അഡ്വ. ഫാ. ജോണ് ജോസഫ് ചൂരപ്പുഴയിൽ, ബയോവിൻ അഗ്രോ റിസർച്ച് ഡയറക്ടർ.
കൽപ്പറ്റ: വയനാടൻ കർഷകരുടെ അധ്വാനത്തിന് അർഹമായ വില ഉറപ്പാക്കുകയും അവരുടെ ജൈവ ഉത്പന്നങ്ങൾക്ക് ആഗോളതലത്തിൽ വലിയ വിപണി തുറന്നുനൽകുകയും ചെയ്യുന്ന വിപ്ലവകരമായ മുന്നേറ്റമാണ് മാനന്തവാടി രൂപതയുടെ കീഴിലുള്ള ബയോവിൻ അഗ്രോ റിസർച്ച്. വൻകിട കുത്തക കന്പനികൾ കർഷകരെ ചൂഷണം ചെയ്യുന്ന സാഹചര്യത്തിൽ കൃഷിഭൂമിയെയും കർഷകനെയും ചേർത്തുപിടിച്ചുകൊണ്ട് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സെക്ഷൻ 8 കന്പനിയാണിത്.
വയനാട്ടിലെ കർഷകരുടെ ജീവിതനിലവാരം ഉയർത്തുന്നതിലും അവിടത്തെ കാർഷിക ഉത്പന്നങ്ങൾക്ക് ആഗോള വിപണി ഉറപ്പാക്കുന്നതിലും മാനന്തവാടി രൂപത വഹിക്കുന്ന പങ്ക് വളരെ വലുതാണ്. രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (ഡബ്ല്യുഎസ്എസ്എസ്) കാർഷിക പദ്ധതികളെ കൂടുതൽ പ്രഫഷണലായും വിപുലമായും മുന്നോട്ടുകൊണ്ടുപോകാൻ 2013ൽ രൂപീകരിച്ച സോഷ്യൽ എന്റർപ്രൈസ് പ്രോജക്ടാണ് ബയോവിൻ അഗ്രോ റിസർച്ച്. മാനന്തവാടി രൂപതയിലെ വൈദികനായ അഡ്വ. ഫാ. ജോണ് ജോസഫ് ചൂരപ്പുഴയിലാണ് ബയോവിൻ അഗ്രോ റിസർച്ച് ഡയറക്ടറായി സേവനം ചെയ്യുന്നത്. അച്ചന്റെ കഠിനപ്രയത്നമാണ് ഇന്ന് വയനാട്ടിൽ തലയുയർത്തി നിൽക്കുന്ന സ്ഥാപനമാക്കി മാറാൻ ബയോവിന്നിന് സഹായകമായത്.
വയനാട്ടിലെ ചെറുകിട, നാമമാത്ര കർഷകരെയും ആദിവാസി സമൂഹങ്ങളെയും കേന്ദ്രീകരിച്ച് ജൈവകൃഷി പ്രോത്സാഹിപ്പിക്കുക എന്നതാണ് ബയോവിന്നിന്റെ പ്രധാന ലക്ഷ്യം. പരന്പരാഗത കാർഷിക രീതികളെ ശാസ്ത്രീയവും പരിസ്ഥിതി സൗഹൃദവുമായി പരിഷ്കരിച്ച് കൂടുതൽ ഉത്പാദനക്ഷമതയും അന്താരാഷ്ട്ര ഗുണനിലവാരവും ഉറപ്പാക്കാൻ ബയോവിൻ കർഷകരെ സഹായിക്കുന്നു.
കർഷക കൂട്ടായ്മകൾ
കർഷകർക്ക് അറിവുകളും വിഭവങ്ങളും ലഭ്യമാക്കാൻ ബയോവിൻ രൂപീകരിച്ച രണ്ട് പ്രധാന കർഷക കൂട്ടായ്മകളാണ് കേരള അസോസിയേഷൻ ഫോർ ഫെയർ ട്രേഡ് ഓർഗാനിക് ഫാർമേഴ്സ് (കെഎഎഫ്എഫ്ഇ), വയനാട് ഓർഗാനിക് ഫാർമേഴ്സ് ഫെയർഡ്രേഡ് അസോസിയേഷൻ (ഡബ്ല്യുഒഎഫ്എഫ്എ) എന്നിവ. 1990കളിൽ 90 കർഷകർ മാത്രമാണ് സംഘടനയുടെ കീഴിൽ ഉണ്ടായിരുന്നത്. എന്നാൽ 12,000ലധികം കർഷകരാണ് ഇപ്പോൾ ബയോവിന്നിൽ അംഗങ്ങളായുള്ളത്. ഇവരെല്ലാം ജൈവ സർട്ടിഫിക്കേഷൻ ലഭിച്ചവരുമാണ്.
ജാതിമത വേർതിരിവില്ലാതെ വയനാട്, ഗൂഡല്ലൂർ പ്രദേശത്തെ കർഷകരാണ് ബയോവിൻ വഴി തങ്ങളുടെ കാർഷികോത്പന്നങ്ങൾ മാർക്കറ്റ് വിലയേക്കാൾ ഉയർന്ന വിലയ്ക്ക് വിൽപന നടത്തുന്നത്. ഈ കൂട്ടായ്മകൾ വഴി കർഷകർക്ക് കൃത്യമായ പരിശീലനം നൽകുന്നു. കാർഷിക സാമഗ്രികൾ വിതരണം ചെയ്യുന്നുമുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ടാർപോളിൻ ഷീറ്റുകൾ, ജൈവ കീടനാശിനികൾ, ഉപകരണങ്ങൾ എന്നിവയുൾപ്പെടെ രണ്ടു കോടിയോളം രൂപയുടെ സഹായങ്ങളാണ് ഈ കൂട്ടായ്മകളിലെ കർഷകർക്കായി ബയോവിൻ സൗജന്യമായി വിതരണം ചെയ്തത്.
അന്താരാഷ്ട്ര നിലവാരമുള്ള പ്രോസസിംഗ് യൂണിറ്റ്
മാനന്തവാടിക്ക് സമീപമുള്ള വേമത്താണ് ബയോവിന്നിന്റെ അത്യാധുനിക അഗ്രോപ്രോസസിംഗ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ജൈവ ഉത്പന്നങ്ങളുടെ തനിമ ഒട്ടും നഷ്ടപ്പെടാതെ ശാസ്ത്രീയമായി സംസ്കരിക്കാനും പായ്ക്ക് ചെയ്യാനും ഇവിടെ വിപുലമായ സൗകര്യങ്ങളുണ്ട്. ഐഎസ്ഒ, ഫെയർ ട്രേഡ്, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ എന്നിവയുടെ സർട്ടിഫിക്കേഷനുകൾക്കു പുറമേ സ്പൈസസ് ബോർഡ്, കോഫീ ബോർഡ്, എന്നിവയുടെ അംഗീകാരങ്ങളും ബയോവിന്നിന് ലഭിച്ചിട്ടുണ്ട്.
ആഗോള വിപണിയിലേക്ക് കയറ്റുമതി
ജൈവസർട്ടിഫിക്കേഷനുള്ള കർഷകരുടെ ഉത്പന്നങ്ങൾ നേരിട്ട് സംഭരിച്ച് പ്രോസസ് ചെയ്ത് ആവശ്യമായ എല്ലാ പരിശോധനകൾക്കും ശേഷമാണ് വിദേശരാജ്യങ്ങളിലേക്ക് ബയോവിൻ കയറ്റുമതി ചെയ്യുന്നത്. കുരുമുളക്, കാപ്പി, ഏലക്ക, ഇഞ്ചി, മഞ്ഞൾ, കറുവപ്പട്ട, ഉണക്കിയ പഴങ്ങൾ എന്നിവയാണ് പ്രധാന കയറ്റുമതി ഉത്പന്നങ്ങൾ.
അമേരിക്ക, ജർമനി, കാനഡ, ഓസ്ട്രേലിയ, സ്പെയിൻ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്കും ഗൾഫ് മേഖലയിലേക്കും കർഷകരുടെ ഉത്പന്നങ്ങൾ നേരിട്ട് എത്തിക്കുന്നു. കർഷകരിൽനിന്ന് ശേഖരിക്കുന്ന ഉത്പന്നങ്ങളുടെ 80 ശതമാനവും കയറ്റുമതിക്കായാണ് ഉപയോഗിക്കുന്നത്. ഇടനിലക്കാരുടെ ചൂഷണമില്ലാതെ ഏറ്റവും ഉയർന്ന വില കർഷകന് ലഭിക്കാൻ ഇത് സഹായിക്കുന്നു.
പ്രാദേശിക വികസനം
ബയോവിന്നിൽ ജോലിചെയ്യുന്നവരിൽ 98 ശതമാനവും വയനാട്ടുകാരാണ് എന്നത് പ്രദേശത്തെ കുടുംബങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ സഹായിക്കുന്ന പ്രധാന ഘടകമാണ്. കാപ്പിക്കുരു കയറ്റിറക്ക്, സംസ്കരണം തുടങ്ങിയ ജോലികൾക്കാണ് പുരുഷൻമാരുടെ സേവനം കൂടുതലും പ്രയോജനപ്പെടുത്തുന്നത്. മറ്റ് സുഗന്ധ വ്യഞ്ജനങ്ങൾ അടക്കമുള്ളവയുടെ തരംതിരിക്കൽ, സംസ്കരണം, മൂല്യവർധനവ്, ലാബ് ടെസ്റ്റിംഗ്, പായ്ക്കിംഗ് തുടങ്ങിയ ജോലികളെല്ലാം സ്ത്രീകളാണ് നിർവഹിക്കുന്നത്.
സാമൂഹിക പ്രതിബദ്ധത
ലഭിക്കുന്ന ലാഭവിഹിതം കർഷകരുടെ ക്ഷേമപ്രവർത്തനങ്ങൾക്കും ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനുമായാണ് ബയോവിൻ ഉപയോഗിക്കുന്നത്. മുൻവർഷങ്ങളിൽ രണ്ട് കോടിയോളം രൂപയാണ് ഇത്തരത്തിൽ കൈമാറിയത്.
വന്യമൃഗങ്ങളുടെ ആക്രമണത്തിലോ മറ്റ് അപകടങ്ങളിലോ പെടുന്ന കർഷക കുടുംബങ്ങൾക്ക് കൈത്താങ്ങായി മാറാനും പ്രകൃതിദുരന്ത വേളകളിൽ നാടിന്റെ വലിയൊരു ആശ്വാസകേന്ദ്രമായി മാറാനും ബയോവിന്നിന് സാധിച്ചിട്ടുണ്ട്.
ബയോവിൻ അഗ്രോ റിസർച്ചിന്റെ കീഴിലുള്ള ഒരു ഓർഗാനിക് കണ്സ്യൂമർ പ്രൊഡക്ട് ബ്രാൻഡാണ് സിഗ്വീ (സസ്റ്റൈനബിൾ ഇൻകം ജനറേഷൻ ഓഫ് വുമൻ എന്റർപ്രണേഴ്സ്).സ്ത്രീശക്തീകരണമാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇരുപതോളം യൂണിറ്റുകളാണ് ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നത്. സ്ത്രീകൾ മാത്രമാണ് സിഗ്വീയുടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്. ഇതിലൂടെ കുടുംബങ്ങളിൽ സന്പാദ്യം ഉണ്ടാവുകയും ചെയ്യുന്നു.
വയനാട്ടിലെ പ്രാദേശിക ചെറുകിട കർഷകരിൽനിന്ന് ശേഖരിക്കുന്ന ഉയർന്ന ഗുണമേൻമയുള്ള ഓർഗാനിക് ഉത്പന്നങ്ങളാണ് സിഗ്വീ ബ്രാൻഡിൽ വിപണിയിലെത്തുന്നത്. ഓർഗാനിക് കുരുമുളക്, ഏലക്ക, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളും കാപ്പിയും ഇതിൽ ഉൾപ്പെടുന്നു.
മീറ്റ് മസാല, ചിക്കൻ മസാല, ഫിഷ് മസാല, പോർക്ക് മസാല, ബിരിയാണി മസാല, ഗരംമസാല, സാന്പാർ മസാലകളും പ്രഭാത ഭക്ഷണത്തിനുള്ള പുട്ടുപൊടി, മുത്താറിപ്പൊടി, ചെന്പ പുട്ടുപൊടി, ഗോതന്പുപൊടി, പാലപ്പം, പത്തിരി, റോസ്റ്റഡ് റവ, ഇഡ്ഡലി, ദോശ പൊടി തുടങ്ങിയവയും പായ്ക്കറ്റുകളിൽ നൽകുന്നുണ്ട്.
കേരളത്തിൽ ഉത്പാദനം നടത്താത്ത ഗോതന്പ്, മുത്താറി, പയർ-പരിപ്പുവർഗങ്ങൾ ബയോവിന്നിൽ എത്തിച്ച് ലബോറട്ടറിയിൽ പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് പായ്ക്കറ്റുകളിലാക്കി വിൽപനയ്ക്കെത്തിക്കുന്നത്. 2024ന്റെ അവസാനത്തോടെയാണ് സിഗ്വീ എന്ന കണ്സ്യൂമർ ബ്രാൻഡ് ഔദ്യോഗികമായി പുറത്തിറക്കിയത്.ക്രിസ്മസ് സീസണിൽ പ്രത്യേകപരിശീലനം ലഭിച്ച സ്ത്രീകളാണ് കേക്ക് നിർമിക്കുന്നത്.
അഞ്ച് ഏക്കറിൽ പടർന്നുപന്തലിച്ചു നിൽക്കുന്ന ബയോവിൻ ആഗ്രോ റിസർച്ച് സെന്റർ ഇന്ന് നാടിന് അഭിമാനമായി മാറിയിരിക്കുകയാണ്. മാറുന്ന ടെക്നോളജിക്ക് അനുസരിച്ച് ഫാക്ടറികളിലും ഉപോത്പന്നങ്ങളുടെ വ്യത്യസ്തതയിലും മാറ്റങ്ങൾ വരുത്തി കരുത്താർജിച്ചാണ് ബയോവിന്നിന്റെ മുന്നേറ്റം. ഇതിന് എല്ലാവിധ പിന്തുണയുമായി മാനന്തവാടി രൂപതയും ബിഷപ് മാർ ജോസ് പൊരുന്നേടവും ഒപ്പമുണ്ട്.
Tags : Winners Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash FarmersWinner