനം, വായ്പാ തിരിച്ചടവ്, സ്പെയര്‍ പാര്‍ട്സ് എന്നീ ഇനങ്ങളില്‍ ചെലവായ തുകയും അക്കാലയളവില്‍ ലഭിച്ച വരുമാനവും ചേര്‍ത്തുവച്ചാല്‍ വരുമാനമെല്ലാം ഏതു വഴിയേ ചോര്ന്നുപോകുന്നുവെന്നു വ്യക്തമാകും. ഇതിനു പുറമെയാണ് ശമ്പളം, പെന്ഷന് അടക്കമുള്ള ആവശ്യങ്ങള്‍ക്ക് വേണ്ടിവരുന്ന കോടികള്‍.
ചെലവ് (2026 ജൂണ്‍ 15-19)
ഇന്ധനം : 28,54,05,025
വായ്പാ തിരിച്ചടവ് : 5,95,65,000
സ്പെയര്‍ പാര്‍ട്സ് : 3,36,80,972
ആകെ ചെലവ് : 37,86,50,997
വരുമാനം (2026 ജൂണ്‍ 15-19)
ടിക്കറ്റ് വരുമാനം : 41,73,18,209
ടിക്കറ്റിതര വരുമാനം: 4,55,76,112
ആകെ വരുമാനം : 46,28,94,321
10 വര്‍ഷത്തിനിടെ ഖജനാവില്‍നിന്ന് ഒഴുക്കിയത് കോടികള്‍
2016-17 സാമ്പത്തികവര്‍ഷം മുതല്‍ 2025-26 വരെയുള്ള കഴിഞ്ഞ 10 വര്‍ഷത്തിനിടെ വായ്പകള്‍ എന്ന ശീര്‍ഷകത്തില്‍ കോടിക്കണക്കിന് രൂപയുടെ സാമ്പത്തികസഹായമാണ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് അനുവദിച്ചത്. ഇതുകൊണ്ടു മാത്രം നിലവില്‍ ജീവനക്കാരുടെ ശമ്പളം, പെന്ഷന് എന്നിവ കൃത്യമായി നല്കാന് കഴിയുന്നു.
എല്ലാക്കാലവും സര്‍ക്കാരിന് കെഎസ്ആര്‍ടിസിയെ പോറ്റാന്‍ കഴിയുമോ എന്ന ചോദ്യമുയരുമ്പോഴാണ് പ്രിയദര്‍ശിനി സൗജന്യയാത്ര യുഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ചത്. ടിക്കറ്റ് വരുമാനം കൂട്ടാനുള്ള ഈ പദ്ധതി കെഎസ്ആര്‍ടിസിയെ സംബന്ധിച്ചിടത്തോളം ആശ്വാസമാകും.
സ്ത്രീകളോടൊപ്പമുള്ള കുടുംബാംഗങ്ങള്‍, സൗജന്യയാത്ര എന്ന ഒറ്റക്കാരണത്താല്‍ പ്രിയദര്‍ശിനി ബസുകളില്‍ തിങ്ങിഞെരുങ്ങി യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നു. അതുവഴി കോര്പറേഷന് ടിക്കറ്റ് വരുമാനം കൂടും. കെഎസ്ആര്‍ടിസിക്ക് ഗുണകരവും സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത കൂട്ടുകയും ചെയ്യുന്ന പ്രിയദര്‍ശിനിക്കായി വേറെയും കോടികള്‍ നല്‍കേണ്ടത് സര്‍ക്കാരാണ്.
