പ്രതീകാത്മക ചിത്രം
പുതുയുഗത്തിലേക്ക് കേരളത്തെ നയിക്കാൻ 2026 ജൂണിൽ മിഷൻ സമുദ്ര പദ്ധതിയോടൊപ്പം മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ മുന്നോട്ടുവച്ചിരിക്കുന്ന സ്വപ്നപദ്ധതികളിൽ ഒന്നാണ് കേരളത്തിന്റെ തീരദേശ ധാതുമണൽ ഇടനാഴി.
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന സാമ്പത്തികവികസന പദ്ധതികളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. വിജ്ഞാനാധിഷ്ഠിതവും സംരംഭകത്വവും മുഖ്യ ചാലകശക്തിയായ കേരളത്തിന്റെ വളരുന്ന സമ്പദ്വ്യവസ്ഥയ്ക്കും ഭാവി വികസനത്തിനും ഒരു മുതൽക്കൂട്ടായി കേരളതീരത്തെ ധാതുമണൽ ഇടനാഴിയെ മാറ്റാവുന്നതാണ്.
►എന്താണ് ധാതുമണൽ ഇടനാഴി?
ഒറ്റ വാക്കിൽ പറഞ്ഞാൽ, കേരളതീരത്തെ അപൂർവ മൂലകങ്ങളുടെയും നിർണായക ധാതുക്കളുടെയും നിക്ഷേപങ്ങളും, അവയുമായി ബന്ധപ്പെട്ട സാമ്പത്തിക സംരംഭങ്ങളുമാണ് ധാതുമണൽ ഇടനാഴി. പരിസ്ഥിതി സൗഹൃദ ഊർജ പരിവർത്തനത്തിന്റെ ഈ കാലഘട്ടത്തിൽ അപൂർവ മൂലകങ്ങൾക്കും നിർണായക ധാതുക്കൾക്കും ആഗോളതലത്തിൽ വലിയ ആവശ്യകതയാണ് നിലനിൽക്കുന്നത്. മാത്രമല്ല, സൗഹൃദ ഊർജാധിഷ്ഠിത സമ്പദ്വ്യവസ്ഥയുടെ വളർച്ചയോടൊപ്പം ദീർഘകാലം നിലനിൽക്കുന്ന ഘടനാപരമായ ആവശ്യകതയായും ഇത് മാറിക്കഴിഞ്ഞിരിക്കുന്നു. കൊല്ലം തീരമേഖലയിലെ അപൂർവ മൂലകങ്ങളും നിർണായക ധാതുക്കളും അടങ്ങിയ കേരളത്തിന്റെ ധാതുസമ്പത്ത് ലോകോത്തര നിലവാരമുള്ളതാണ്.
ഈ സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി വിഴിഞ്ഞം തുറമുഖം മുതൽ കൊല്ലത്തെ ചവറ വരെയും അവിടെനിന്ന് കൊച്ചി തുറമുഖം വരെയും ബന്ധിപ്പിക്കുന്ന അപൂർവ മൂലക–നിർണായക ധാതു ഇടനാഴി വികസിപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഇതിലൂടെ അപൂർവ മൂലകങ്ങളുടെയും അവയുടെ സംയുക്തങ്ങളുടെയും നിർമാണത്തിന്റെയും നിർണായക ധാതുക്കളുടെ സംസ്കരണത്തിന്റെയും ദേശീയ കേന്ദ്രമായി കേരളത്തെ വളർത്തിയെടുക്കുകയാണ് ലക്ഷ്യം.
നിർദിഷ്ട ഇടനാഴി യാഥാർഥ്യമാകുന്നതോടെ പൊതുമേഖലയിലും സ്വകാര്യമേഖലയിലും വൻതോതിലുള്ള നിക്ഷേപങ്ങൾ ആകർഷിക്കപ്പെടുകയും, വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഇതിനായി ബജറ്റിൽ അനുവദിച്ച 100 കോടി രൂപ അടിസ്ഥാന സ്ഥാപന സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിനും പ്രധാന നിക്ഷേപകരെ ആകർഷിക്കുന്നതിനുമുള്ള പ്രാരംഭ മൂലധനമായാണ് കണക്കാക്കുന്നത്.
►തീരദേശ ധാതുമണൽ
തീരദേശ ധാതുമണലിൽ പൊതുവേ ഇൽമെനൈറ്റ്, റൂട്ടൈൽ, സിർക്കോൺ, സില്ലിമനൈറ്റ്, ഗാർനെറ്റ്, ല്യൂക്കോക്സീൻ, മൊണസൈറ്റ് തുടങ്ങിയ വിലയേറിയ ധാതുക്കൾ അടങ്ങിയിരിക്കുന്നു. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, അമേരിക്ക, സിയറ ലിയോൺ, ബ്രസീൽ, ചൈന, റഷ്യ, മഡഗാസ്കർ, മലേഷ്യ, ഇന്ത്യ, ശ്രീലങ്ക എന്നിവയാണ് തീരദേശ ധാതുക്കളുടെ ലോകത്തിലെ പ്രധാന ഉത്പാദക രാജ്യങ്ങൾ. ഇൽമെനൈറ്റിന്റെയും റൂട്ടൈലിന്റെയും ഉത്പാദനത്തിൽ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ലോകത്ത് ഒന്നാംനിരയിലാണ്.
ഇന്ത്യയിലെ തീരദേശ ധാതുക്കളുടെ പ്രാധാന്യം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽതന്നെ തിരിച്ചറിഞ്ഞിരുന്നു. 1909ൽ ജർമൻ രസതന്ത്രജ്ഞനായ സർ ഹെർ ഷോംബെർഗ്, കേരള-തമിഴ്നാട് തീരങ്ങളിൽനിന്ന് ജർമനിയിലേക്ക് കയറ്റുമതി ചെയ്ത കയർകെട്ടുകൾ സൂക്ഷിച്ചിരുന്ന ഒരു ഗോഡൗണിൽ അടിഞ്ഞുകൂടിയ മണലിൽ തിളങ്ങുന്ന മഞ്ഞനിറത്തിലുള്ള മൊണസൈറ്റ് ധാതുക്കൾ യാദൃച്ഛികമായി കണ്ടെത്തിയതോടെയാണ് ഇന്ത്യയിലെ മൊണസൈറ്റ് നിക്ഷേപങ്ങളുടെ പ്രാധാന്യം ലോകശ്രദ്ധ നേടിയത്. ഇന്ത്യയിലെ പ്രധാന തീരദേശ ധാതുമണൽ നിക്ഷേപങ്ങൾ കേരളത്തിലെ നീണ്ടകര–കായംകുളം മേഖല, തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ മണവാളക്കുറിച്ചി, ഒറീസയിലെ ഛത്രപുർ, ആന്ധ്രപ്രദേശിലെ ബിമൂലിപട്ടണം എന്നിവിടങ്ങളിലാണ്.
ഇന്ത്യ ഗവണ്മെന്റിന്റെ ആറ്റോമിക് മിനറൽസ് ഡയറക്ടറേറ്റ് നടത്തിയ പഠനങ്ങൾ പ്രകാരം രാജ്യത്തെ പ്രധാന ധാതുശേഖരങ്ങൾ- ഇൽമെനൈറ്റ്-348 മില്യൺ ടൺ (ലോക ശേഖരത്തിന്റെ 35%), ഗാർനെറ്റ്-107 മില്യൺ ടൺ; സിർക്കോൺ -21 മില്യൺ ടൺ (ലോക ശേഖരത്തിന്റെ 14%); റൂട്ടൈൽ -18 മില്യൺ ടൺ (ലോക ശേഖരത്തിന്റെ 10%); മൊണസൈറ്റ് - എട്ട് മില്യൺ ടൺ (ലോക ശേഖരത്തിന്റെ 71.4%); സില്ലിമനൈറ്റ്-130 മില്യൺ ടൺ എന്നിങ്ങനെയാണ്.
►കേരളതീരത്തെ ധാതുമണൽ
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ധാതുമണൽ നിക്ഷേപമായ ചവറ നിക്ഷേപം, കൊല്ലം ജില്ലയിലെ നീണ്ടകര മുതൽ കായംകുളം വരെ ഏകദേശം 22 കിലോമീറ്റർ നീളത്തിലും 7.5 മീറ്റർ ആഴത്തിലും ആണ് വ്യാപിച്ചുകിടക്കുന്നത്. അപൂർവ മൂലകങ്ങളും നിർണായക ധാതുക്കളും സമൃദ്ധമായി അടങ്ങിയിരിക്കുന്ന ഈ നിക്ഷേപം ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ തീരദേശ ധാതുമണൽ നിക്ഷേപങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.
ചവറയിലെ ഏഴ് നിർണായക ധാതുക്കൾ
1. ഇൽമെനൈറ്റ് (FeTiO₃): ഇൽമെനൈറ്റ് ടൈറ്റാനിയത്തിന്റെ പ്രധാന അയിരാണ്. ഉയർന്ന കരുത്ത്, ഉയർന്ന താപപ്രതിരോധശക്തി, കുറഞ്ഞ ഭാരം എന്നിവ കാരണം ഇത് വിമാനങ്ങൾ, ബഹിരാകാശ വാഹനങ്ങൾ, മിസൈലുകൾ, നാവിക കപ്പലുകൾ, മെഡിക്കൽ ഇംപ്ലാന്റുകൾ തുടങ്ങി നിരവധി അത്യാധുനിക മേഖലകളിൽ വ്യാപകമായി ഉപയോഗിക്കുന്നു.
2. റൂട്ടൈൽ (TiO₂): ലോകത്തിലെ ഏറ്റവും ഉയർന്ന നിലവാരമുള്ള റൂട്ടൈൽ നിക്ഷേപം ചവറയിലാണ്. ഇതിൽ ഏകദേശം 98% TiO₂ അടങ്ങിയിരിക്കുന്നു. ടൈറ്റാനിയം ലോഹനിർമാണത്തിനും വെൽഡിംഗ് ഇലക്്ട്രോഡുകൾ ഉൾപ്പെടെയുള്ള വ്യാവസായിക ആവശ്യങ്ങൾക്കും റൂട്ടൈൽ പ്രധാന അസംസ്കൃത വസ്തുവാണ്.
3. സിർക്കോൺ (ZrSiO₄): സെറാമിക്, ഇലക്ട്രോണിക്സ്, പ്രത്യേക വ്യാവസായിക ഉത്പന്നങ്ങൾ, ഉയർന്ന താപനിലയെ പ്രതിരോധിക്കുന്ന റിഫ്രാക്ടറി ഉത്പന്നങ്ങൾ, എന്നിവയുടെ നിർമാണത്തിൽ നിർണായക പങ്ക് വഹിക്കുന്ന ധാതു.
4. സില്ലിമനൈറ്റ് (Al₂SiO₅): ഉയർന്ന താപനിലയിൽ സ്ഥിരത പുലർത്തുന്ന അലുമിനിയം സിലിക്കേറ്റ് ധാതു. ഉയർന്ന നിലവാരമുള്ള റിഫ്രാക്ടറികൾ, സെറാമിക് ഉത്പന്നങ്ങൾ, ഗ്ലാസ് ഫൈബർ നിർമാണം എന്നിവയിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നു.
5. ഗാർനെറ്റ്: വാട്ടർജെറ്റ് കട്ടിംഗ്, സാൻഡ്ബ്ലാസ്റ്റിംഗ്, ജലശുദ്ധീകരണ സംവിധാനങ്ങളിലെ ഫിൽട്ടറുകൾ എന്നിവയിൽ പ്രധാനമായും ഇത് ഉപയോഗിക്കുന്നു. ഇത് ചെറിയ അളവിൽ മാത്രമേ ഇവിടെ കാണപ്പെടുന്നുള്ളൂ.
6. ല്യൂകോക്സീൻ: ഇൽമെനൈറ്റിന്റെ പരിവർത്തിത രൂപമായ ല്യൂകോക്സീനിൽ ഏകദേശം 75% TiO₂ അടങ്ങിയിരിക്കുന്നു. ഈ ധാതു ടൈറ്റാനിയം ലോഹത്തിന്റെയും ടൈറ്റാനിയം പിഗ്മെന്റുകളുടെയും നിർമാണത്തിന് പ്രധാന അസംസ്കൃത വസ്തുവാണ്.
7. മോണസൈറ്റ്: ചവറയുടെ പൊൻതൂവലായ തന്ത്രപ്രധാന ധാതു. അപൂർവ മൂലകങ്ങളുടെയും തോറിയത്തിന്റെയും, ചെറിയ അളവിൽ യുറേനിയത്തിന്റെയും സങ്കീർണ ഫോസ്ഫേറ്റ് ധാതു. ചവറയിലെ നിക്ഷേപത്തിൽ ഏകദേശം ഒന്ന്-രണ്ട് ശതമാനം വരെ മോണസൈറ്റ് അടങ്ങിയിരിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന അപൂർവ മൂലകങ്ങൾ പ്രധാനമായും ലാന്തനൈഡ് ശ്രേണിയിലെ 15 മൂലകങ്ങളും, യിട്രിയം, സ്കാൻഡിയം എന്നിവയും ഉൾക്കൊള്ളുന്നതാണ്. മോണസൈറ്റിന് അതീവ ഉയർന്ന വാണിജ്യ-തന്ത്രപ്രധാന മൂല്യമുണ്ട്. ഇലക്്ട്രോണിക്സ്, സൂപ്പർ കണ്ടക്ടറുകൾ, ഹൈഡ്രജൻ സംഭരണ സാങ്കേതികവിദ്യ, വൈദ്യശാസ്ത്രം, ആണവ റിയാക്ടറുകൾ തുടങ്ങി നിരവധി അത്യാധുനിക മേഖലകളിൽ ഇവ നിർണായക പങ്ക് വഹിക്കുന്നു.
മോണസൈറ്റിൽനിന്ന് വേർതിരിച്ചെടുക്കുന്ന തോറിയം ഇന്ത്യയുടെ ത്രിതല ആണവോർജ പദ്ധതിയുടെ നിർണായക അസംസ്കൃത വസ്തുവാണ്. ലോകത്തിലെ ആകെ തോറിയം ശേഖരത്തിന്റെ ഏകദേശം 25 ശതമാനവും ഇന്ത്യയിലാണുള്ളത്, അതിൽ ഗണ്യമായ ഒരു വിഹിതം കേരളത്തിലെ തീരദേശ നിക്ഷേപങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. ഈ അസാധാരണമായ ധാതുസമ്പത്ത് ചവറയെ ഇന്ത്യയുടെ ഊർജസുരക്ഷയ്ക്കും ആണവോർജ വികസനത്തിനും അപൂർവ മൂലകങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭാവി സാങ്കേതികവിദ്യകളുടെ വളർച്ചയ്ക്കും അതീവ തന്ത്രപ്രധാനമായ പ്രദേശമാക്കി മാറ്റുന്നു.
►ചവറയിലെ ധാതുസമ്പത്ത്
ഈ നിക്ഷേപത്തിൽ ഏകദേശം 131 ലക്ഷം ടൺ ഇൽമെനൈറ്റ്, 24.4 ലക്ഷം ടൺ സില്ലിമനൈറ്റ്, 10 ലക്ഷം ടൺ റൂട്ടൈൽ, 10 ലക്ഷം ടൺ സിർക്കോൺ, 1.8 ലക്ഷം ടൺ മോണസൈറ്റ്, 4.35 ലക്ഷം ടൺ ല്യൂകോക്സീൻ, 10,000 ടൺ ഗാർനെറ്റ് എന്നിവ അടങ്ങിയിരിക്കുന്നു.
കേരളത്തിലെ ധാതുസംസ്കരണ വ്യവസായങ്ങൾ:
1. ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡ്: 1970ൽ ആണവോർജ വകുപ്പിന്റെ കീഴിൽ പ്രവർത്തനമാരംഭിച്ച ഈ പൊതുമേഖലാ സ്ഥാപനം കേരളത്തിന്റെ തീരപ്രദേശങ്ങളിലെ മണലിൽനിന്ന് ധാതുക്കൾ ഖനനം ചെയ്യുകയും അവയിൽനിന്ന് മോണസൈറ്റ് ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള ധാതുക്കൾ വേർതിരിച്ചെടുക്കുകയും ചെയ്യുന്നു.
2. കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്: 1972ൽ സ്ഥാപിതമായ ഈ സംയോജിത ടൈറ്റാനിയം ഡയോക്സൈഡ് നിർമാണശാല, ചവറയിലെ ഇൽമെനൈറ്റിൽ നിന്ന് TiO2 പിഗ്മെന്റ് ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ പ്രധാന വ്യവസായ സ്ഥാപനങ്ങളിലൊന്നാണ്.
3. റെയർ എർത്ത് എലമെന്റ് പ്ലാന്റ്, ആലുവ: 1952ൽ സ്ഥാപിതമായ ഈ സ്ഥാപനം ഇന്ത്യയിലെ ആദ്യത്തെ അപൂർവ മൂലകങ്ങളും തോറിയവും ധാരാളമായി അടങ്ങിയ മോണസൈറ്റ് സംസ്കരിച്ച് പ്രധാനമായും റെയർ എർത്ത് ഓക്സൈഡുകൾ ഉൽപാദിപ്പിക്കുന്നു. ഇലക്്ട്രോണിക്സ്, ഊർജം, പ്രതിരോധം, മെഡിക്കൽ സാങ്കേതികവിദ്യ തുടങ്ങി നിരവധി മേഖലകളിൽ ഈ ഉത്പന്നങ്ങൾക്ക് വ്യാപകമായ വാണിജ്യപ്രാധാന്യമുണ്ട്.
4. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ്, കൊച്ചി: 1989ൽ സ്ഥാപിതമായ ഈ സ്വകാര്യസ്ഥാപനം ഇൽമെനൈറ്റിൽ നിന്ന് സിന്തറ്റിക് റൂട്ടൈൽ ഉത്പാദിപ്പിക്കുന്ന ഫെറിക് ക്ലോറൈഡ്, ഫെറസ് ക്ലോറൈഡ് എന്നിവയുൾപ്പെടെയുള്ള ധാതു-അധിഷ്ഠിത രാസവസ്തുക്കളും ഇവിടെ നിർമിക്കുന്നു.
5. ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ്, തിരുവനന്തപുരം: 1950കളിൽ പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം TiO2 പിഗ്മെന്റിന്റെ ഉത്പാദനത്തിൽ രാജ്യത്തെ മുൻനിര വ്യവസായ സ്ഥാപനങ്ങളിലൊന്നാണ്.നിലവിൽ പ്രവർത്തിക്കുന്ന ഈ വ്യവസായങ്ങൾ പ്രധാനമായും തീരദേശത്തുള്ള ധാതുനിക്ഷേപങ്ങളാണ് സംസ്കരിക്കുന്നത്. എന്നാൽ , ഓരോ മൺസൂൺ കാലത്തും കടൽതിരകൾ വൻതോതിൽ ധാതുമണൽ തീരങ്ങളിൽ നിക്ഷേപിക്കപ്പെടുന്നുണ്ട്. പക്ഷേ, തീരശോഷണം, തീരദേശ ആവാസവ്യവസ്ഥയുടെ നാശം, ജൈവവൈവിധ്യ നഷ്ടം തുടങ്ങിയ പരിസ്ഥിതി പ്രത്യാഘാതങ്ങൾ ഉണ്ടാകാതിരിക്കാൻ ഇത്തരം ധാതുമണലിന്റെ ശേഖരണവും ഖനനവും അതീവ ശാസ്ത്രീയവും പരിസ്ഥിതി സൗഹൃദവുമായ രീതിയിൽ നടത്തേണ്ടതുണ്ട്. അതോടൊപ്പം, കേരളത്തിന്റെ തീരദേശ ധാതുസമ്പത്തിന്റെ പരമാവധി പ്രയോജനം ഉറപ്പാക്കുന്നതിനായി നിലവിലുള്ള വ്യവസായങ്ങളുടെ വികസനവും ആധുനികവത്കരണവും അടിസ്ഥാനസൗകര്യങ്ങളിലേക്കുള്ള കൂടുതൽ നിക്ഷേപവും ധാതുമണൽ ഇടനാഴി വികസിപ്പിക്കുന്നതിനുള്ള ദീർഘകാല പദ്ധതികളും അനിവാര്യമാണ്.
(തുടരും)
Tags : MineralSandCorridor NewEra Knowledge KeralaEconomy Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash