ദീപിക. പേരുപോലെ തന്നെ വായനയുടെ ദീപമായി ഉള്ളിൽ കത്തിജ്വലിച്ച വിളക്ക്. ഞങ്ങളുടെ നാട്ടിലെ അച്ചന്റെ പള്ളിമേടയിൽ വരുന്ന പത്രങ്ങളിൽ ഒന്നായിരുന്നു ദീപിക. വീട്ടിൽ പത്രം വരുത്തുന്ന പതിവില്ലാത്തതിനാൽ, പള്ളിയിൽ അച്ചന്റെ വിസിറ്റിംഗ് റൂമിൽ പോയാണ് പത്രങ്ങൾ വായിച്ചിരുന്നത്. അങ്ങനെ അക്കാലത്ത് വായിച്ചു തുടങ്ങിയ പത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ദീപിക ആയിരുന്നു. സൺഡേ സപ്ലിമെന്റുകൾ വളരെ വിലപ്പെട്ടതായിരുന്നു.
കേരളത്തിലെ പ്രധാനപ്പെട്ട അനേകം എഴുത്തുകാർക്ക് ഇടം നൽകിയ സൺഡേ പേജുകൾ. നോവൽ ഉൾപ്പെടെയുള്ള സാഹിത്യ രൂപങ്ങൾക്കും സൺഡേ സപ്ലിമെന്റിൽ ഇടമുണ്ടായിരുന്നു. കേരളത്തിൽ മതമൈത്രിയുടെ അവസാനിക്കാത്ത വാക്കാണ് ഈ പത്രം. കുട്ടികളുടെ ദീപിക കുഞ്ഞു കൂട്ടുകാർക്ക് വേണ്ടി വിഭവങ്ങൾ ഒരുക്കുന്നു. വൈവിധ്യമുള്ള എഡിറ്റോറിയലുകൾ കൊണ്ട് സമൃദ്ധമാണ് പലപ്പോഴും പത്രത്തിന്റെ മുഖപ്രസംഗം ഉൾപ്പെടെയുള്ള പേജുകൾ. ഈ വൈവിധ്യം കൊണ്ടുതന്നെ അന്നും ഇന്നും ദീപികയെ ഏറെ ഇഷ്ടപ്പെടുന്നു.
-ഉണ്ണി അമ്മയമ്പലം
ബാലസാഹിത്യകാരൻ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ്
Tags : Satyaduthika celebrates 140 years of light