2023-24 സാമ്പത്തികവര്‍ഷത്തിലാണ് ഏറ്റവും ഉയര്‍ന്ന തുക (2,065.57 കോടി രൂപ) സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് സഹായമായി നല്‍കിയത്. 2021-22ല്‍ 2,037.51 കോടി രൂപയും നല്കി. ഓരോ വര്‍ഷവും നല്കുന്ന കോടികള്‍ക്കു പുറമെ സമ്പൂര്‍ണ കമ്പ്യൂട്ടര്‍വത്കരണം, ഇ-ഗവേണന്‍സ്, വാഹന വ്യൂഹങ്ങളുടെ നവീകരണം, വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ്, അടിസ്ഥാനസൗകര്യ വികസനവും വര്‍ക്ക്ഷോപ്പുകളുടെ നവീകരണവും, ജീവനക്കാര്‍ക്കും ഓഫീസര്‍മാര്‍ക്കും പരിശീലനം തുടങ്ങി വിവിധ പദ്ധതികളുടെ നടത്തിപ്പിനായി പദ്ധതി വിഹിതമായി 2021-22 സാമ്പത്തികവര്‍ഷത്തില്‍ 38.44 കോടി രൂപയും 2022-23 സാമ്പത്തികവര്‍ഷത്തില്‍ 59.14 കോടി രൂപയും 2023-24 സാമ്പത്തികവര്‍ഷത്തില്‍ 67.76 കോടി രൂപയും 2024-25 സാമ്പത്തികവര്‍ഷത്തില്‍ 34.24 കോടി രൂപയും 2025-26 സാമ്പത്തികവര്‍ഷത്തില്‍ നാളിതുവരെ 27.03 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ പദ്ധതി വിഹിതമായി ലഭ്യമായ തുക വിനിയോഗിച്ച് മള്‍ട്ടി ആക്സില്‍, നോണ്‍ എ.സി. പൂര്‍ണ നിര്‍മിത ഡീസല്‍ ബസുകള്‍, ഇലക്ട്രിക് ബസുകള്‍ ഉള്‍പ്പെടെ വിവിധ ശ്രേണികളില്‍പെട്ട ബസുകള്‍ കെഎസ്ആര്‍ടിസി വാങ്ങിക്കൂട്ടിയിട്ടുണ്ട്.

28,228 ജീവനക്കാര്‍, 42,585 പെന്‍ഷന്‍കാര്‍
2026 ഏപ്രില്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം കോര്‍പറേഷനില്‍ ആകെ 28,228 ജീവനക്കാരാണുള്ളത്. ഇതില്‍ 20,904 പേര് സ്ഥിരം ജീവനക്കാര്‍. ബാക്കിയുള്ളവരില്‍ അഞ്ചുപേര്‍ എച്ച്ഡിഒ കരാര്‍ വ്യവസ്ഥയിലും 832 പേര് സിഎല്‍ആര്‍ വിഭാഗത്തിലും 6,487 പേര് ബദലി (എം-പാനല്‍) ജീവനക്കാരുമാണ്.
ആകെ ജീവനക്കാരില്‍ 3,414 പേര് വനിതകള്‍. ഇക്കഴിഞ്ഞ ഏപ്രിലില്‍ ശമ്പളവിതരണത്തിനായി കോര്പറേഷന് മൊത്തം 106.34 കോടി രൂപ (ഗ്രോസ്) ചെലവഴിക്കേണ്ടി വന്നു. ഇതില്‍ നെറ്റ് ശമ്പളമായി മാത്രം 94.20 കോടി രൂപ വിതരണം ചെയ്തു. സ്ഥിരം ജീവനക്കാരുടെ ഗ്രോസ് ശമ്പളം മാത്രം 93.30 കോടി രൂപ വരും.
ശമ്പളത്തിന് പുറമെ കോര്‍പറേഷന്റെ വലിയൊരു ബാധ്യത പെന്ഷന് വിതരണമാണ്. ഏപ്രിലിലെ കണക്കനുസരിച്ച് 42,585 പേര്‍ക്കാണ് കെഎസ്ആര്‍ടിസി പ്രതിമാസം പെന്ഷന് നല്‍കുന്നത്. ഏപ്രിലില്‍ പെന്ഷന് നല്‍കാനായി മാത്രം 72.44 കോടി രൂപ ചെലവഴിച്ചു.
(തുടരും)
Tags : KSRTC Income Demanded Emergency Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash