കെഎസ്ആര്‍ടിസി
കെഎസ്ആര്‍ടിസിയുടെ കാര്യക്ഷമതയും വരുമാനവും വര്‍ധിപ്പിക്കാനുള്ള പദ്ധതികളുടെ കൃത്യമായ ഏകോപനത്തിനും മേല്‍നോട്ടത്തിനും സംവിധാനമുണ്ടായാല് ലാഭമുണ്ടാകുമെന്നതില് തര്‍ക്കമില്ല. ആന്‍ഡ്രോയിഡ് ബേസ്ഡ് ടിക്കറ്റിംഗ് സൊല്യൂഷന്, നവീകരിച്ച ഓണ്‍ലൈന്‍ പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം ആന്‍ഡ് ലൈവ് ടിക്കറ്റിംഗ്, ഇ ഓഫീസ്, റെന്റല്‍ മാനേജ്മെന്റ് സിസ്റ്റം, ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഫെയ്സ് റെക്കഗ്നിഷന്‍ അറ്റന്‍ഡന്‍സ് സിസ്റ്റം, കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്സ്, സമ്പൂര്‍ണ കമ്പ്യൂട്ടര്‍വല്‍ക്കരണം, കസ്റ്റമര്‍ കെയര്‍ പോര്‍ട്ടല്‍, ഇന്ധനക്ഷമത കണക്കാക്കുന്നതിനുള്ള പ്രോഗ്രാം, ഇന്‍വെന്ററി മാനേജ്മെന്റ് സിസ്റ്റം, ഡ്രൈവിംഗ് സ്കൂളുകള്‍, ടോള്‍ മാനേജ്മെന്റ് സോഫ്റ്റ്വേര്‍, മാലിന്യ സംസ്കരണ മാനേജ്മെന്റ് സോഫ്റ്റ്വേര്‍, ഇന്റലിജന്റ് കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് സെന്റര്‍, ഡിജിറ്റല്‍ ബസ് പരസ്യ പ്ലാറ്റ്ഫോം, സ്റ്റോപ് ഓണ്‍ ഡിമാന്‍ഡ്, വാണിജ്യ സമുച്ചയങ്ങള്‍, പെട്രോള്‍ പമ്പുകള്‍ തുടങ്ങിയ പദ്ധതികള്‍ കോര്‍പറേഷനു വരുമാന വര്‍ധനവിനു സഹായകരമായ പദ്ധതികളാണ്.
ഹിറ്റായി ബജറ്റ് ടൂറിസം
കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ 202425 സാമ്പത്തിക വര്‍ഷത്തില്‍ 43 കോടി രൂപയുടെ റിക്കാര്‍ഡ് വരുമാനം നേടിയതായാണ് കണക്ക്. 2021 ല്‍ പദ്ധതി ആരംഭിച്ചതുമുതല്‍ 2026 ജനുവരി വരെയുള്ള കണക്കുകള്‍ പ്രകാരം, മൊത്തം 106 കോടി രൂപയുടെ വരുമാനമാണ് ബജറ്റ് ടൂറിസത്തിലൂടെ കോര്‍പറേഷന്റെ പണപ്പെട്ടിയിലെത്തിയത്. 2025 ഡിസംബറിൽ 5.51 കോടി രൂപയുടെ വരുമാനം നേടാനായി. 2026 ജനുവരിയില്‍ വരുമാനം 6.18 കോടി രൂപയായി ഉയര്‍ന്നു. 202425 സാമ്പത്തിക വര്‍ഷത്തില്‍ 43 കോടി രൂപയാണ് ആകെ ലഭിച്ചത്. ഇതില്‍ 17 കോടി രൂപയോളം അറ്റാദായമായിരുന്നു.
സംസ്ഥാനത്തെ 90 കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ 80 ഡിപ്പോകളിലും ബജറ്റ് ടൂറിസം പാക്കേജുകളുണ്ട്.
കൊറിയര്‍ സര്‍വീസ്
കെഎസ്ആര്‍ടിസിയുടെ കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്സ് സര്‍വീസും പ്രതീക്ഷ പകരുന്നുണ്ട്. ലോജിസ്റ്റിക്സ് വിഭാഗത്തിന്റെ വാര്‍ഷിക വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷം നാല്‍പ്പത് ശതമാനം വര്‍ധനയുണ്ടായി. 2023ലാണ് കെഎസ്ആര്‍ടിസി കൊറിയര്‍ സര്‍വീസ് ആരംഭിച്ചത്.
ഡ്രൈവിംഗ് സ്കൂളുകളും കെ സ്വിഫ്റ്റും
കെഎസ്ആര്‍ടിസി 2024ൽ ആരംഭിച്ച ഡ്രൈവിംഗ് സ്കൂളുകള്‍ ലാഭകരമാണ്. ആവശ്യക്കാർ കൂടി യതോടെ സ്കൂളുകൾ 40 ആക്കി. ഫീസ് ഇനത്തില്‍ ലഭിച്ചത് 5,76,60,115 രൂപ. ഇതില്‍ 2,51,64,111 രൂപ ലാഭമാണ്.
2022 ഏപ്രില്‍ 11ന് കെസ്വിഫ്റ്റ് ആരംഭിക്കുന്നതിനു തൊട്ടുമുമ്പുളള മാര്‍ച്ചില്‍ കെഎസ്ആര്‍ടിസിയുടെ ഓപ്പറേറ്റിംഗ് വരുമാനം 152.55 കോടി രൂപയായിരുന്നു. കെ സ്വിഫ്റ്റ് സര്‍വീസുകള്‍ ആരംഭിച്ചതിനു ശേഷം 2025 ഓഗസ്റ്റില്‍ സ്വിഫ്റ്റ് സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ള കെഎസ്ആര്‍ടിസിയുടെ ഓപറേറ്റിംഗ് വരുമാനം 215.97 കോടി രൂപയും.
ഉണരണം, എസ്റ്റേറ്റ് വിഭാഗം
ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിനായി കെഎസ്ആര്‍ടിസി രൂപീകരിച്ച എസ്റ്റേറ്റ് വിഭാഗം സുതാര്യതയില്ലായ്മ മൂലം ഏറെ പഴി കേട്ടിരുന്നു. കെഎസ്ആര്‍ടിസിയുടെ കീഴിലുള്ള ഭൂമി, ഷോപ്പിംഗ് കോംപ്ലക്സുകളിലെ കടമുറികള്‍, ബസ് ടെര്‍മിനലുകള്‍ എന്നിവ വാടകയ്ക്ക് നല്കി വരുമാനം കണ്ടെത്തുന്നത് എസ്റ്റേറ്റ് വിഭാഗമാണ്.
2022ല്‍ 10.07 കോടി രൂപയാണ് ബസ് പരസ്യങ്ങളിലൂടെ കെഎസ്ആര്‍ടിസിക്ക് ലഭിച്ചത്. 7.03 കോടി ലാഭമുണ്ടായി. 2023ല്‍ 5.11 കോടിയും 2024ല്‍ 6.9 കോടിയുമായിരുന്നു മിച്ചം.
2022 മുതൽ സ്വകാര്യ ഏജന്‍സികളിൽനിന്ന് കെഎസ്ആര്‍ടിസി നേരിട്ട് പരസ്യം ഏറ്റെടുത്തപ്പോള്‍ വരുമാനം വര്‍ധിച്ചു. അതിനുമുമ്പ് സ്വകാര്യ ഏജന്‍സികള്‍ അഞ്ച് വര്‍ഷത്തേക്ക് 12 കോടി രൂപയ്ക്കായിരുന്നു പരസ്യം ടെന്‍ഡര്‍ എടുത്തിരുന്നത്.
ക്രെഡിറ്റ് റേറ്റിംഗില്‍ വന്‍ മുന്നേറ്റം
പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ കേര് റേറ്റിംഗ്സ് ലിമിറ്റഡിന്റെ റേറ്റിംഗില്‍ കെഎസ്ആര്‍ടിസിക്ക് മുന്നേറ്റമുണ്ടായത് പ്രതീക്ഷ നല്കുന്നു. ദീര്‍ഘകാല ബാങ്ക് വായ്പകളുടെ ക്രെഡിറ്റ് റേറ്റിംഗില്‍ കോര്‍പറേഷന്റെ റേറ്റിംഗ് കേര് സിയില്‍ നിന്ന് കേര് ബിബി റേറ്റിംഗിലേക്കാണ് ഉയര്‍ന്നത്. കേര് സി എന്നാല്‍ വായ്പ തിരിച്ചടവ് മുടങ്ങാന്‍ സാധ്യതയുള്ള തീര്‍ത്തും മോശമായ സാമ്പത്തികാവസ്ഥയാണ്. കെടിഡിഎഫ്സിയുമായുണ്ടായിരുന്ന തര്‍ക്കങ്ങളെ തുടര്‍ന്ന് മുടങ്ങിക്കിടന്ന വായ്പകള്‍ 2025 ജൂലൈയില്‍ സംസ്ഥാന സര്‍ക്കാര്‍ എഴുതിത്തള്ളിയതാണ് റേറ്റിംഗ് മെച്ചപ്പെടാന്‍ കാരണം. ഉയരുന്ന ഇന്ധനവിലയും ജീവനക്കാരുടെ ശമ്പളച്ചെലവുകളുമാണ് പ്രധാന വെല്ലുവിളി.
ജീവനക്കാരും മാറണം
ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനെ സ്വന്തംകാലില്‍ നിർത്താന്‍ ഇച്ഛാശക്തിയുള്ള സര്‍ക്കാരാണ് വേണ്ടത്. ജനകീയമാകാന്‍ ശ്രമിക്കുന്ന കെഎസ്ആർടിസിയെ ഇനിയുള്ള കാലം സര്‍ക്കാരും ജീവനക്കാരും പൊതുജനങ്ങളും ഒന്നിച്ചുനിന്നു തള്ളിയാല്‍ വരുംകാലങ്ങളില്‍ കോടികള്‍ ലാഭമുള്ള മികച്ച പൊതു മേഖലാ സ്ഥാപനമായി ഇത് മാറുമെന്നതില്‍ സംശയമില്ല.
കെടുകാര്യസ്ഥതകൊണ്ടും ഉത്തരവാദിത്വമില്ലായ്മകൊണ്ടും മുന്‍കാലങ്ങളില്‍ വരുത്തിവച്ച കോടിക്കണക്കിന് രൂപയുടെ ബാധ്യതകള്‍ തീര്‍ത്ത് വിജയപാതയിലേക്ക് കുതിക്കാന്‍ കെഎസ്ആര്‍ടിസിക്ക് കഴിയുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
(അവസാനിച്ചു)
Tags : Many schemes enhance efficiency Deepika DeepikaNewspaper