പ്രതീകാത്മക ചിത്രം
കെഎസ്ആർടിസി ജീവനക്കാരെ മക്കളെപ്പോലെ കണ്ട എംഡിയായിരുന്നു ടോമിൻ ജെ. തച്ചങ്കരി. താൻ തൊഴിലാളികളുടെ പിതാവും കെഎസ്ആർടിസി മാതാവുമാണെന്നായിരുന്നു തച്ചങ്കരി പറഞ്ഞിരുന്നത്. അനർഹമായ ആനുകൂല്യങ്ങൾ പറ്റുന്ന ജീവനക്കാർ മാതാവിനെ രോഗിയാക്കുകയാണെന്നും അദ്ദേഹം വിശ്വസിച്ചു. രാജ്യത്തുതന്നെ ഏറ്റവുമധികം കെഎസ്ആർടിസി ബസുകള്‍ കട്ടപ്പുറത്തുള്ളത് കേരളത്തിലാണെന്നു പറഞ്ഞത് മുൻ സിഎംഡിയായിരുന്ന ബിജു പ്രഭാകറാണ്. ഇവർ രണ്ടുപേരും കെഎസ്ആർടിസിയെ നന്നാക്കാൻ ശ്രമിച്ചു മടുത്ത് ഇറങ്ങിപ്പോയവരാണ്.
വഴിതേടി കമ്മീഷനുകൾ
കെഎസ്ആർടിസിയെ ലാഭകരമാക്കാൻ മാറിമാറി വരുന്ന സർക്കാരുകൾ നിയോഗിച്ച കമ്മീഷനുകൾക്ക് കൊടുത്ത പണമുണ്ടായിരുന്നെങ്കിൽ പാതി കടം വീട്ടാമായിരുന്നു. കമ്മീഷനുകൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ടുകൾ പൂർണമായും നടപ്പാക്കാൻ സർക്കാരോ യൂണിയനുകളോ സമ്മതിക്കാറില്ല.
സുശീൽ ഖന്ന റിപ്പോർട്ട് പാതിവഴിയിൽ
കെഎസ്ആർടിസിയെ കരകയറ്റാനായി 2016 ഒക്ടോബറിലാണ് കോല്‍ക്കത്ത ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ പ്രഫസറായ സുശീൽ ഖന്നയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയെ സർക്കാർ ചുമതലപ്പെടുത്തിയത്. സമിതി 2017ൽ സമർപ്പിച്ച സുപ്രധാന റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകളും ശിപാർശകളും ഇവയാണ്:
ജീവനക്കാരുടെ ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിനായി നിലവിലുള്ള ഡ്യൂട്ടി പാറ്റേണുകൾ പരിഷ്കരിച്ച് സിംഗിൾ ഡ്യൂട്ടി സംവിധാനം നടപ്പിലാക്കുക, കോർപറേഷന്റെ ഭരണം എളുപ്പമാക്കുന്നതിനായി കെഎസ്ആർടിസിയെ സൗത്ത്, സെൻട്രൽ, നോർത്ത് എന്നിങ്ങനെ മൂന്ന് പ്രധാന മേഖലകളായി തിരിച്ച് സ്വതന്ത്ര ലാഭകേന്ദ്രങ്ങളാക്കുക, ഡിപ്പോകളുടെ ഭരണച്ചുമതലയുള്ള മിഡിൽ മാനേജ്മെന്റിലെ അശാസ്ത്രീയമായ പ്രൊമോഷനുകൾ ഒഴിവാക്കുകയും അനാവശ്യ തസ്തികകൾ വെട്ടിക്കുറയ്ക്കുകയും ചെയ്യുക, വർക്ക്ഷോപ്പുകൾ നവീകരിക്കുക, സിഎൻജി, ഇലക്ട്രിക് ബസുകൾ എന്നിവയിലേക്ക് ഘട്ടംഘട്ടമായി മാറുക വഴി ഇന്ധനച്ചെലവ് കുറയ്ക്കുക, ദീർഘദൂര സർവീസുകൾ ലാഭകരമാക്കാൻ കെ-സ്വിഫ്റ്റ് പോലുള്ള സ്വതന്ത്ര ഉപകമ്പനികൾ രൂപീകരിക്കുക, കടബാധ്യത കുറയ്ക്കാൻ ഉയർന്ന പലിശയുള്ള ഹ്രസ്വകാല വായ്പകൾ പുനഃക്രമീകരിക്കുക, അനാവശ്യ ആസ്തികൾ വിറ്റഴിച്ച് ബാധ്യതകൾ തീർക്കുക, ഒരു ബസിന് 7.2 ജീവനക്കാർ എന്ന അനുപാതം ദേശീയ ശരാശരിയായ 5.2 ആയി കുറയ്ക്കുക. എംഡിമാരെ അടിക്കടി മാറ്റുന്നത് സ്ഥാപനത്തിന്റെ പ്രവർത്തനസ്ഥിരതയെ പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ സുശീൽ ഖന്ന റിപ്പോർട്ട് പൂർണമായും നടപ്പിലാക്കാൻ സാധിച്ചിട്ടില്ല.
ഹനുമന്ത് റാവു റിപ്പോർട്ടും വഴിപാടായി
മറ്റൊരു പ്രധാന റിപ്പോർട്ടായിരുന്നു ഹനുമന്ത് റാവു സമർപ്പിച്ചത്. ആന്ധ്രപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷനിലെ മുൻ സീനിയർ മാനേജരും പ്രമുഖ റോഡ് ഗതാഗത വിദഗ്ധനുമാണ് സി.എച്ച്. ഹനുമന്ത് റാവു.
കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങൾ ലാഭകരമാക്കുന്നതിനായി പ്രഫസർ സുശീൽ ഖന്നയുടെ നേതൃത്വത്തിൽ നടന്ന സമഗ്ര പഠനങ്ങൾക്ക് സാങ്കേതിക സഹായം നൽകിയത് ഇദ്ദേഹമായിരുന്നു. കെഎസ്ആർടിസിയുടെ മെക്കാനിക്കൽ-അറ്റകുറ്റപ്പണി രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിതുറന്ന ഒന്നായിരുന്നു ഈ റിപ്പോർട്ട്.
വർക്ക്ഷോപ്പുകളുടെ ആധുനികീകരണമായിരുന്നു റിപ്പോർട്ടിൽ പ്രധാനമായും പരാമർശിച്ചത്. റിപ്പോർട്ടിലെ പ്രധാനപ്പെട്ട കാര്യങ്ങൾ താഴെ പറയുന്നവയാണ്:
കെഎസ്ആർടിസിയുടെ പ്രധാന വർക്ക്ഷോപ്പുകൾ കാലഹരണപ്പെട്ട രീതികളിൽനിന്നുമാറ്റി ആധുനിക ഉപകരണങ്ങൾ നൽകി നവീകരിക്കണം. ബസുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാനും സുരക്ഷ ഉറപ്പാക്കാനും വർക്ക്ഷോപ്പുകളിൽ ആധുനിക മെഷിനറികൾ സ്ഥാപിക്കണം. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2016-17 സാമ്പത്തികവർഷത്തിൽ കെഎസ്ആർടിസിയുടെ പ്രധാന വർക്ക്ഷോപ്പുകളെല്ലാം പുതിയ സാങ്കേതികവിദ്യകളും യന്ത്രങ്ങളും ഉൾപ്പെടുത്തി നവീകരിക്കുകയും ചെയ്തു.
കെഎസ്ആർടിസിയുടെ സാന്പത്തിക പ്രതിസന്ധി മറികടക്കാൻ ചില നിർദേശങ്ങൾ വച്ചിരുന്നെങ്കിലും അവ നടപ്പിലാക്കിയില്ല. പ്രധാനമായും മാനേജ്മെന്റ് ഘടനയിലെ മാറ്റമായിരുന്നു നിർദേശിച്ചിരുന്നത്. ഇതിനായി മാനേജ്മെന്റ് തലത്തിൽ ഫിനാൻസ്, ഐടി, ഹ്യൂമൻ റിസോഴ്സ്, ഓപ്പറേഷൻസ് തുടങ്ങിയ മേഖലകളിൽ പ്രൊഫഷണലുകളായ വിദഗ്ധരെ നിയമിക്കണമെന്നായിരുന്നു ശിപാർശ. പെൻഷൻ ബാധ്യതകൾ, ഉയർന്ന പ്രവർത്തനച്ചെലവ്, ലാഭകരമല്ലാത്ത റൂട്ടുകളിലെ സർവീസുകൾ എന്നിവയാണ് പ്രധാനമായും സാമ്പത്തികനഷ്ടമുണ്ടാക്കുന്നതെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
നിയന്ത്രണം യൂണിയനുകൾക്ക്
കെഎസ്ആർടിസിയിൽ ആരംഭിക്കുന്ന പല പരിഷ്കരണങ്ങളും അട്ടിമറിക്കുന്നത് യൂണിയനുകളാണ്. ഇക്കാര്യം തലപ്പത്തിരിക്കുന്നവർ വ്യക്തമാക്കിയതാണ്. കെഎസ്ആര്‍ടിസിയില്‍ ഒരുവിഭാഗം ജീവനക്കാർ കൃത്യമായ അജണ്ടയോടെ പ്രവർത്തിക്കുന്നുവെന്നും ഏത് പുരോഗമനപരമായ റിപ്പോർട്ടും കടലിൽ കളയുന്ന നിലപാടാണ് യൂണിയനുകൾ സ്വീകരിക്കുന്നതെന്നുമാണ് എംഡിയായിരുന്ന ബിജു പ്രഭാകർ പറഞ്ഞത്.
കെഎസ്ആർടിസിയിൽ തച്ചങ്കരി നടപ്പിലാക്കിയ പോലീസ് മോഡൽ പരിഷ്കരണത്തെയും യൂണിയനുകൾ അട്ടിമറിച്ചു. പോലീസിലെ ഇന്റലിജൻസ് മാതൃകയിൽ സാൾട്ടര്‍ എന്ന പേരിൽ അദ്ദേഹം കെഎസ്ആർടിസിയിൽ ടീം രൂപീകരിച്ചു. സർവീസുകൾ മുടങ്ങുന്നതും സ്വകാര്യ ബസുകളുമായുള്ള ഇടപാടുകളും അന്വേഷിക്കാനാണ് സാൾട്ടർ ടീമിനെ രൂപീകരിച്ചത്. വിവിധ യൂണിറ്റുകളിൽനിന്ന് തിരഞ്ഞെടുത്ത വിശ്വസ്തരായ 94 പേരാണ് ടീമിലുണ്ടായിരുന്നത്. കെഎസ്ആർടിസിയുടെ ആദ്യരൂപമായ ട്രാവൻകൂർ ബസ് സർവീസ് ആരംഭിച്ച സാൾട്ടർ സായിപ്പിന്റെ സ്മരണയ്ക്കാണ് ആ പേരിട്ടത്.
തച്ചങ്കരിയുടെ ഈ തീരുമാനത്തിനെതിരേ യൂണിയനുകളാണ് ആദ്യം രംഗത്തെത്തിയത്. അതും എൽഡിഎഫ് സർക്കാർ ഭരിക്കുന്പോൾ ഇടതുപക്ഷ യൂണിയനുകൾ. തച്ചങ്കരി വന്നതോടെ ജീവനക്കാരുടെ അംഗത്വത്തിലും മാസവരിയിലും വലിയ കുറവുണ്ടായതായാണ് യൂണിയൻ നേതാക്കൾ പാർട്ടിയെ അറിയിച്ചത്. ഈ വിധത്തിൽ മുന്നോട്ടു പോയാൽ സംഘടന ഇല്ലാതാകുമെന്ന് മുന്നറിയിപ്പ് നൽകിയ നേതാക്കളുടെ വാക്കുകൾ പാർട്ടി പരിഗണിക്കുകയായിരുന്നു.
മുമ്പ് ഡിപ്പോകള്‍ യൂണിയൻ നേതാക്കളുടെ നിയന്ത്രണത്തിലായിരുന്നു. ഇവർ നൽകുന്ന ലിസ്റ്റ് അനുസരിച്ചാണ് സ്ഥലംമാറ്റവും ഡ്യൂട്ടി ഷെഡ്യൂളും നൽകിയിരുന്നത്. രാജമാണിക്യം എംഡിയായിരുന്നപ്പോഴാണ് ഇതിൽ മാറ്റം വരുത്തിയത്. തച്ചങ്കരി ചുമതലേറ്റപ്പോൾ സംസ്ഥാന നേതാക്കളെപ്പോലും സ്ഥലംമാറ്റി. കെഎസ്ആർടിസി ആസ്ഥാനത്ത് വർഷങ്ങളായി പ്രവർത്തിക്കുന്നവരായിരുന്നു ഇവരിൽ പലരും.
നേതാക്കളുടെ നിർദേശപ്രകാരം ഡ്യൂട്ടി നൽകുന്നതും സ്ഥലംമാറ്റുന്നതും അവസാനിപ്പിച്ചു. യൂണിയൻ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. നേതാക്കൾക്ക് ശാരീരിക അധ്വാനം കുറഞ്ഞ ഡ്യൂട്ടി നൽകുന്നതും അവസാനിപ്പിച്ചു. എന്നാൽ, യൂണിയൻ നേതാക്കളോട് ഏറ്റുമുട്ടിയവരാരും അധികകാലം കസേരയിൽ ഇരിക്കേണ്ടിവന്നില്ല എന്നതാണ് ചരിത്രം.
(തുടരും)
Tags : KSRTC CommissionReports Nutshell Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash