പ്രതീകാത്മക ചിത്രം
ഓഗസ്റ്റ് 12 ലോക ആനദിനമായി ആചരിക്കുമ്പോൾ, കേരളത്തിൽ മനുഷ്യ-ആന സംഘർഷങ്ങളും നാട്ടാനകളുടെ ആകുലതകളും വലിയ ആശങ്കയായി മാറുകയാണ്. ആനകളുടെ നിലനിൽപ്പ് ഉറപ്പാക്കാനും വന്യജീവി സംഘർഷങ്ങൾക്ക് ശശ്വത പരിഹാരം കാണാനും പരമ്പരാഗത രീതികൾക്കു പകരം ശാസ്ത്രീയവും സാങ്കേതികവിദ്യയിലൂന്നിയതുമായ മാറ്റങ്ങൾ അനിവാര്യമാണ്.
കാടുകളിലെ കണക്കുകളും നാട്ടാനകളുടെ പ്രതിസന്ധിയും
ലോകത്തുള്ള ഏകദേശം 50,000 ഏഷ്യൻ ആനകളിൽ 27,300 ഓളം എണ്ണം ഇന്ത്യയിലാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 11,000ലേറെയും കേരളത്തിലാണ്. ഏകദേശം 3,000 കാട്ടാനകളുമുണ്ടെന്നാണ് കണക്ക്. എന്നാൽ, മറുഭാഗത്ത് കേരളത്തിലെ നാട്ടാനകളുടെ എണ്ണം വെറും 300ഓളമായി ചുരുങ്ങിയിരിക്കുന്നു.
ശാസത്രീയമല്ലാത്ത തീറ്റക്രമവും അപാകത നിറഞ്ഞ പരിപാലനവും കാരണം ‘ഇരണ്ടക്കെട്ട്’ (ഇംപാക്ഷൻ) ബാധിച്ചാണ് കഴിഞ്ഞ 20 വർഷത്തിനിടെ 25 ശതമാനത്തിലേറെ നാട്ടാനകളും ചരിഞ്ഞത്. ജോലിഭാരം, മാനസിക സമ്മർദം, വിരമിക്കൽ പ്രായമില്ലാത്ത അവസ്ഥ, ക്ഷയം, ആർത്രൈറ്റിസ് തുടങ്ങിയ രോഗങ്ങൾ എന്നിവ നാട്ടാനകളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു.
വർധിക്കുന്ന മനുഷ്യ-ആന സംഘർഷം
വനാതിർത്തികളിൽ മനുഷ്യ-ആന സംഘർഷം വൻതോതിലാണ് വർധിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് 50ലധികം ആളുകൾക്ക് ആനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടു. ഇതിൽ പകുതിയിലേറെ മരണങ്ങളും കണ്ണൂർ, കാസർഗോഡ് ജില്ലകളിലായിരുന്നു (കണ്ണൂരിലെ ആറളം ഫാമിൽ മാത്രം 23 മരണം). വയനാട്, ഇടുക്കി, പാലക്കാട്, പത്തനംതിട്ട, തൃശൂർ ജില്ലകളിലും ഈ പ്രശ്നം രൂക്ഷമാണ്.
പ്രതിരോധമാർഗങ്ങൾ
ആധുനിക സാങ്കേതികവിദ്യ: ആർട്ടിഫിഷൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ് എന്നിവ ഉപയോഗിച്ച് കാട്ടാനകളുടെ സാന്നിധ്യം മുൻകൂട്ടി അറിയാനും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനുമുള്ള സംവിധാനങ്ങൾ ഒരുക്കണം.
ബഹുമുഖ കൂട്ടായ്മ: വനംവകുപ്പ്, വെറ്ററിനറി, ബയോളജി, സോഷ്യോളജി വിഭാഗങ്ങളിലെ വിദഗ്ധരെ ഉൾപ്പെടുത്തി കൃത്യമായ പഠനങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും നടത്തണം.
ആരോഗ്യവും സുരക്ഷയും: വികസിത രാജ്യങ്ങളിലേതുപോലെ മനുഷ്യരിൽനിന്നുള്ള രോഗങ്ങൾ പകരാതിരിക്കാൻ ആവശ്യമായ അകലം പാലിച്ചുള്ള പരിപാലനരീതികളും കർശന സുരക്ഷാമാനദണ്ഡങ്ങളും നടപ്പിലാക്കണം.
വംശനാശഭീഷണി നേരിടുന്ന ഏഷ്യൻ ആനകളുടെ സംരക്ഷണത്തിനും മനുഷ്യജീവൻ രക്ഷിക്കുന്നതിനും സാങ്കേതിക വിദ്യയും ശാസ്ത്രീയ സമീപനങ്ങളും കൃത്യമായി ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ അടിയന്തരമായി ഉണ്ടാകേണ്ടതുണ്ട്.
Tags : WorldElephantDay HumanElephantConflicts NativeElephants Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash